Monday, March 18, 2019

*ശ്രീമദ് ഭാഗവതം 93* 

എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം ഈ ദേഹം ആണ്. വിവേകാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞു. അദ്ദേഹം പരിവ്രാജകനായി നടക്കുമ്പോ ഋഷികേശിൽ ഗംഗയുടെ ഇക്കരയ്ക്ക് അവര് കുറേ സന്യാസികൾ ഇരിക്കയായിരുന്നത്രേ. അപ്പോ അക്കരെ കുറച്ച് കാട്. ആ കാട്ടിൽ ഒരു സാധു ഇരുന്ന് 'ശിവോഹം ശിവോഹം' എന്ന് ജപിച്ചു കൊണ്ടിരിക്കുന്നു. ഭാവത്തോടെ പറയുന്നു. അപ്പോ ആ കാട്ടീന്ന് ഒരു പുലി വന്നിട്ട് ഈ സന്യാസിയെ കടിച്ചു വലിച്ചു കൊണ്ട് പോവാ. 

അപ്പോ വിവേകാനന്ദ സ്വാമികൾ പറയണു തന്റെ കാല് നെഞ്ചില് വെച്ച് കടിച്ചു വലിക്കുമ്പോഴും ആ വായിൽ നിന്നും 'ശിവോഹം ശിവോഹം' ഞാൻ (ഈ ദേഹം അല്ല എന്ന ഉറപ്പോടെ ആ ശബ്ദം മുഴങ്ങി കേട്ടു അത്രേ. ഇപ്പൊ പ്രസംഗത്തിൽ ഏസി റൂമിലൊക്കെ ഇരുന്നിട്ട് ശിവോഹം പറയാനൊക്കെ വളരെ എളുപ്പാണ്. പുലി കടിച്ചു വലിക്കുമ്പോ, ശരീരത്തിനെ പിച്ചിച്ചീന്തുമ്പോ, ഈ ദേഹം ഞാനല്ല എന്ന് പറയാൻ അത്രയ്ക്ക് ആഴത്തിൽ ധ്യാനം ണ്ടെങ്കിലേ സാധിക്കൂ. 
ഈ ശരീരത്തിന്റെ ആഡിയോ വ്യാധിയോ ഒന്നും അപ്പോ  നമ്മളെ ബാധിക്കില്ല്യ.അല്ലെങ്കിൽ  ബാധിക്കും. 

നമ്മുടെ ശരീരസ്ഥിതി ഒന്ന് ആലോചിച്ചു നോക്കിയാൽ അറിയാം കുറച്ച് വിയർത്ത് കഴിഞ്ഞാൽ ഇരിക്കാൻ പറ്റില്ല്യ നമുക്ക്. ശ്വാസം മുട്ടണു. ഉഷ്ണിക്കണു. ദേഹത്തിന് എന്തെങ്കിലുമൊക്കെ വിഷമം ണ്ടായാൽ നമ്മുടെ വേദാന്തം ഒക്കെ ആ വഴിക്ക് നടക്കും. Backdoor വഴി പോകും.സമയത്തിന് ആഹാരം കിട്ടിയിട്ടില്ലെങ്കിൽ വേദാന്തം ഒക്കെ പിൻവാതിൽ വഴി പോകും. 

ഒരു പാഠശാലയിൽ ഒരു ശാസ്ത്രികൾ വേദാന്തം പഠിപ്പിക്കാൻ വരും. ശിരോമണി ആണ്. ഒരുപാട് പട്ടം ഒക്കെ കിട്ടിയണ്ട്. കഴുത്തില് അതൊക്കെ ഇട്ടാണ് കുട്ടികളെ പഠിപ്പിക്കാൻ വരാ. ഈ ബ്രഹ്മചാരി കുട്ടികൾക്ക് ബ്രഹ്മസൂത്രം പറഞ്ഞു കൊടുക്കും. 'ബ്രഹ്മസത്യം ജഗത് മിഥ്യാ'  ഇങ്ങനെ പറയും. ഈ കുട്ടികൾ കുറുമ്പ് കുട്ടികളാണ്. അപ്പോ കുട്ടികൾ പറഞ്ഞു. ജഗത് ഒക്കെ മിഥ്യ പക്ഷേ ശാസ്ത്രികളുടെ കൈയ്യിലുള്ള മോതിരം സത്യം. ഈ ഭാവം ദേഹം ഞാൻ അല്ല എന്നത് വെറും ഒരു സിദ്ധാന്ത തലത്തിൽ മനസ്സിലാക്കുന്നത് പോലും ശ്രേഷ്ഠമാണ്. പക്ഷേ സിദ്ധാന്ത തലത്തിൽ മനസ്സിലാക്കിയത് സ്വാനുഭവതലത്തിൽ വരാൻ തുടർന്നുള്ള മനനവും വേണം.  പ്രത്യേകിച്ച് നമുക്ക് ജീവിതത്തിൽ വിഷമം വരുമ്പോ ഇതെടുത്ത് മാക്സിമം പ്രയോഗിക്കണം അവിടെ. 

അതാണ് പരീക്ഷിത്ത് പറയണതേ. മുമ്പ് ഞാനീ വേദാന്തം ഒക്കെ കേട്ടണ്ട്. എത്രയോ പ്രാവശ്യം കേട്ടിരിക്കണു. ഇപ്പൊ ഇതാ ഏഴാമത്തെ ദിവസം തക്ഷകൻ കടിക്കുമെന്നറിഞ്ഞപ്പോ ഇത് പരീക്ഷിക്കാൻ ഭഗവാൻ ഒരു അവസരം കൊണ്ട് വന്ന് തന്നതാണ്. 

 *വിമർശിതൗ ഹേയതയാ പുരസ്താത്* 
മുമ്പ് തന്നെ ഇതൊക്കെ തള്ളിക്കളയേണ്ടതാണെന്നും അനിത്യമാണെന്നും  വിമർശനം ചെയ്തു വെച്ചതാണ്. 

പക്ഷേ ഇപ്പൊ ഇതാ ഭഗവാൻ ഒരു അവസരം ണ്ടാക്കിയിരിക്കുന്നു. ഇപ്പൊ ഞാൻ തോറ്റു പോയാൽ തോറ്റു. അപ്പോ ശ്രദ്ധ, അദ്ധ്യാത്മ വേദാന്ത ശ്രവണം ഒക്കെ നമുക്ക് പ്രയോജനപ്പെടുന്നത് പതുക്കെ പതുക്കെ ദേഹം ഞാൻ അല്ല പിന്നെ ഞാൻ ആരാണ്, ഞാൻ എന്നുള്ളതിന്റെ സ്വരൂപം എന്താണ്, ബാക്കി ഒക്കെ ഞാൻ അറിയുണുവല്ലോ, എന്നെ അറിഞ്ഞില്ലല്ലോ എന്ന് നിരന്തര വിചാരം ചെയ്യുമ്പോഴാണ്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: