Thursday, March 21, 2019

ജനസേവനത്തിനുവേണ്ടി ഒരു സംഘടന നിലകൊള്ളുമ്പോൾ അതിന് ആസ്പദമാകുന്ന ദർശനം സമഗ്രമായിരിക്കേണ്ടതുണ്ട്.  സമഗ്രമാകുന്നുവെങ്കിൽ മാത്രമേ അതിന് മാനുഷികത അവകാശപ്പെടാൻ സാധിക്കുകയുള്ളു.   ഒരേ ലക്ഷ്യത്തിലേയ്ക്കുതന്നെയുള്ള വ്യത്യസ്തമാർഗ്ഗങ്ങളെന്ന നിലയിൽ സകലമതങ്ങളെയും ഉൾക്കൊള്ളുന്ന ഹൈന്ദവാദർശം അതിനുദാഹരണമാണ്.   അത്തരം സമഗ്രദർശനങ്ങളാണ് വ്യക്തിയെയും സമൂഹത്തെയും ശാന്തിയോടെ പരിപാലിക്കുക.   

  നമ്മുടെ തത്ത്വശാസ്ത്രം ഏകപക്ഷീയമായാൽ അതിനൊരിക്കലും ജനകീയമോ മനുഷ്യത്വപരമോ ആയിരിക്കുവാൻ സാധിക്കില്ലല്ലോ!  ഇവിടെയാണ് രാഷ്‌ട്രീയസംഘടനകൾ ശ്രദ്ധിക്കേണ്ടിവരുന്നത്.  യുക്തിവാദികളുടെ ഒരു പാർട്ടി, ഓരോ മതത്തിനും ഓരോ പാർട്ടി എന്നിങ്ങനെ ആണ് രാഷ്ട്രീയസംഘടനകൾ രൂപംകൊള്ളുന്നതെങ്കിൽ അവ ഓരോന്നും അപൂർണ്ണമാണ്.  ഏകപക്ഷീയമായ നിലപാടുള്ള സംഘടനകൾ  ജനകീയമാവുകയില്ല എന്നുമാത്രമല്ല അവ അപകടകരവുമാണ്.  

ജാതിയോ മതമോ നിരീശ്വരവാദമോ ഈശ്വരവാദമോ ആദ്ധ്യാത്മികതയോ അതെല്ലാം മനുഷ്യരുടെ വ്യക്തിഗതമായ ആദർശം മാത്രം.  പല വ്യക്തികളും പല ആദർശങ്ങളിൽ ജീവിക്കുന്ന ഒരു നാട്ടിൽ രാഷ്ട്രീയപാർട്ടികൾക്ക് ഏകപക്ഷീയമായ ആദർശം ഉണ്ടാകാൻ പാടില്ല.  ഭാരതത്തെ സംബന്ധിച്ച് ഭാരതത്തിനകത്തുണ്ടായ ദർശനം സമഗ്രതയുടെ ആദർശമാണ് മുന്നോട്ടു വയ്ക്കുന്നത്.  ആ സ്ഥാനത്ത് പുറത്തു നിന്നു വന്ന ഏകപക്ഷീയമായ അപൂർണ്ണദർശനങ്ങൾ ഉണ്ടെങ്കിൽ അവ സ്വയം മാറേണ്ടതുണ്ട്,  അത് ഭാരത്തിനു വേണ്ടിയുണ്ടായിട്ടുള്ളതല്ല.  ഏകപക്ഷീയമായ മതങ്ങളും രാഷ്ട്രീയസംഘടനകളും ലോകത്തെവിടെയും വിഭാഗീയതയും അക്രമവും മാത്രമേ വളർത്തിയിട്ടുള്ളു.  എല്ലാ മതവിശ്വാസികളെയും എല്ലാ ആദർശങ്ങളെയും അത് ആസ്തികമാകട്ടെ നാസ്തികമാകട്ടെ ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന ആദർശമാണ് ഭാരതത്തിന് സ്വന്തമായിട്ടുള്ളത്.  വിദേശമണ്ണിൽ പൊട്ടിമുളച്ച വിപ്ലവാദർശങ്ങൾക്ക് ഭാരതത്തിൻറെ സമന്വയത്തിൻറെയും ശാന്തിയുടെയും ആദ്ധ്യാത്മിക സംസ്ക്കാരത്തെ സംരക്ഷിക്കാൻ കഴിയില്ലല്ലോ!
 
ഓം.
krishnakumar kp

No comments: