Friday, March 01, 2019

മാണ്ഡൂക്യോപനിഷത്- ഇതും അഥര്‍വ വേദശാഖയില്‍പ്പെട്ടതാണ്. അതിന്റെ ഉപജ്ഞാതാവ് മണ്ഡൂകന്‍ എന്ന മഹര്‍ഷി ആയതിനാല്‍ മാണ്ഡൂക്യം എന്ന പേരുണ്ടായി എന്നു കരുതിവരുന്നു. ആകെ പന്ത്രണ്ടു മന്ത്രങ്ങളാണ് ഇതിലുള്ളത്. ഗൗഡപാദാചാര്യര്‍ നാലുപ്രകരണങ്ങളിലായി 275 കാരികകളിലൂടെ ഇവയുടെ അര്‍ത്ഥം വിശദമാക്കാന്‍ മാണ്ഡൂക്യകാരിക എന്ന ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. 
 കാലത്രയാധീനമായ സഗുണബ്രഹ്മവും കാലാതീതമായ നിര്‍ഗുണബ്രഹ്മവും ബ്രഹ്മപ്രതീകമായ ഓങ്കാരവും തമ്മിലുള്ള അഭേദം ആദ്യം വ്യക്തമാക്കുന്നു. പിന്നീട് ഇവ ഓരോന്നിനേയും പ്രത്യേകം വിവരിക്കുന്നു. ഇതിലൂടെ ആത്മതത്ത്വത്തെ വ്യക്തമാക്കുന്നു. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളെ വിശകലനം ചെയ്ത്, ദൃശ്യം ആയ പ്രപഞ്ചവും ദൃക്കായ ജീവാത്മാവും ഈശ്വരനും അതുപോലെ സഗുണരൂപത്തില്‍ കാണപ്പെടുന്ന സര്‍വവും ഏകത്തില്‍ വിലയം പ്രാപിക്കുന്നു എന്നു സമര്‍ത്ഥിക്കുന്നു. ഈ മൂന്ന് അവസ്ഥകളിലും സാക്ഷിഭൂതനായി, യാതൊരു മാറ്റവും കൂടാതെ നിലക്കൊള്ളുന്നത് തുരീയന്‍ മാത്രം ആയതിനാല്‍  ആ തുരീയനാണ് ഏകസത്യമെന്നും മറ്റേ മൂന്ന് അവസ്ഥകളും ഭ്രമം മൂലം തുരീയനില്‍ സംഭവിക്കുന്നതാണെന്നും വെളിവാക്കുന്നു. ജ്ഞാനത്താലുണ്ടാകുന്ന നിര്‍വികല്‍പകസമാധിയില്‍ ആ അദ്വയസത്യത്തെ സാക്ഷാത്കരിച്ചാല്‍പിന്നെ ദ്വൈതബോധം തീരെ അവശേഷിക്കുന്നില്ല. ആത്മാവിന്റെ മൂല്യമല്ലാതെ ഈ ജഗത്തിന് വേറെ മൂല്യമൊന്നും ഇല്ലെന്ന് അപ്പോള്‍ ബോധ്യമാകും എന്ന് ഉപനിഷത്ത് പ്രഖ്യാപിക്കുന്നു. 
 തുടര്‍ന്ന് ആത്മപ്രതീകമായ ഓങ്കാരത്തെ അപഗ്രഥിച്ച് അര്‍ത്ഥം വ്യക്തമാക്കുന്നു. ഓം എന്നതിന്റെ അ, ഉ, മ് എന്ന മൂന്നു മാത്രകളും മൂന്നുപാദങ്ങളും ലയിച്ചതിനു ശേഷം അനുഭവപ്പെടുന്ന തുരീയനു തുല്യമായ മൂന്നു മാത്രകളും ലയിച്ചുണ്ടാകുന്ന അമാത്രയും ഏകരൂപം ആണെന്നു സ്പഷ്ടമാക്കുന്നു. അങ്ങനെ ഓങ്കാരോപാസന കൊണ്ടുതന്നെ പരമാത്മഭാവം കൈവരിക്കാമെന്ന് പറഞ്ഞ് ഉപനിഷത്ത് സമാപിക്കുന്നു.
തൈത്തിരീയം- കൃഷ്ണയജുര്‍വേദത്തിന്റെ തൈത്തിരീയാരണ്യകത്തിന്റെ അവസാനത്തെ എട്ടും ഒമ്പതും അദ്ധ്യായങ്ങളെയാണ് തൈത്തിരീയോപനിഷത് എന്നു പറയുന്നത്. സ്വര (ഉദാത്ത, അനുദാത്ത, സ്വരിതങ്ങള്‍)ത്തോടു കൂടി പാരായണം ചെയ്യാവുന്ന ഒന്നാണ് ഇത്. ശങ്കരാചാര്യര്‍ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നു വിഷയത്തിന് അനുസൃതമായി വിഭജിച്ച് നാമകരണം ചെയ്തിരിക്കുന്നു. ഇതിന് ആചാര്യശിഷ്യനായ സുരേശ്വരാചാര്യര്‍ ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം 1027 കാരികകളിലായി വിസ്തൃതമായ വാര്‍ത്തികം രചിച്ചിട്ടുണ്ട്. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ ഈ ഉപനിഷത്തിനെ പലതവണ പരാമര്‍ശിക്കുന്നുണ്ട്.
ശിക്ഷാവല്ലിയില്‍ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയില്‍ ഒന്‍പതും ഭൃഗുവല്ലിയില്‍ പത്തും എന്നിങ്ങനെ മുപ്പത്തിയൊന്ന് അനുവാകങ്ങള്‍ ആണ് ഇതിലുള്ളത്. ആദ്യത്തെ ശിക്ഷാവല്ലി വിദ്യാര്‍ത്ഥികളുടെ മനസ്സിനെ വേദാന്തവിഷയങ്ങളിലേക്ക് ആകര്‍ഷിക്കാനും വിഷയഗ്രഹണത്തിന് സന്നദ്ധമാക്കാനുമുള്ള ഒരു ആമുഖം പോലെയാണ് എന്ന് മൃഡാനന്ദസ്വാമി പറയുന്നു. ബ്രഹ്മാനന്ദവല്ലിയില്‍ വേദാന്തവിജ്ഞാനം, ബ്രഹ്മതത്ത്വം എന്നിവയെ വ്യക്തമാക്കുന്നു. ഭൃഗുവല്ലിയില്‍ ബ്രഹ്മപ്രാപ്തിക്കുള്ള ഉപായങ്ങളെ ആഖ്യായികാരൂപത്തില്‍ ഉപദേശിക്കുന്നു. സ്ഥൂലവിഷയങ്ങളില്‍ ആസക്തമായ മനസ്സിനെ ക്രമേണ സൂക്ഷ്മതലത്തിലേക്കും പിന്നെ നിര്‍ഗുണവും നിരാകാരവും ആയ പരമ തത്ത്വത്തിന്റെ ബോധത്തില്‍ എത്തിക്കുക എന്ന രീതിയാണ് ഈ ഉപനിഷത്തിന്റേതെന്ന് മൃഡാനന്ദസ്വാമി ചൂണ്ടിക്കാണിക്കുന്നു.
ശിക്ഷാവല്ലി ഒന്നാം അനുവാകത്തില്‍ ഉപനിഷത്പഠനത്തില്‍ വരാവുന്ന വിഘ്‌നങ്ങളെ ഇല്ലാതാക്കാനായി മിത്രന്‍, വരുണന്‍, ഇന്ദ്രന്‍ മുതലായ ദേവതകളോടുള്ള പ്രാര്‍ത്ഥനയാണ്. രണ്ടില്‍ പാരായണത്തിനു വേണ്ട വര്‍ണ്ണം, സ്വരം, മാത്ര എന്നിവയെ വിശദമാക്കുന്നു. മൂന്നില്‍ വൈദിക കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകിയിരുന്ന ശിഷ്യമനസ്സിനെ ഉപാസനയിലൂടെ പരിശുദ്ധമാക്കാന്‍ വേണ്ടി അധിലോകം, അധിജ്യൗതിഷം മുതലായ അഞ്ചുതരം സംഹിതോപാസനകളെ വര്‍ണ്ണിക്കുന്നു. നാലാം അനുവാകത്തില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും ലഭിക്കുവാനായി ചെയ്യേണ്ട ജപം, ഹോമം എന്നിവയെ പറയുന്നതോടൊപ്പം ഓങ്കാരരൂപിയായ ബ്രഹ്മത്തോടുള്ള പ്രാര്‍ത്ഥനയും കൊടുത്തിരിക്കുന്നു. കര്‍മ്മകാണ്ഡത്തിലുപയോഗിക്കുന്ന ഭൂര്‍ഭുവാദി വ്യാഹൃതികളെ ഉപാസനയ്ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അഞ്ചാമനുവാകം പറഞ്ഞുതരുന്നു. ആറാമനുവാകത്തില്‍ വ്യാഹൃതികളുടെ ആത്മാവായ ബ്രഹ്മത്തിന്റെ ഉപാസനയ്ക്കും സാക്ഷാല്‍കാരത്തിനും ഉള്ള സ്ഥാനം, സര്‍വാത്മപ്രതിപത്തിക്കുള്ള വഴി, യോഗിയുടെ ജീവന്‍ ദേഹം വിടുമ്പോളുള്ള അവസ്ഥ എന്നിവയെ പറയുന്നു. 
പാങ്ക്തരൂപത്തിലുള്ള ഉപാസനയിലൂടെ ഭൗതികപദാര്‍ത്ഥങ്ങളേയും ആദ്ധ്യാത്മിക ശക്തിയേയും യോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഏഴാം അനുവാകത്തില്‍ പറയുന്നു. അഞ്ചു വസ്തുക്കളുടെ കൂട്ടത്തെ ആണ് പാങ്ക്തം എന്നു പറയുന്നത്. ലോകപാങ്ക്തം (ഭൂമി, അന്തരിക്ഷം, ആകാശം, ദിക്കുകള്‍, വിദിക്കുകള്‍), ദേവതാപാങ്ക്തം (അഗ്നി, വായു, ആദിത്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍), ഭൂതപാങ്ക്തം (ജലം, ഔഷധികള്‍, വൃക്ഷം, ആകാശം, ആത്മാവ്)- ഇവയെ അധിഭൂതപാങ്ക്തങ്ങള്‍ എന്നു പറയുന്നു. വായുപാങ്ക്തം (പ്രാണന്‍, വ്യാനന്‍, അപാനന്‍, ഉദാനന്‍, സമാനന്‍), ഇന്ദ്രിയപാങ്ക്തം (നേത്രം, ശ്രോത്രം, മനസ്സ്, വാക്ക്, ത്വക്ക്), ധാതുപാങ്ക്തം (ചര്‍മ്മം, മാംസം, ഞരമ്പ്, അസ്ഥി, മജ്ജ)- ഇവയെ അദ്ധ്യാത്മപാങ്ക്തം എന്നു പറയുന്നു.    
എട്ടില്‍ ബ്രഹ്മപ്രതീകമായ ഓങ്കാരോപാസനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒമ്പതില്‍ വേദങ്ങളുടെ അദ്ധ്യയനം, അദ്ധ്യാപനം എന്നിവയോടൊപ്പം സത്യം, തപസ്സ്, ഇന്ദ്രിയനിഗ്രഹം, മനസ്സംയമം എന്നിവയിലും ശ്രദ്ധിക്കണം എന്നുപദേശിക്കുന്നു. പത്താം അനുവാകത്തില്‍ ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച ത്രിശങ്കുമഹര്‍ഷിയുടെ അനുഭവത്തെ വിസ്തരിച്ച്  ആത്മസാക്ഷാത്കാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. പതിനൊന്നില്‍ ആചാര്യന്‍ ബ്രഹ്മവിദ്യാസ്വീകരണത്തിനു ശിഷ്യനെ പ്രാപ്തനാക്കാന്‍ വേണ്ടി ശിഷ്യനു നല്‍കുന്ന ഉപദേശങ്ങളാണ്. പന്ത്രണ്ടില്‍ ശാന്തിപാഠം ആവര്‍ത്തിക്കുന്നു. 
ബ്രഹ്മാനന്ദവല്ലി എന്ന രണ്ടാമത്തെ അദ്ധ്യായം വേറൊരു ശാന്തിപാഠത്തോടെയാണ് തുടങ്ങുന്നത്. ബ്രഹ്മജ്ഞാനം കൊണ്ടുള്ള ഫലം പറഞ്ഞതിനു ശേഷം നിര്‍ഗുണവും നിരാകാരവുമായ ബ്രഹ്മത്തിന്റെ ലക്ഷണം വിശദമാക്കുന്നു. അതിനു ശേഷം നിരുപാധികബ്രഹ്മം സോപാധിക ബ്രഹ്മം ആകുന്നത് എങ്ങനെ എന്നു പറയുന്നു. പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തി, ആത്മാവിന്റെ ആവരണങ്ങളായ പഞ്ചകോശങ്ങള്‍, ആത്മബ്രഹ്മൈക്യം എന്നിവ അഞ്ചാം അനുവാകത്തില്‍ വിവരിക്കുന്നു. എല്ലാറ്റിലും ആത്മാവ് സമമാണെങ്കില്‍ ജ്ഞാനിക്കും അജ്ഞാനിക്കും ബ്രഹ്മപ്രാപ്തിയില്‍ വ്യത്യാസം എങ്ങനെ ഉണ്ടാകും എന്ന ചോദ്യത്തിന്റെ നിരൂപണം ആണ് ആറും ഏഴും അനുവാകങ്ങളില്‍ ചെയ്യുന്നത്. എട്ടാം അനുവാകത്തില്‍ പ്രാപഞ്ചിക ജീവിതത്തില്‍ അനുഭവപ്പെടുന്ന ആനന്ദങ്ങളുടെ താരതമ്യം, അവയുമായി തുലനം ചെയ്യുമ്പോള്‍ അവ ബ്രഹ്മാനന്ദത്തിന്റെ ലേശലേശങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം എന്നിവ ചര്‍ച്ച ചെയ്യുന്നു. കാലദേശാദി കൃതമായ ഉപാധികളൊന്നും ഇല്ലാതെ മനുഷ്യനിലും ആദിത്യനിലും ഒരുപോലെ വിളങ്ങുന്ന ആ പരമതത്ത്വം ഏകമാണെന്നും മായാനിര്‍മ്മിതമായ പഞ്ചകോശങ്ങളെ അതിക്രമിച്ച് ബ്രഹ്മാനന്ദം നേടലാണ് ജീവിതലക്ഷ്യം ആകേണ്ടത് എന്നും ഈ അനുവാകത്തില്‍ പറയുന്നു. ഒമ്പതില്‍ ആത്മസാക്ഷാത്കാരം നേടുന്ന വ്യക്തിക്ക് പുണ്യപാപങ്ങളോ പുനര്‍ജന്മമോ ഇല്ല എന്നു വെളിവാക്കുന്നു.
 ഭൃഗുവല്ലി എന്ന മൂന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ ബ്രഹ്മജിജ്ഞാസുവായ ഭൃഗു ആത്മജ്ഞാനം നേടാനുള്ള ഉപദേശം തേടി പിതാവായ വരുണനെ സമീപിക്കുന്ന ഉപാഖ്യാനമാണ്. എല്ലാ ഭൂതങ്ങളുടെയും ഉല്‍പ്പത്തിസ്ഥിതിലയങ്ങള്‍ക്ക് ആസ്പദമായ ബ്രഹ്മത്തെ തപസ്സു കൊണ്ട് അറിയണം എന്ന് വരുണന്‍ ഉപദേശിക്കുന്നു. അതനുസരിച്ച് ഭൃഗു തപസ്സനുഷ്ഠിക്കുന്നു. അന്നം, പ്രാണന്‍. മനസ്സ്, വിജ്ഞാനം, ആനന്ദം എന്ന പഞ്ചകോശങ്ങളില്‍ ഓരോന്നിനേയും ബ്രഹ്മമാണോ അല്ലയോ എന്നു വിവേകത്താല്‍ പരീക്ഷിച്ച് നിരാകരിച്ച് അവസാനം ഹൃദയാകാശത്തില്‍ പ്രതിഷ്ഠിതമായ ആനന്ദസ്വരൂപമായ ബ്രഹ്മത്തെ ഭൃഗു സാക്ഷാത്കരിക്കുന്നതായി വിവരിച്ചശേഷം അന്നത്തിന്റെ മഹത്വത്തെ പെട്ടെന്ന് ഉദ്‌ഘോഷിക്കുന്നു. അന്നത്തെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ അന്നാര്‍ത്ഥികളെ നിരസിക്കുകയോ ചെയ്യരുത് എന്നു പറയുന്നു. അന്നത്തെ വിവിധരൂപത്തില്‍ ഉപാസിച്ചാലുള്ള ഫലങ്ങളെ പത്താം അനുവാകത്തില്‍ വിവരിക്കുന്നു. ഉപാസനയുടെ പരമോച്ചതലത്തിലെത്തി സര്‍വ്വാത്മഭാവം സാക്ഷാത്കരിച്ച് ജ്ഞാനിയായ ഒരു സാധകന്‍ സ്വാനുഭൂതികളെ വര്‍ണ്ണിക്കുന്ന ഒരു ഗാഥയെ അവതരിപ്പിച്ചുകൊണ്ട് ഉപനിഷത്ത് അവസാനിക്കുന്നു.
janmabhumi

No comments: