Saturday, March 02, 2019


ഉത്തരകാശി

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നായ ഉത്തരകാശി, ഋഷികേശിൽ നിന്നും 154 KM ദൂരത്ത്, ഋഷികേശ് - ഗംഗോത്രി മെയിൻ റോഡിൽ, സമുദ്ര നിരപ്പിൽ നിന്ന് 1352 മീറ്റർ ഉയരത്തിൽ, സ്ഥിതിചെയ്യുന്നു. കാശിയെപ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു പുണ്യസ്ഥലമാണ് ഉത്തരകാശി. ഗംഗയുടെ തീരത്ത് തന്നെയാണ് രണ്ട് കാശിയും സ്ഥിതി ചെയ്യുന്നത്. വരുണാ, അസി നദികൾ ഇത് വഴിയും ഒഴുകുന്നുണ്ട്. കാശിയിലെപ്പോലെ മണികർണികഘട്ട് ഉത്തരകാശിയിലും കാണപ്പെടുന്നു. രണ്ട് കാശിയിലും വിശ്വനാഥക്ഷേത്രവും ഉണ്ട്.

ഉത്തരകാശിയിൽ ഗംഗ ഭാഗീരഥിയാണ്
യമുനോത്രി ദർശനം കഴിഞ്ഞു ഗംഗോത്രിയിലേക്കുള്ള യാത്രയിലാണ് ഉത്തരകാശിയിൽ എത്തിയത്. ചാർധാം യാത്ര പ്ളാൻ ചെയ്തപ്പോഴേ രണ്ട് ദിവസം ഇവിടെ താമസിക്കണം എന്ന് തീരുമാനിച്ചിരുന്നു. ബാർക്കോട്ടിൽ നിന്നാണ് രാവിലെ യാത്ര തിരിച്ചത്, വൈകുന്നേരം നാല് മണി ആയപ്പോൾ ഉത്തരകാശിയിൽ എത്തി. ഇവിടെ  എത്തിയപ്പോൾ തന്നെ നന്നേ ക്ഷീണിച്ചു പോയി. സൂര്യൻ കത്തി ജ്വലിക്കുകയാണ്. മുറിയിലേയ്ക്കു കയറാൻ വയ്യ,  ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ഹരിദ്വാർ കഴിഞ്ഞാൽ എസി മുറികൾ ഇല്ലെന്നു തന്നെ പറയാം. വളരെ അപൂർവമായി ശ്രീനഗർ പോലുള്ള പട്ടണങ്ങളിൽ മാത്രം എസി ഫിക്സ് ചെയ്ത മുറികൾ കാണപ്പെടുന്നു.

പൈൻ, ഓക്ക്, ദേവദാരു മരങ്ങൾ നിറഞ്ഞ കാടുകൾ, ഒരു മഴ പെയ്താൽ ഇടിയുന്ന ഉറപ്പിലാത്ത മലനിരകൾ, തക്കാളി, കോളിഫ്ളവർ, കാബേജ്, തുടങ്ങിയ പച്ചക്കറികൾ നിറഞ്ഞ കൃഷിയിടങ്ങൾ, നദികൾ, ആശ്രമങ്ങൾ, ധർമ്മശാലകൾ, ക്ഷേത്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഈ പട്ടണം.

ഉത്തരകാശി - ഒരു വിദൂര ദൃശ്യം 
ഹോട്ടലിലെ മുറിയിൽ നിന്ന് നോക്കിയാൽ ഗംഗയെ കാണാം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. മോക്ഷ പ്രദായിനിയാണ്. ഗംഗോത്രിയിൽ നിന്ന് ഒഴുകി വരുന്ന ഗംഗ ഉത്തരകാശിയിലെത്തുമ്പോൾ ദിശ മാറി തിരിച്ച് ഒഴുകുന്നു. ഗംഗയിൽ നിന്ന് വരുന്ന കാറ്റ് ശരീരത്തിനേയും മനസ്സിനേയും ഒട്ടും തണുപ്പിക്കുന്നില്ല. ഇരുവശവും അംബരചുംബികളായ പർവതനിരകളുടെ ഇടയിലൂടെയാണ് ഭാഗീരഥിയുടെ ഈ വരവ്. കളിമണ്ണും പാറക്കഷണങ്ങളും ചേർന്നുണ്ടായ മലനിരകളാണ്‌ ഇവയെല്ലാം, ഒട്ടും ഉറപ്പില്ല. അതിനാൽ മലയിടിച്ചിലുകൾ സാധാരണമാണ്.  ആർത്തലച്ച് വരുന്ന ഭാഗീരഥിയുടെ ശബ്ദം ഉത്തരകാശിയിൽ എവിടെ നിന്നാലും കേൾക്കാം.

ഭാഗീരഥി
ഗംഗോത്രിയിലേക്കുള്ള യാത്രാമദ്ധ്യേയായതിനാൽ ധാരാളം സഞ്ചാരികൾ ഉത്തരകാശിയിൽ  എത്താറുണ്ട്. അഞ്ചുമണി കഴിഞ്ഞപ്പോൾ കുളിച്ച് ഫ്രഷ്‌ ആയി വിശ്വനാഥക്ഷേത്രത്തിലേക്ക് നടന്നു. അതിപുരാതനമായ ഒരു ക്ഷേത്രമാണ്  ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രം. സ്വയംഭൂശിവലിംഗമാണ്‌  ഇവിടുള്ളതെന്ന് പറയപ്പെടുന്നു. ശിവലിംഗത്തിന് 60 cm  ഉയരവും
90 cm ചുറ്റളവും ഉണ്ട്.

വിശ്വനാഥ ക്ഷേത്രം
ഇവിടെ വിശ്വനാഥന് സമാധാനം കിട്ടുന്നുണ്ട്‌. വാരണാസിയിലേത്  പോലെ ജനങ്ങളുടെ ഉന്തും തള്ളുമില്ല, പാണ്ഡകളുടെ പിടിച്ച്പറിയില്ല, അഭിഷേകത്തിനും അർച്ചനകൾക്കും തിരക്കില്ല, മറ്റ് യാതൊരു ബഹളങ്ങളുമില്ല... ഭഗവാൻ സസുഖം ധ്യാനത്തിൽ കഴിയുന്നു. വന്ദ്യവയോധികനായ ഒരു ബ്രാഹ്മണൻ മാത്രം പൂജകൾ ചെയ്യുന്നു. അതിന്റെ ഐശ്വര്യം ആ ശിവലിംഗത്തിൽ കാണുവാനുണ്ട് . ചൈതന്യം നിറഞ്ഞു തുളുമ്പുകയാണ്. ആ സന്നിധിയിൽ നിന്ന് മാറുവാനോ അവിടം വിട്ടു പോരുവാനോ തോന്നുകയില്ല. ആ അഭൗമതേജസ്സ് മനസ്സിൽ നിന്നും ഒരിയ്ക്കലും മാഞ്ഞു പോകുകയില്ല.

വിശ്വനാഥ ക്ഷേത്രം
വിശ്വനാഥനെ അങ്ങനെ തൊഴുതു നിന്നപ്പോൾ  ശ്രീശങ്കരാചാര്യരുടെ ഒരു ശ്ളോകം മനസ്സിലേക്കോടിയെത്തി.

പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുഞ്ജയ
സ്തോത്രോധ്യാനനതിപ്രദക്ഷിണസപര്യാലോകനാകർണനേ
ജിഹ് വാചിത്തശിരോfങ്ഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാർഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹൂർമാമേവ മാ മേfവച:

മൃത്യുഞ്ജയനായ ഭഗവാനേ, അപ്രതീക്ഷിത വിപത്തുകളിൽ നിന്നും മോചനവും
ഭവത് സാമീപ്യമാകുന്ന ഐശ്വര്യവും ലക്ഷ്യമാക്കുന്ന ഞാൻ, എന്റെ നാവിനാൽ സ്തോത്ര പാരായണം, ചിത്തത്താൽ ധ്യാനം, ശിരസ്സിനാൽ നമസ്കാരം, പാദയുഗ്മത്താൽ പ്രദക്ഷിണം, കരയുഗ്മത്താൽ അർച്ചന, അന്തർനേത്രത്താൽ ഭാവത്സ്വരൂപ ദർശനം, ശ്രോത്രങ്ങളാൽ
ഭഗവത്ചരിത്രാകർണനം  എന്നിവ മാത്രം പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന എന്റെ ഈ സ്ഥിതി നിശ്ചയം ചെയ്യപ്പെട്ടാലും. ഇടതടവില്ലാതെ ഭവത് സേവയെ പ്രേരിപ്പിക്കുന്ന ആജ്ഞകൾ എന്നിലേക്കയച്ചാലും. എന്നോടായിട്ട് ആജ്ഞാപിക്കാത്ത അവസ്ഥ അങ്ങിൽ നിന്നും ഒരിക്കലും ഉണ്ടാകരുതേ...!
വിശ്വനാഥലിംഗം
വിശ്വനാഥക്ഷേത്രത്തിന്റെ എതിർവശത്ത്  ശക്തിക്ഷേത്രം സ്ഥിതി ചെയ്യുന്നു. വളരെ വലിയ ഒരു ത്രിശൂലം ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ത്രിശൂലത്തിന്റെ മുകൾഭാഗം ഇരുമ്പ് കൊണ്ടും അടിഭാഗം ചെമ്പുകൊണ്ടും നിർമ്മിച്ചിരിക്കുന്നു. ഏകദേശം 7.8 മീറ്റർ ഉയരം ഈ ത്രിശൂലത്തിന് കണക്കാക്കുന്നു.

ത്രിശൂലത്തിന്റെ അടിഭാഗം
ഈ ത്രിശൂലം ദേവാസുരയുദ്ധത്തിന് ശേഷം കാളീമാതാ സ്ഥാപിച്ചതാണെന്നും വാകാസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ സ്ഥാപിച്ചതാണെന്നും രണ്ട് അഭിപ്രായം ഇവിടെ കേൾക്കുന്നുണ്ട്. ഭൂമികുലുക്കത്തിൽ ശക്തി ക്ഷേത്രം തകർന്ന് പോയപ്പോഴും ത്രിശൂലത്തിന് മാത്രം യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന് തദ്ദേശവാസികൾ പറയുന്നു.

ത്രിശൂലത്തിന്റെ മുകൾഭാഗം
മഹർഷിമാരുടേയും സിദ്ധന്മാരുടെയും സന്യാസിമാരുടെയും തപസ്ഥലമാണ് ഉത്തരകാശി. തപോവന സ്വാമികളുടെ തപോവനാശ്രമം തൊട്ടടുത്ത്‌ തന്നെ. ശിവാനന്ദാശ്രമം, കൈലാസാശ്രമം, ചിന്മയാനന്ദാശ്രമം തുടങ്ങി ധാരാളം ആശ്രമങ്ങൾ ഭാഗീരഥി നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.

പരശുരാമക്ഷേത്രം, ഭൈരവക്ഷേത്രം, അന്നപൂർണക്ഷേത്രം തുടങ്ങി ധാരാളം ക്ഷേത്രങ്ങൾ ഉത്തരകാശിയിലുണ്ട് . മകരസംക്രാന്തിദിനങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഒരാഴ്ച നീണ്ടു നില്ക്കുന്ന 'മാഘമേള'യാണ്  ഉത്തരകാശിയിലെ പ്രധാന ഉത്സവം.

വിശ്വനാഥ ക്ഷേത്രം
ഗണപതി ഭഗവാന്റെ ജനനവുമായ് ബന്ധപ്പെട്ട 'ഡോഡി ശുദ്ധജല തടാകം' ഉത്തരകാശിയിൽ നിന്ന്  32 KM ദൂരത്തായി, സമുദ്ര നിരപ്പിൽ നിന്ന്  3024 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു. കേദാർനാഥ്  ക്ഷേത്ര താഴ്വരയിലുള്ള ഗൌരികുണ്ഡ്  എന്ന സ്ഥലത്തിനും  ഗണപതിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട  കഥ തന്നെയാണ് പറയുവാനുള്ളത്. ഉത്തരകാശിയിലെ വാലഖില്യ പർവതങ്ങളിൽ നചികേതസ്സിന്റെ നാമത്തിൽ അറിയപ്പെടുന്ന 'നചികേത തടാകം' സ്ഥിതി ചെയ്യുന്നു. കൈലാസ താഴ്വരയിലുള്ള യമദ്വാറിൽ എത്തി യമദേവനിൽ നിന്ന്  'ബ്രഹ്മവിദ്യ' മനസിലാക്കിയ നചികേതസ്സ് എന്ന പുണ്യാത്മാവിന്റെ തപസ്ഥലം കൂടിയാണിത്.

മതിയാവോളം 'വിശ്വനാഥനെ' ദർശിച്ച്, അതിരാവിലെ തന്നെ ഉത്തരകാശിയിൽനിന്ന് 'ഗംഗോത്രി ' ലക്ഷ്യമാക്കി, ഞങ്ങളുടെ കാർ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങി...

റഫറൻസ് - ശിവാനന്ദലഹരി [ഭാഷ്യം - ഡോ.സുരേന്ദ്രൻ]

Sunday, December 8, 2013

ഹർ കി പൗഡി

ഹരിദ്വാറിലെ പ്രസിദ്ധമായ 'ഹർ കി പൗഡി' അഥവാ ബ്രഹ്മകുണ്ഡ് . ഗംഗയിലെ ഈ സ്നാനഘട്ട് അതിപുരാതനവും പരിപാവനവുമാണ്. രാജാവിക്രമാദിത്യനാണ് ഈ സ്നാനഘട്ട് പുനർനിർമ്മാണം നടത്തിയതെന്നു പറയപ്പെടുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടേയും ആറ് വർഷത്തിലൊരിക്കൽ നടത്തുന്ന അർദ്ധ കുംഭമേളയുടേയും സ്നാനഘട്ടാണിത്. ഈ ബ്രഹ്മകുണ്ഡിൽ സ്നാനം നടത്തുവാൻ മാത്രം ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനസഹസ്രങ്ങൾ ഇവിടെ എത്താറുണ്ട്.


 ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭൂതി സൃഷ്ടിച്ച സ്നാനഘട്ടാണിത്. സ്നാന ഘട്ട് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചാർധാം യാത്രയുടെ ഭാഗമായാണ് ഹരിദ്വാറിൽ എത്തിയത്. നേരേ 'ഹർ കി പൗഡി'യിലേക്ക് വന്നു. ഗംഗ ആദ്യമായി കാണുകയാണ്. മനസ്സിൽ പ്രാർത്ഥനകൾ മാത്രം. എല്ലാ ദിവസവും വൈകുന്നേരം നടത്താറുള്ള ഗംഗ ആരതി കാണുവാൻ വേണ്ടിയാണ് ഓടി എത്തിയത്. പക്ഷെ  ഈ ഗംഗയും സ്നാനഘട്ടും വൃത്തിയുള്ള പരിസരവും കണ്ടപ്പോൾ സഹിച്ചില്ല. വസ്ത്രം മാറി തോർത്തുമുടുത്ത് കൊണ്ട് വെള്ളത്തിലേക്ക് ചാടി, ഒരു നിമിഷം പോലും എടുത്തില്ല, ചാടിയത് പോലെ തിരിച്ച് കയറേണ്ടി വന്നു. നനഞ്ഞ ശരീരഭാഗങ്ങൾ മുഴുവൻ തണുത്ത് മരവിച്ച് പോയി. ഇതെല്ലാം കണ്ട് കൊണ്ടിരുന്ന മാർവാഡി പെണ്ണുങ്ങൾ ശരീരമാസകലമിളക്കി ചിരി തുടങ്ങിക്കഴിഞ്ഞിരുന്നു. നമ്മളിതൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ പടികളിൽ കയറി പല്ലുകളും കടിച്ച് പിടിച്ച്, ശരീരത്തിന്റെ വിറയൽ മാറ്റുവാനുള്ള വഴികളുമാലോചിച്ചിരുന്നു.


പത്തു മിനിട്ട് കഴിഞ്ഞു വീണ്ടും ഇറങ്ങിയപ്പോൾ അത്രയും തണുപ്പ് അനുഭവപ്പെട്ടില്ല. പക്ഷെ തിരിച്ചു കയറാൻ തോന്നിയില്ല. പിതൃശ്രാദ്ധ കർമ്മത്തിന് വേണ്ടി പാണ്ഡ വിളിച്ചപ്പോഴാണ് കരയിലേക്കു കയറിയത്. ശ്രാദ്ധത്തിന് ശേഷം വീണ്ടും സ്നാനഘട്ടിലിറങ്ങി പത്ത് മിനിട്ടോളം വെള്ളത്തിൽ കിടന്നു കാണും. ഗംഗാദേവിയും പരിവാരങ്ങളും വരുവാനുള്ള സമയമായതിനാൽ കുളിച്ച് കയറി, ആരതി കാണുവാൻ പറ്റിയ സൌകര്യ പ്രദമായ ഒരു സ്ഥലത്ത്,  ജീവിതത്തിൽ വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള ആ അസുലഭ മുഹൂർത്തത്തിനായി ഞങ്ങൾ കാത്തിരുന്നു.


എല്ലാദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം ഹർ കി പൗഡിയിൽ നടക്കുന്ന പ്രധാന ചടങ്ങാണ് ഗംഗാ ആരതി. പതിനായിരങ്ങൾ സ്നാനഘട്ടിന്റെ ഇരു കരയിലും ഇത് കാണുവാൻ വേണ്ടി മാത്രം എത്താറുണ്ട്. ഗംഗാദേവിയുടെ മനോഹരമായ വിഗ്രഹത്തിന് മുന്നിലാണ് ആരതി അരങ്ങേറുക. കാശിയിലെ ദശാശ്വമേധഘട്ടിനെപ്പോലയോ, ഒരു പക്ഷേ അതിനു മേലയോ പ്രാധാന്യം ഈ സ്നാനഘട്ടിനു കൽപ്പിക്കുന്നുണ്ട്. പാലാഴിമഥനത്തിൽ നിന്ന് കിട്ടിയ അമൃത് ഒരു തുള്ളി ഇവിടെ വീണതായും മഹാവിഷ്ണുവും പരമേശ്വരനും ഈ ബ്രഹ്മകുണ്ഡ് സന്ദർശിച്ചതായും ഐതീഹ്യം വ്യക്തമാക്കുന്നുണ്ട് . മഹാവിഷ്ണുവിന്റെ പാദങ്ങൾ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു പാറയും ഇവിടെ കാണാം. ഇവിടെ സ്നാനം ചെയ്യുന്നവർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുമെന്ന ഒരു വിശ്വാസവും ഉണ്ട്.


ഗംഗാ പൂജയും ഗംഗാ ആരതിയും തുടങ്ങിക്കഴിഞ്ഞു. നൂറു കണക്കിന് ദീപവുമായി ഗംഗാ ദേവിയെ ആരാധിക്കുന്ന ഈ കാഴ്ച അവർണ്ണനീയമാണ്. തെരുവ് വിളക്കുകൾ എല്ലാം കെടുത്തി കഴിഞ്ഞതിനാൽ ഈ സ്നാന ഘട്ട് ദീപങ്ങളുടെ പ്രഭയിൽ മുങ്ങി നില്ക്കുകയാണ്.


ഭക്തിനിർഭരമായിക്കഴിഞ്ഞു ഇരു കരകളും. ബാബാമാരും, പാണ്ഡകളും ഭക്തരും, കോളാമ്പിയിലൂടെ വരുന്ന ഗംഗാ സ്തുതികളും അന്തരീക്ഷത്തിലെ മണിയൊച്ചകളും മന്ത്രധ്വനികളും കത്തിയെരിയുന്ന പന്തങ്ങളും, ഗംഗയിലൂടെ ഒഴുക്കിവിട്ട മണ്‍ചിരാതിലെ ദീപങ്ങളും എല്ലാം ഒരു മായികാ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ മനോഹര കാഴ്ച വർഷങ്ങളോളം മനസ്സിൽ നിന്ന് മായുകയില്ല.

ഹരിദ്വാറിലും ഋഷികേശിലും കാശിയിലുമാണ് ഗംഗാ ആരതി നടക്കാറുള്ളത്. ഈ മൂന്നു ആരതികളും  വ്യത്യസ്തമാണ്. കാശിയിലെ ഗംഗാ ആരതിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഈ ഗംഗാപൂജയും ഗംഗാ ആരതിയുമാണ്.

ഒരുപാടു കാലം മനസിൽ സൂക്ഷിച്ച് വയ്ക്കുവാൻ ലഭിച്ച ഈ മനോഹര മുഹൂർത്തവുമായി, ഗംഗയുടെ ഭംഗി ആസ്വദിക്കുവാൻ വേണ്ടി, ആൾക്കൂട്ടത്തിലലിഞ്ഞ് , മറുകര ലക്ഷ്യമാക്കി ഞാൻ നടന്നു.

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പ് :


Wednesday, December 4, 2013

മംഗള ഗൌരി ക്ഷേത്രം, ഗയ

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നായ മംഗള ഗൌരി ക്ഷേത്രം ഗയ നഗരത്തിന് സമീപം, ഫാൽഗുനി നദിക്കരയിൽ, കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്നു. ശ്രീശങ്കരാചാര്യരുടെ അഷ്ടദശ ശക്തിപീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, പത്മപുരാണം, വായുപുരാണം, അഗ്നിപുരാണം എന്നിവയിൽ പരാമർശിക്കുന്നുണ്ട്.


ഈ ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സതീദേവിയുടെ വക്ഷസ്സ്  വീണ സ്ഥലമാണിതെന്ന് കരുതുന്നു. അതിന്റെ സൂചകമെന്നോണം രണ്ട് ഉരുണ്ട കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. 'പാലനപീഠം' എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഏകദേശം 200 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ.


പതിനെട്ടു ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശക്തിപീഠങ്ങളിൽ ഒന്നാണിത്. കാമാഖ്യയിലെ കാമരൂപിണി [സൃഷ്ടി], ഗയയിലെ മംഗള ഗൌരി [സ്ഥിതി] , ഉജ്ജയിനിലെ മഹാകാളി [സംഹാരം] എന്നിവയാണ് ആ  മൂന്നു ശക്തിപീഠങ്ങൾ.



ചെറിയ ഒരു ക്ഷേത്രമാണിത്. ഒരേ സമയം മൂന്ന് നാല്  ഭക്തർക്ക്‌ മാത്രമേ അകത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. അതിശക്തമായ ഊർജ്ജ പ്രഭാവം ഇവിടെ അനുഭവിക്കാൻ കഴിയും.

ക്ഷേത്രത്തിലെ ജനാർദ്ദന സന്നിധിയിൽ, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ശ്രാദ്ധം ചെയ്യുവാൻ കഴിയും. തന്റെ മരണശേഷം ശ്രാദ്ധം ചെയ്യുവാൻ ആരും ഇല്ലാതിരിക്കുന്നവർക്കു ഇത്
ഗുണപ്രദമാണ്.  ശിവൻ, ഗണപതി, കാളിമാതാ സന്നിധികളും ഇവിടെയുണ്ട്.




മാധവേശ്വരി ക്ഷേത്രം, പ്രയാഗ്

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നായ ആലോപി മാതാ ക്ഷേത്രം പ്രയാഗിലെ ത്രിവേണി സംഗമത്തിനടുത്തായി നിലകൊള്ളുന്നു. ആലോപി മാതാ, മാധവേശ്വരി എന്ന പേരിലും
അറിയപ്പെടുന്നുണ്ട്. സതീദേവിയുടെ കൈവിരലുകൾ വീണ സ്ഥലമാണിതെന്ന് കരുതുന്നു.


ദേവിയുടെ ശരീരത്തിന്റെ അവസാന ഭാഗം ഇവിടെ വീഴുകയും ആ ശരീരം ഭൂമിയിൽ നിന്ന്
അപ്രത്യക്ഷമായത് ഇവിടായതുകൊണ്ടും ഈ സ്ഥലത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.


ഇവിടെ ദേവിയുടെ പ്രതിഷ്ഠയില്ല. പകരം സമചതുരത്തിലുള്ള ഒരു പീഠത്തിന് മേലെ, തടി കൊണ്ടുള്ള ഒരു തൊട്ടിൽ തൂക്കിയിട്ടിരിക്കുന്നു. ഭക്തർ ഈ തൊട്ടിലിനെയാണ് ഇവിടെ ആരാധിക്കുന്നത്. പക്ഷേ പീഠത്തിനുള്ളിൽ അതിശക്തമായ ശ്രീചക്രം പ്രതിഷ്ഠിച്ചിട്ടുണ്ട്.


നവരാത്രി ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. തേങ്ങയും ചുവന്ന വസ്ത്രവുമാണ് ദേവിയ്ക്ക് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. ശ്രീശങ്കരാചാര്യരുടെ അഷ്ടദശ ശക്തിപീഠങ്ങളിൽ ഒന്നാണീ ക്ഷേത്രം.

No comments: