Tuesday, March 12, 2019

ശിഷ്യൻ പ്രപഞ്ച സത്യം അന്വേഷിച്ചു ഗുരുവിനെ സമീപിച്ചു.

ഗുരു ചോദിച്ചു :
“അല്ലയോ ശിഷ്യാ, നിനക്ക് ലോകത്തെ കാട്ടിത്തരുന്ന വെളിച്ചം ഏതാണ് ?”

ശിഷ്യൻ പറഞ്ഞു :
“പ്രഭോ, അത് പകൽ സൂര്യനും രാത്രിയിൽ അഗ്നി മുതലായവയുമാണ് “.

ഗുരു : “അത് ശരിയായിരിയ്ക്കാം. എന്നാൽ സൂര്യനെയും ദീപത്തെയും നിന്നെ കാണാൻ സഹായിയ്ക്കുന്ന വെളിച്ചം ഏതാണ് ?”

ശിഷ്യൻ : “അതെന്റെ കണ്ണാണ് “

ഗുരു : “കണ്ണുകൾ അടച്ചോള്ളൂ. ഉള്ളിൽ ഒട്ടനേകം ദൃശ്യങ്ങളും ചിന്തകളും ഒക്കെ കാണുന്നില്ലെ? അതൊക്കെ കാണാൻ നിന്നെ സഹായിയ്ക്കുന്നത് ആരാണ് ?”

ശിഷ്യൻ : “ഗുരു , അതെന്റെ ബുദ്ധിയാണ് “.

ഗുരു : “ബുദ്ധിയെ കാണാൻ നിന്നെ സഹായിയ്ക്കുന്നതാരാണ് ?”
ശിഷ്യൻ അൽപ്പം ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു “ഗുരു, ബുദ്ധിയെ കാണുന്നത് ഞാൻ തന്നെ ആണ്”.

ഗുരു :”അല്ലയോ ശിഷ്യ, അപ്പോൾ നീ തന്നെയാണ് ജ്യോതിസ്സുകളുടെ എല്ലാം ജ്യോതിസ്സ്. അതുകൊണ്ടു നീ നിന്നെ പൂർണ്ണമായും അറിയാൻ ശ്രമിയ്ക്കൂ.”

ഇവിടെ ശിഷ്യനിൽ വിളങ്ങുന്ന ജ്യോതിസ്സ് ഉപനിഷത്ത് ഭാഷയിൽ ജീവാത്മാവാണ്. ശരീരാദി ഉപാധിയിൽ പ്രതിബിംബിച്ചു കാണുന്ന പരമാത്മാവ് തന്നെ ആണ് ജീവാത്മാവ്. ഈ അറിവ് തുടങ്ങുന്ന ആദ്യ പടി ആണ് സ്വയം അറിയൽ. ഉപാധി ആയി നിൽക്കുന്ന, മനസ് ഉൾപ്പെടുന്ന സൂഷ്മ ശരീരീരം പ്രശാന്തമാകുന്തോറും, തെളിഞ്ഞ കാണുന്ന സൂര്യബിംബം പോലെ 
സത്യം തെളിഞ്ഞു കിട്ടും. ഉപാധി ഇല്ലാതാകുന്നതോടെ, തടാകത്തിലെ ജലം ഇല്ലാതായയാൾ സൂര്യ പ്രതിബിംബം സൂര്യനിൽ ലയിക്കുംപോലെ, ജീവാത്മാവ് പരമാത്മാവിൽ ലയിക്കും. (മരണത്തോടെ ഇല്ലാതാകുന്നതല്ല സൂഷ്മ ശരീരം.)

അപ്പാ ദീപോ ഭവ – സ്വയം വെളിച്ചമായി തീരുക എന്ന് ശ്രീബുദ്ധൻ പറയുന്നു.

ശ്രീ ശങ്കരാചാര്യരുടെ ഏകശ്ലോകി എന്ന കൃതി ആണ് മുകളിലെ ഗുരു ശിഷ്യ സംവാദം . പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.

കിം ജ്യോതിസ്തവ ഭാനുമാനഹനി  മേ
രാത്രൌ പ്രദീപാദികം 
സ്യാദേവം രവിദീപദർശനവിധൗ 
കി ജ്യോതിരാഖ്യാഹി മേ 
ചക്ഷുസ്തസ്യ നിമീലനാദിസമയേ
കിം ധീർധിയോ ദർശനേ 
കിം തത്രാഹമതോ ഭവാൻ പരമകം 
ജ്യോതിസ്തദസ്മി പ്രഭോ

*സനാതന ധർമ്മ

No comments: