Saturday, March 23, 2019

വാഗ്ഭട ചരിതം

Tuesday 19 March 2019 4:31 am IST
ബ്രാഹ്മണരുടെ കൈവശമുണ്ടായിരുന്ന  വൈദ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം ഒരിക്കല്‍ മുഹമ്മദീയര്‍ ആക്രമിച്ച് കൈക്കലാക്കി. ഗ്രന്ഥങ്ങളില്ലാതായതോടെ വൈദ്യം അഭ്യസിപ്പിക്കുന്നവരും അഭ്യസിക്കുന്നവരും ഇല്ലാതായി. 
അസുഖം വന്നാല്‍ മുഹമ്മദീയരെ കണ്ട് അവര്‍ പറയുന്നതു പോലെ ചെയ്യേണ്ട ഗതികേടിലായി. ബ്രാഹ്മണര്‍ക്ക് ഇത് ഏറെ സങ്കടകരമായിരുന്നു. അവരെല്ലാം കൂടി പരദേശത്ത് ഒരിടത്ത് സംഘടിച്ച്, ഈ ദുരവസ്ഥ മാറാന്‍ എന്തു ചെയ്യണമെന്ന്   ആലോചിച്ചു. 
മുഹമ്മദീയരെ ജയിച്ച് ഗ്രന്ഥങ്ങള്‍ കൈക്കലാക്കാനുള്ള കരുത്തൊന്നും നമുക്കില്ല. അവരാണെങ്കില്‍ സ്വജാതിയില്‍ പെട്ടവരെയല്ലാതെ വൈദ്യം പഠിപ്പിക്കില്ല. അതിനാല്‍ ആരെങ്കിലും മുഹമ്മദീയ വേഷം ധരിച്ച്  നല്ല വൈദ്യനായൊരു മുഹമ്മദീയനില്‍ നിന്ന് ഉപായത്തില്‍ പഠിച്ചുവരണം. അതാണ് പോംവഴിയെന്ന് അവര്‍ സംഘടിതമായി തീരുമാനമെടുത്തു. 
അതിന് ആരാണ് പോകേണ്ടതെന്നായി അടുത്ത ആലോചന. അതിന് വാഗ്ഭടനോളം ബുദ്ധിയും സാമര്‍ഥ്യവുമുള്ള ആരുമില്ലെന്നായിരുന്നു എല്ലാവരുടേയും അഭിപ്രായം. വാഗ്ഭടനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരുടേയും അനുഗ്രഹമുണ്ടെങ്കില്‍ എനിക്കത് സാധ്യമാകുമെന്നു പറഞ്ഞ് വൈദ്യം പഠിക്കാന്‍ അദ്ദേഹം സമ്മതമറിയിച്ചു. അന്ന് ഇരുപതു വയസ്സിനടുത്തായിരുന്നു വാഗ്ഭടന്റെ പ്രായം. എങ്കിലും വേദശാസ്ത്രപുരാണേതിഹാസങ്ങളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. 
ഒരു നദിക്കരയിലെ യാഗശാലയിലായിരുന്നു  ബ്രാഹ്മണര്‍ യോഗംകൂടിയിരുന്നത്. അതിന്റെ മറുകരയില്‍ വൈദ്യശാസ്ത്ര നിപുണനായ, ധനികനായ ഒരു മുഹമ്മദീയന്‍ താമസിച്ചിരുന്നു. അയാളില്‍ നിന്ന് വൈദ്യം പഠിക്കാമെന്ന് വാഗ്ഭടന്‍ തീര്‍ച്ചപ്പെടുത്തി. മുഹമ്മദീയന്റെ വേഷത്തിന് വേണ്ട വസ്ത്രങ്ങളും തൊപ്പിയുമെല്ലാം ശേഖരിച്ചു. അടുത്ത ദിവസം രാവിലെ നിത്യകര്‍മങ്ങളനുഷ്ഠിച്ച്  ബ്രാഹ്മണോത്തമന്മാരെ വണങ്ങി വേഷം മാറി പുറപ്പെട്ടു. കാര്യസിദ്ധിക്കായി പ്രാര്‍ഥിച്ച് ബ്രാഹ്മണരുടെ സംഘം അവിടെത്തന്നെ താമസിച്ചു.
വൈദ്യം പഠിക്കാന്‍ വാഗ്ഭടന്‍ മുഹമ്മദീയ വൈദ്യന്റെ അരികിലെത്തി. വാഗ്ഭടന്റെ വേഷം കണ്ട് സ്വജാതിയില്‍ പെട്ടതാണെന്ന് തീര്‍ച്ചപ്പെടുത്തി, നീ എവിടെ നിന്നു വരുന്നു, എന്തിനു വന്നു എന്നെല്ലാം അയാള്‍  വാഗ്ഭടനോട് ചോദിച്ചു. വരുന്നത് കുറച്ചു വടക്കു നിന്നാണെന്നും അങ്ങയോളം പ്രസിദ്ധനായ വൈദ്യനില്ലെന്നാണ് കേള്‍വിയെന്നും എന്നെ അങ്ങ് വൈദ്യം പഠിപ്പിക്കണമെന്നും വാഗ്ഭടന്‍ മറുപടി നല്‍കി. 
'അങ്ങനെയാവാം അതിനു മുമ്പ് ബുദ്ധിയൊന്നു പരീക്ഷിക്കട്ടെ. ബുദ്ധിയുണ്ടെങ്കിലേ പഠിപ്പിക്കൂ, മാത്രവുമല്ല, ഇവിടെ പഠിക്കുന്നവര്‍ക്കെല്ലാം നാം ചെലവിനു കൊടുക്കും. നീ അകത്തു പോയി ഊണുകഴിച്ചു വരൂ.' എന്ന് വാഗ്ഭടനോടായി വൈദ്യന്‍ പറഞ്ഞു. ഊണുവേണ്ട, ഇപ്പോള്‍ കഴിച്ചതേയുള്ളൂവെന്ന് വാഗ്ഭടന്‍ പറഞ്ഞു. 
എങ്കില്‍ ഇപ്പോള്‍ തന്നെ പഠനം തുടങ്ങാം, ഗ്രന്ഥങ്ങള്‍ വല്ലതും കൈയിലുണ്ടോ എന്ന് അന്വേഷിച്ച വൈദ്യനോട് ഇല്ലെന്ന് വാഗ്ഭടന്‍ പറഞ്ഞു. വൈദ്യന്‍ ഒരു ഗ്രന്ഥവുമായി വന്നു പഠിപ്പിക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ തന്നെ വാഗ്ഭടന്റെ അപാരമായ ബുദ്ധിവൈഭവം വൈദ്യനു ബോധ്യപ്പെട്ടു. ഇത്രയും മിടുക്കനായ വാഗ്ഭടനെ പഠിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് വൈദ്യന്‍ അറിയിച്ചു.
ആഹാരവും താമസവും സൗജന്യമായി നല്‍കുന്ന കാര്യം അദ്ദേഹം വീണ്ടും ഓര്‍മിപ്പിച്ചെങ്കിലും വാഗ്ഭടന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. അങ്ങേക്കരയില്‍ എന്റെ ബന്ധുക്കളുണ്ട്. ഞാന്‍ അവിടെ താമസിച്ചോളാം. അങ്ങ് എന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് വിനയത്തോടെ അറിയിച്ചു. വൈദ്യന്‍ അതു സമ്മതിച്ചു. പഠനം തുടങ്ങി. അതിബുദ്ധിമാനായ ശിഷ്യനെ പഠിപ്പിക്കാന്‍ അതീവ സന്തോഷമായിരുന്നു വൈദ്യന്. ബന്ധുവീട്ടില്‍ നിന്ന് അത്താഴം കഴിച്ചു വന്നശേഷവും പഠിപ്പിക്കാന്‍ തയാറാണെന്ന് ഗുരുനാഥന്‍ ശിഷ്യനോട് പറഞ്ഞു. 
അതില്‍ സന്തോഷമേയുള്ളൂവെന്ന് വാഗ്ഭടന്‍ പറഞ്ഞതോടെ രാത്രിയിലും പഠനം തുടങ്ങി. ഏഴുനിലമാളികയായിരുന്ന ഗുരുവിന്റെ വീട്ടിലെ ശയനഗൃഹത്തിലായിരുന്നു പഠനം. അങ്ങനെ രാത്രിയിലും പകലും അവര്‍ വളരെ നേരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പലപ്പോഴുമത് കോഴികൂവും വരെ തുടര്‍ന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വൈദ്യശാസ്ത്രഗന്ഥങ്ങളെല്ലാം വാഗ്ഭടന്‍ ഹൃദിസ്ഥമാക്കി. വീണ്ടും വൈദ്യസംബന്ധമായ ഓരോ പ്രയോഗങ്ങള്‍ വൈദ്യന്‍ ശിഷ്യനു പറഞ്ഞുകൊടുത്തു. 
ഗുരു കട്ടിലിലും ശിഷ്യന്‍ താഴെയിരുന്നുമായിരുന്നു പഠനം. ഒരിക്കല്‍ പഠനത്തിനിടെ ഗുരു ശിഷ്യനോട് കട്ടിലിലിരുന്ന് തന്റെ കാല് തടവാന്‍ പറഞ്ഞു. കാലുതടവുന്ന സുഖത്താല്‍ ഗുരു നിദ്രയിലായി. കാലുതടവേണ്ടി വന്ന അവസ്ഥയോര്‍ത്ത് വാഗ്ഭടന് അതിയായ സങ്കടം വന്നു. ഒരു ഉത്തമബ്രാഹ്മണനായ എനിക്ക്  ഈ ഗതി  വന്നല്ലോ എന്നോര്‍ത്ത്  വാക്ഭടന്റെ കണ്ണു നിറഞ്ഞു. കണ്ണീത്തുള്ളികള്‍ കാലില്‍ വീണപ്പോള്‍ ഗുരു ഉണര്‍ന്നു. ശിഷ്യന്റെ മുഖം കണ്ണീനീരില്‍ കുതിര്‍ന്നതു കണ്ട ഗുരുവിന് കാര്യം മനസ്സിലായി. 'ഇവന്‍ നമ്മുടെ ജാതിക്കാരനല്ല. ഇവന്‍ നമ്മെ ചതിച്ചു. ഇവന്റെ കഥകഴിക്കണം'. എന്ന വിചാരത്തോടെ അയാള്‍ വാളുമായി ചാടിയെണീറ്റു. മുഹമ്മദീയന്‍ ഇപ്പോള്‍ തന്റെ കഥകഴിക്കുമെന്ന് വാഗ്ഭടനു ബോധ്യമായതോടെ, നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും  ഈശ്വരുമുണ്ടെന്നത് സത്യമാണെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ലെന്ന് ധ്യാനിച്ച് മാളികയുടെ കിളിവാതിലിലൂടെ അദ്ദേഹം പുറത്തേക്ക് ചാടി.
വീണപ്പോള്‍ കാലിന് ഒരല്പം പരിക്കുപറ്റിതല്ലാതെ മറ്റ് അപായമൊന്നും വാഗ്ഭടനുണ്ടായില്ല. അവിടെ നിന്ന് രക്ഷപ്പെട്ടോടിയ അദ്ദേഹം അക്കരെ ബ്രാഹ്മണ സദസ്സിലെത്തി. അദ്ദേഹത്തിന്റെ കാലിന് ഒരല്പം സ്വാധീനക്കുറവുണ്ടായതായി കണ്ട ബ്രാഹ്മണര്‍ കാര്യമെന്തെന്ന് അന്വേഷിച്ചു. ഉണ്ടായ കാര്യങ്ങളെല്ലാം വാഗ്ഭടന്‍ വിശദീകരിച്ചു.  മനസ്സില്‍ എന്തു  ധ്യാനിച്ചാണ്  ചാടിയതെന്നു ചോദിച്ച ബ്രാഹ്മണരോട് നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും  ഈശ്വനുമുണ്ടെന്നത് സത്യമാണെങ്കില്‍  എനിക്കൊന്നും സംഭവിക്കില്ലെന്ന് ധ്യാനിച്ചാണ് ചാടിയതെന്ന് വാഗ്ഭടന്‍ പറഞ്ഞു.
 'അങ്ങനെയാണ് ചിന്തിച്ചതല്ലേ? അപ്പോള്‍ അതില്‍ വിശ്വാസമില്ല, അല്ലേ? നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ഈശ്വരനും ഉള്ളതുകൊണ്ട് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ കാലിന് പോലും പരിക്കേല്‍ക്കില്ലായിരുന്നു. താങ്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധംപറ്റിയതിനാല്‍ ഭ്രഷ്ടനായിരിക്കുന്നു. ഞങ്ങള്‍ക്കൊപ്പം ഇനി സ്ഥാനമില്ല.' എന്ന് ബ്രാഹ്മണന്‍ പറഞ്ഞു.  വാഗ്ഭടാചാര്യന്‍ അത് കുറ്റബോധത്തോടെ സമ്മതിച്ചു. അദ്ദേഹം അവിടെ നിന്ന് പോകാനൊരുങ്ങി. 
എന്നാല്‍ താന്‍ പഠിപ്പിച്ചതെല്ലാം അവര്‍ക്ക് പകര്‍ന്നു നല്‍കാതെ പോകുന്നതെങ്ങനെയെന്ന് വാഗ്്ഭടന്‍ ചിന്തിച്ചു. ഇനിയൊരാള്‍ക്ക് മുഹമ്മദീയരില്‍ നിന്ന്  ഇതെല്ലാം പഠിച്ചെടുക്കുക സാധ്യമല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം ബ്രാഹ്മണരെ സ്പര്‍ശിക്കാതെ, സ്വയം ഭക്ഷണം പാകം ചെയ്ത് കുറച്ചുനാള്‍ കൂടി അവിടെ കഴിഞ്ഞു. ഈ കാലയളവിലാണ് വാഗ്ഭടന്‍ 'അഷ്ടാംഗസംഗ്രഹം' എന്ന വൈദ്യശാസ്ത്രഗ്രന്ഥമെഴുതിയത്.
വളരെ സംഗ്രഹിച്ചാണ്  എഴുതിയത്. പക്ഷേ അദ്ദേഹത്തിന് തൃപ്തിയായിരുന്നില്ല. ആ സംഗ്രഹത്തേക്കാള്‍ ചുരുങ്ങിയതും എന്നാല്‍ സംഗതികളെല്ലാം ഉള്‍ക്കൊള്ളിച്ചും പദ്യരൂപത്തില്‍ ഒരു ഗ്രന്ഥമുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് അഷ്ടാംഗഹൃദയത്തിന്റെ പിറവി. പിന്നീട് അമരകോശമെന്ന അഭിധാനഗ്രന്ഥവും രചിച്ചു. ഈ മൂന്നു ഗ്രന്ഥങ്ങളും ബ്രാഹ്മണസന്നിധിയില്‍ സമര്‍പ്പിച്ച് വാഗ്ഭടാചാര്യന്‍ അവിടം വിട്ടു പോയി. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 
വാഗ്ഭടാചാര്യന്‍ പോയ ശേഷവും, ഭ്രഷ്ടനാല്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍  സ്വീകരിക്കാമോ എന്ന ശങ്ക ബ്രാഹ്മണര്‍ക്കിടയില്‍ ബാക്കിനിന്നു. അതിന് അവര്‍ ഒരു മാര്‍ഗം കണ്ടെത്തി. ഏകാദശി നാളില്‍ ഈ ഗ്രന്ഥം പഠിച്ചു കൂടാ എന്നൊരു തീരുമാനത്തിലെത്തി. ഇന്നും ഈ മൂന്നു ഗ്രന്ഥങ്ങള്‍ ഏകാദശി നാളില്‍ ആരും പഠിക്കാറില്ല. പഠിപ്പിക്കാറുമില്ല. 

No comments: