Saturday, March 23, 2019

നിയന്താവായ അന്തര്യാമി

Tuesday 19 March 2019 3:58 am IST
അന്തര്യാമി അധികരണം തുടരുന്നു...
എല്ലാ ചരാചരങ്ങളുടേയും പ്രപഞ്ചത്തിന്റെയും നിയന്താവും കര്‍ത്താവുമാണ് അന്തര്യാമി. അതിനെ കാണാന്‍ ആര്‍ക്കുമാകില്ല.എന്നാല്‍ അത് എല്ലാവരേയും കാണുന്നു. ആര്‍ക്കും അതിനെ കേള്‍ക്കാനാവില്ല. എന്നാല്‍ അത് എല്ലാ ശബ്ദങ്ങളേയും കേള്‍ക്കുന്നു. ആര്‍ക്കും വിചാരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ എല്ലാവരുടേയും വിചാരത്തിന് കാരണമാണ്. ആര്‍ക്കും പ്രത്യേകമായി അറിയാനാവില്ല. പക്ഷേ അത് ഏവരേയും പ്രത്യേകമായറിയുന്നു. ഇങ്ങനെ പറഞ്ഞതിനാല്‍ ബ്രഹ്മത്തെ തന്നെയാണ് അന്തര്യാമിയായി വര്‍ണ്ണിച്ചത് എന്ന് മനസ്സിലാക്കാം. ജീവാത്മാവിനോ അധിദേവതയ്‌ക്കോ ഈ മഹിമകള്‍ ഉണ്ടാകില്ല. അതിനാല്‍ കണ്ണിലെ പുരുഷന്‍ ആ അന്തര്യാമിയായ ബ്രഹ്മമെന്ന് തീര്‍ച്ചചെടുത്തണം.സൂത്രം -ന ച സ്മാര്‍ത്ത മതദ്ധര്‍മ്മാഭിലാപാത്
സാംഖ്യമപ്രകാരമുള്ള പ്രധാനവും അന്തര്യാമിയല്ല. അതിനില്ലാത്ത ധര്‍മ്മങ്ങളെയാണ് പറഞ്ഞിരിക്കുന്നത് എന്നതിനാല്‍. കാണാന്‍ കഴിയില്ല തുടങ്ങിയതായ ധര്‍മ്മങ്ങള്‍ പ്രധാനത്തിനും ഉള്ളതിനാല്‍ പ്രധാനത്തെയാണ് ഇവിടെ അന്തര്യാമിയായി പറയുന്നത് എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. ഇതിനുള്ള മറുപടിയാണ് ഈ സൂത്രം.
ബൃഹദാരണ്യകത്തില്‍ 'അദൃഷ്ടോ ദ്രഷ്ടാ അശ്രുത: ശ്രോതാ അമതോ മന്താ അവിജ്ഞാതോ വിജ്ഞാതാ 'എന്ന മന്ത്രത്തില്‍ അന്തര്യാമിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതൊന്നും പ്രധാനത്തിന് ഇല്ലാത്തതിനാല്‍ പ്രധാനം അന്തര്യാമിയാവുകയില്ല.
സ്മാര്‍ത്തം എന്നതിന് സാംഖ്യസിദ്ധാന്തം എന്നാണ് അര്‍ത്ഥം.അവരുടെ അഭിപ്രായപ്രകാരം പ്രധാനത്തില്‍ നന്നാണ് എല്ലാം ഉണ്ടായതും മറ്റും. ഇത് തുടക്കത്തിലെ സൂത്രങ്ങളില്‍ നിഷേധിച്ചതാണ്.കഴിഞ്ഞ സൂത്രത്തില്‍ വിധി സ്വരൂപേണ അന്തര്യാമി ബ്രഹ്മമാണെന്ന് പറഞ്ഞു. ഈ സൂത്രത്തില്‍ നിഷേധ രൂപേണ അന്തര്യാമി ബ്രഹ്മമാണെന്ന് സമര്‍ത്ഥിക്കുന്നു.
ബൃഹദാരണ്യകത്തിലെ അന്തര്യാമി പ്രകരണത്തില്‍ വര്‍ണിച്ച മഹിമകളും സാംഖ്യസ്മൃതിയില്‍ പ്രധാനത്തിന്റെ ധര്‍മ്മങ്ങളായി പറഞ്ഞതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതിനാല്‍ പ്രധാനം അന്തര്യാമിയാവില്ല.
സൂത്രം- ശാരീരശ്ചോഭയേളപിഹി ഭേദേനൈനമധീയതേ
(ശാരീര: ച ഉഭയേ അപി ഹി ഭേദേന ഏനം അധീയതേ )
ശരീരത്തിലിരിക്കുന്ന ജീവനും അന്തര്യാമിയാവില്ല. എന്തെന്നാല്‍ കാണ്വ, മാധ്യന്ദിന ശാഖകള്‍ രണ്ടും ജീവനെ അന്തര്യാമിയായി കണക്കാക്കാതെയാണ് പഠിക്കുന്നത്.
സാംഖ്യന്മാരുടെ പ്രധാനമല്ലെങ്കില്‍ ഉപനിഷത്ത് പറയുന്ന ജീവാത്മാവാകും അന്തര്യാമി എന്ന് പൂര്‍വപക്ഷം അടുത്ത വാദമെടുത്തിടുന്നു. ഇതും ശരിയല്ല. കാരണം കാണ്വശാഖക്കാരും മാധ്യന്ദിന ശാഖക്കാരും ജീവനെ അന്തര്യാമിയില്‍ നിന്ന് വ്യത്യാസപ്പെടുത്തിയാണ് പഠിക്കുന്നത്. അവര്‍ അന്തര്യാമിയെ നിയന്താവായും  ജീവനെ നിയാമ്യനായും പറയുന്നു.
അന്തര്യാമിയായ പരാമാത്മാവ് അപരിച്ഛിന്നനും അപരിമേയനുമാണ്.ജീവന്‍ പരിച്ഛിന്നനും പരിമിതനുമാണ്.ശരീരം തുടങ്ങിയ ഉപാധികളുമായി ബന്ധപ്പെട്ട് അജ്ഞാനത്തില്‍ കിടക്കുന്നതിനാലാണ് ജീവന് പരമാത്മാവില്‍ നിന്ന് വേറിട്ട ഭാവത്തെ പറയുന്നത്. പരമാത്മാവ് എങ്ങും നിറഞ്ഞ മഹാകാശം പോലെയും ജീവാത്മാവ് കുടത്തിനകത്തെ ആകാശം പോലെയുമാണ്.
യാതൊരു വിധ പരിമിതിയുമില്ലാതെ എങ്ങും നിറഞ്ഞ പരമാത്മാവിന് മാത്രമേ എല്ലാറ്റിന്റേയും ഉള്ളില്‍ അന്തര്യാമിയായിരിക്കാന്‍ കഴിയൂ. ഇങ്ങനെയൊക്കെ വിചാരം ചെയ്യുമ്പോള്‍ അന്തര്യാമിയായിരിക്കുന്നത് പരമാത്മാവ് തന്നെയെന്ന് വ്യക്തമാകും.

No comments: