ശ്രീമദ് ഭാഗവതം 96*
ഛിന്നാന്യധീരധിഗതാത്മഗതി: നിരീഹ:
തത്തത്ത്യജേ അച്ഛിനദിദം *വയുനേന* യേന
താവന്ന യോഗഗതിഭിർ യതിരപ്രമത്തോ യാവദ്
ഗതാഗ്രജകഥാസു രതിം ന കുര്യാത്.
വയുന് എന്ന് വെച്ചാൽ ജ്ഞാനം.
ഭഗവാന്റെ ദിവ്യകഥകളിൽ ജീവന് രതി ണ്ടായി ഭക്തി കൊണ്ട് ചിത്തം ശുദ്ധിയായി ജ്ഞാനത്തിന് പക്വപ്പെട്ട് ഈ സംശയത്തിന്റെ മൂലം ആയ അഹങ്കാരത്തിനെ ഇല്ലായ്മ ചെയ്ത് ചിത്തത്തിൽ പരിപൂർണ്ണശാന്തി വരുന്നതു വരെ ജീവന് പൂർണ്ണമായ തൃപ്തി ണ്ടാവില്ല്യ.
ഇവിടെ പൃഥു മഹാരാജാവ് സനത് കുമാരമഹർഷി പറഞ്ഞ രീതിയിൽ യോഗം അഭ്യസിച്ച് ഉയർന്ന യോഗതലത്തിൽ എത്തി ഏകാന്ത ധ്യാനത്തിൽ ശരീരത്തിനെ ഉപേക്ഷിച്ചു. അർച്ചിസ്സ് മഹാരാജ്ഞി കൂടെ ശരീരം ഉപേക്ഷിച്ചു. അങ്ങനെ പൃഥുവിന്റെ ദിവ്യമായ ചരിത്രം.
ആദരവോടെ ഈ പൃഥു ചരിത്രം കേൾക്കാണെങ്കിൽ നമ്മളൊക്കെ ജീവന്മുക്തന്മാരായിട്ട് തീരും എന്നാണ് ഭാഗവതം പറയണത്.
അനുദിനം ഇദം ആദരേണ ശ്രണ്വൻ
പൃഥുചരിതം പ്രഥയൻ വിമുക്തസംഗ:
ഭഗവതി ഭവസിന്ധുപോതപാദേ
സ ച നിപുണാം ലഭതേ രതിം മനുഷ്യ:
ഭഗവാനോട് അപാരമായ ഭക്തി ആ ജീവന് സിദ്ധിക്കുന്നു.
ഈ പൃഥു ചരിത്രത്തിനുശേഷം പൃഥുവിന്റെ പുത്രൻ വിജിതാശ്വൻ എന്ന് പേര്. ആ വംശം ഒക്കെ വർണ്ണിച്ചു കൊണ്ട് വന്ന് പ്രചേതസ്സുകൾ ഭഗവാനെ ആരാധിക്കാൻ കാട്ടില് തപസ്സ് ചെയ്യുമ്പോ സാക്ഷാൽ ശ്രീരുദ്രൻ ശിവൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
തപ്തഹേമനികായാഭം ശിതികണ്ഠം ത്രിലോചനം
പ്രസാദസുമുഅഖം വീക്ഷ്യ പ്രണേമു: ജാതകെതുകാ:
കാച്ചിയപൊന്നുപോലെ പ്രകാശിച്ചു കൊണ്ട് ശിവൻ അവരുടെ മുമ്പിൽ വന്നു. പരമേശ്വരൻ രുദ്രഗീതം എന്ന പേരിൽ മന്ത്രത്തിനെ ഇവർക്ക് ഉപദേശിച്ചു. ആ മന്ത്രോപദേശത്തിൽ ഭഗവാന്റെ ദിവ്യരൂപവും വർണ്ണിച്ചു കൊടുത്തു. ഭഗവാനെ സ്തുതിക്കുന്ന രീതിയും വർണ്ണിച്ചു കൊടുത്തു. ഒടുവിൽ ആത്മവിദ്യയും ഉപദേശിച്ചു കൊടുത്തു. ഇത് മൂന്നും ശ്രീരുദ്രഗീതത്തിൽ അടക്കി ശ്രീ ഭഗവാൻ രുദ്രൻ ഉപദേശിച്ചു.
ഈ പ്രചേതസ്സുകളുടെ പിതാവായ പ്രാചീനബർഹിസ് അദ്ദേഹം ഒരു പ്രജാപതി ആണ്. അദ്ദേഹത്തിന് പ്രാചീനബർഹിസ് എന്ന് പേര് വരാൻ കാരണം കർമ്മകാണ്ഡത്തിൽ അത്യധികം ആസക്തൻ.
വേദം കർമ്മകാണ്ഡം എന്തിന് വിധിച്ചിരിക്കണു. വേദത്തിന് നമ്മളെ കൊണ്ട് കർമ്മം ചെയ്യിപ്പിക്കണം എന്നൊന്നും ആഗ്രഹം ഇല്ല്യ. ആളുകളൊക്കെ അങ്ങനെയാ. ഒന്നുകിൽ സർവ്വവും ഉപേക്ഷിക്കും. ഒക്കെ ബ്രഹ്മം ആണ്. ഒന്നും ചെയ്യേണ്ട. കർമ്മാനുഷ്ഠാനങ്ങളും ഉപേക്ഷിക്കും. അല്ലെങ്കിലോ കർമ്മാനുഷ്ഠാനം ആണ് സർവ്വസ്വവും എന്ന് പറഞ്ഞ് അതില് പോയി പറ്റിപ്പിടിക്കും. ഇത് രണ്ടും അപകടം ആണ്.
കർമ്മാനുഷ്ഠാനത്തിന് അതിന്റേതായ സ്ഥാനം ണ്ട്. കർമ്മാനുഷ്ഠാനം വേദം ഉപദേശിച്ചിരിക്കുന്നത് ശരീരം ഉള്ളപ്പോ നമുക്ക് കർമ്മം ചെയ്യാതിരിക്കാൻ പറ്റില്ല്യ. ശരീരം തന്നെ പ്രാരബ്ധ കർമ്മം ചെയ്യാനായിട്ട് വന്നിരിക്കണു. അതിനെ ഒരു നിശ്ചിതമായ വൈദിക കർമ്മങ്ങളിൽ നിർത്തിയിട്ടില്ലെങ്കിൽ അത് നിഷിദ്ധകർമ്മങ്ങളിൽ പോയി വീഴും. ജപം അനുഷ്ഠാനം അമ്പലത്തിൽ പോവാ ഇതൊന്നും ചെയ്തിട്ടില്ലെങ്കിൽ വീട്ടിലിരുന്ന് റ്റിവി കാണും. അല്ലെങ്കിൽ നമ്മള് വേണ്ട വെച്ചാൽ പോലും വേറെ ആരെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിച്ച് എന്തെങ്കിലുമൊക്കെ നിഷിദ്ധകർമ്മങ്ങളിലേയ്ക്ക് പോകാനുള്ള വഴി ണ്ട്. എന്തെങ്കിലും പ്രാരബ്ധത്തിന് പിടിക്കാനുള്ള വഴി ണ്ട്. അതുകൊണ്ടാണ് വേദമാതാവ് കർമ്മാനുഷ്ഠാനത്തിന് വിധിച്ചത്. നമുക്ക് ജ്ഞാനം പ്രബലം ആവുന്നതുവരെ ഒരു നിഷ്ഠ ണ്ടാവാനായിട്ടാണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad
No comments:
Post a Comment