Saturday, March 09, 2019

ഉത്താനകന്റെ ഗുരുദക്ഷിണ*

അയോധധൗമ്യ മഹര്‍ഷിയുടെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്ന വേദ മുനിയുടെ ശിഷ്യനായിരുന്നു
ഉത്താനകന്‍.   

ഒരിക്കല്‍ അദ്ദേഹം യാഗാവശ്യങ്ങള്‍ക്ക് വേണ്ടി കുറച്ചു നാള്‍ മാറിനില്‍ക്കേണ്ടി വന്നപ്പോള്‍  തന്റെ ആശ്രമവും മറ്റും ഉത്താനകനെ നോക്കാനേല്പിച്ചു.    ഉത്താനകനാകട്ടെ ഗുരുവിന്റേ ആഗ്രഹം പോലെ ആശ്രമവും പരിസരവും വളരെ  ഭംഗിയായ് സൂക്ഷിച്ചു.  ഗുരു തിരിച്ചു വന്നപ്പോള്‍ഉത്താനകന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനായി പറഞ്ഞു  "നിന്റെ അദ്ധ്യയനം സമാപിക്കാറായിരിക്കുന്നു. നിനക്ക് ഈ ഗുരുകുലം വിട്ടു പോകാം". 

ഇതു കേട്ടപ്പോള്‍ ഉത്താനകന്‍ ചോദിച്ചു "അങ്ങേക്ക് ഞാന്‍ എന്താണ് ഗുരുദക്ഷിണയായ് നല്കേണ്ടത്?"  ഗുരു പറഞ്ഞു  "നീ പോയി നമ്മുടെ പത്നിയോടു ചോദിക്കൂ".   അങ്ങനെ ഉത്താനകന്‍ ഗുരു പത്നിയുടെ സമീപത്ത് ചെന്നു.   ഗുരു പത്നി പറഞ്ഞു.   "ഇന്നേക്ക് നാലാം ദിവസം ഈ ആശ്രമത്തില്‍ വെച്ച് ഒട്ടെറെ ബ്രാഹ്മണരും മറ്റും പങ്കെടുക്കുന്ന ഒരു യാഗം നടക്കുന്നുണ്ട്.   അതിലേക്ക് ധരിക്കുവാനായി എനിക്ക് പൗഷ്യ രാജാവിന്റെ പത്നിയുടെ കമ്മല്‍ കിട്ടിയാല്‍ കൊള്ളമെന്നുണ്ട്.   നീ അതെനിക്കു കൊണ്ടുത്തരണം."

അങ്ങനെ ഗുരുവിന്റെ ആശീര്‍വാദവും വാങ്ങി ഉത്താനകന്‍ കൊട്ടാരതിലേക്ക് യാത്ര തിരിച്ചു.   വഴിമദ്ധ്യേ അദ്ദേഹം ഒരു കൂറ്റന്‍ കാളയേയും അതിനൊപ്പം ഒരു അസാധാരണ മനുഷ്യനേയും കണ്ടു.   ആ മനുഷ്യന്‍ ഉത്താനകനോട് പറഞ്ഞു. "ഈ കാളയുടെ ചാണകം ഭക്ഷിക്കു".   ഉത്താനകന്‍ ഇതു കേട്ട് ഒന്നും മിണ്ടാതെ നിന്നു.   അപ്പോള്‍ ആ മനുഷ്യന്‍ വീണ്ടും പറഞ്ഞു.  "സംശയികേണ്ട.   നിന്റെ ഗുരുവും ഇതു ഭക്ഷിച്ചിട്ടുണ്ട്."  ഇതു കേട്ടപ്പോള്‍  ഉത്താനകന്‍ ആ മനുഷ്യന്‍ പറഞ്ഞതു പോലെ ചെയ്തു.  അങ്ങനെ  അദ്ദേഹം കൊട്ടാരത്തിലെത്തി.   പൗഷ്യ രാജാവ് അദ്ദേഹത്തെ വളരെയധികം ആദരവോടെ സ്വീകരിച്ചിരുത്തി.   ഉത്താനകന്‍ തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.  രാജാവു പറഞ്ഞു.   "അങ്ങ് അന്തഃപുരത്തില്‍ ചെന്നു രാജ്ഞിയോട് ചോദിക്കു".   അങ്ങനെ ഉത്താനകന്‍  അന്തഃപുരത്തില്‍ ചെന്നു.  എന്നാല്‍ അദ്ദെഹത്തിനു അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല.  ഉത്താനകന്‍ തിരിച്ചു വന്നു രാജാവിനെ കാര്യം ധരിപ്പിച്ചു.  രാജാവു പറഞ്ഞു.  "അല്ലയോ മഹര്‍ഷേ, എന്റെ ഭാര്യ വളരെ വിശുദ്ധയായ സ്ത്രിയാണ്.   ഏതെങ്കിലും തരത്തില്‍ അശുദ്ധിയുള്ള ആള്‍ക്ക് അവളെ കാണാന്‍ സാധിക്കുകയില്ല.  "ഇതു കേട്ട ഉത്താനകന്‍ ചിന്തിച്ചു, എന്നിട്ടു പറഞ്ഞു.  "രാജന്‍ അങ്ങു പറഞ്ഞത് ശരിയാണ്,  തിടുക്കം കാരണം ഭക്ഷണത്തിനു ശേഷം ഞാന്‍ നിന്നു കൊണ്ടാണ് ശരീര ശുദ്ധി ചെയ്തത്.   അതായിരിക്കും കാരണം.  "ഇതു പറഞ്ഞതിന് ശേഷം അദ്ദേഹം വിധിപ്രകാരം  ശരീര ശുദ്ധി വരുത്തി അന്തഃപുരത്തില്‍ ചെന്നു.   ഇത്തവണ അദ്ദേഹം രാജ്ഞിയെ കണ്ടു.   കാര്യം പറഞ്ഞപ്പോള്‍ രാജ്ഞി സന്തോഷത്തോടു കൂടി കമ്മല്‍ അദ്ദേഹത്തിനു നൽകി.   എന്നിട്ടു പറഞ്ഞു.   "സര്‍പ്പരാജാവായ തക്ഷകന് എന്റെ ഈ കമ്മലില്‍ ആഗ്രഹമുണ്ട്.   അതുകൊണ്ട് വളരെ ശ്രദ്ധയോടെ കൊണ്ടു പോകണം.  "ഇതു കേട്ട ഉത്താനകന്‍ പറഞ്ഞു. "തക്ഷകന് എന്റെ കയ്യില്‍ നിന്നു ഇതു അപഹരിക്കുകയില്ല."

അങ്ങനെ ഉത്താനകന്‍ കമ്മലുമായി യാത്ര തിരിച്ചു.   വഴിമദ്ധ്യേ അദ്ദേഹം തന്റെ എതിരേ ഒരു പിച്ചക്കാരന്‍ നടന്നു വരുന്നത് കണ്ടു.  അദ്ദേഹം ആ കമ്മല്‍ ഒരു മരച്ചുവട്ടില്‍ വച്ച് കുളിക്കാന്‍ വേണ്ടി നദിയിലേക്ക് പോയി.   ആ സമയത്ത് പിച്ചക്കാരന്‍ ആ കമ്മലുമായി കടന്നു കളഞ്ഞു. ഇതു കണ്ട ഉത്താനകന്‍ പിച്ചക്കാരന്റെ പുറകെ ചെന്ന് അവനെ കടന്നു പിടിച്ചു.   തല്‍ക്ഷണം ആ പിച്ചക്കാരന്‍ തന്റെ സ്വന്തം രൂപം പുറത്തെടുത്തു.   അതു മറ്റാരുമല്ലായിരുന്നു നാഗരാജാവായ തക്ഷകന്‍ തന്നെയായിരുന്നു.   തക്ഷകന്‍ ഉത്താനകന്റെ കയ്യില്‍ നിന്നു വഴുതിമാറി തൊട്ടടുത്ത കണ്ട മാളത്തിലൂടെ നാഗലോകത്തേക്ക് യാത്രയായി.

അപ്പോള്‍ ഉത്താനകന് രാജ്ഞി പറഞ്ഞത് ഓര്‍മ്മ വന്നു.   കമ്മല്‍ കൊണ്ടു പോയത് തക്ഷകന്‍ തന്നെയെന്നു ഉറപ്പിച്ച് അദ്ദേഹം തൊട്ടടുത്ത് കിടന്ന ഒരു വടി എടുത്ത് മാളം വലുതാക്കാന്‍ തുടങ്ങി.   ഉത്താനകന്റെ ഈ അവസ്ഥയില്‍ വിഷമം തോന്നിയ ഇന്ദ്രന്‍ തന്റെ വജ്രായുധം ഉപയോഗിച്ച് അദ്ദേഹത്തെ സഹായിച്ചു.  അങ്ങനെ ഉത്താനകന്‍ നാഗലോകത്തെത്തി.   അവിടെ അദ്ദേഹം  കണ്ടത് രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്ന്തും,  അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നതും പിന്നെ ഒരു കുതിരയേയും അതിനു മുകളില്‍ വളരെ സുന്ദരനായ ഒരു മനുഷ്യനേയും.   ഉത്താനകന്‍ ആ മനുഷ്യനോട് തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.   ആ മനുഷ്യന്‍ പറഞ്ഞു.  "നീ ഈ കുതിരയുടെ പുറത്ത് ശക്തിയായി ഊതുക".  ഉത്താനകന്‍ അപ്രകാരം ചെയ്തു.   അപ്പോള്‍ ആ കുതിരയുടെ ഓരോ രോമകൂപത്തില്‍ നിന്നും തീ വമിക്കാന്‍ തുടങ്ങി.   ചൂട് അസഹനീയമായപ്പോള്‍ നാഗങ്ങള്‍ വെളിയില്‍ വരാന്‍ തുടങ്ങി.   അവസാനം തക്ഷകന്‍ തന്നെ അവിടെ എത്തിച്ചേര്‍ന്ന് ആ കമ്മല്‍ അദ്ദേഹത്തിനു നല്കി. 

കമ്മല്‍ കൈയിലെത്തിച്ചേര്‍ന്നപ്പോളാണ് ഉത്താനകന്‍ ചിന്തിച്ചത് ഇന്നാണ് ഗുരു പത്നി പറഞ്ഞ് ആ ദിവസം.   ഇത്രയും ദൂരത്തു നിന്നും എങ്ങനെ അവിടെ എത്തിച്ചേരും.  ഉത്താനകന്റെ ഈ ചിന്ത മനസ്സിലാകിയ ആ മനുഷ്യന്‍ പറഞ്ഞു.   "നീ ഈ കുതിരമായി പോകു.   ഇതു നിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും."  അങ്ങനെ ഉത്താനകന്‍ ആ കുതിരപ്പുറത്തേറി ആശ്രമത്തിലെത്തിച്ചേര്‍ന്നു.   കമ്മല്‍ ഗുരുപത്നിക്കു നല്കി.  അതിനു ശേഷം അദ്ദെഹം ഗുരുവിനു മുൻപിലെത്തി പറഞ്ഞു.   "ഗുരോ ഈ കമ്മല്‍ എന്റെ കയ്യില്‍ നിന്നും തക്ഷകന്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു.   അത് ലഭിക്കാന്‍ വേണ്ടി എനിക്ക് നാഗലോകത്തില്‍ പോവേണ്ടി വന്നു.  അവിടെ ഞാന്‍ രണ്ടു സ്ത്രികള്‍ കറപ്പും വെളുപ്പും നൂലുകളുപയോഗിച്ച് ഇടവേളയില്ലാതെ തുണി നെയ്യുന്നത് കണ്ടു.  ഗുരോ ആരാണവര്‍?   അതുപോലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ആറു കുട്ടികള്‍ ചേര്‍ന്ന് ഉരുട്ടി നീക്കുന്നത് കണ്ടു.   എന്താണത് അര്‍ത്ഥമാക്കുന്നത്.  അതുപോലെ എന്നെ എവിടെ എത്തിച്ച ആ കുതിരയും ആ മനുഷ്യനും ആരാണ്.   പിന്നെ ഞാന്‍ കൊട്ടാരത്തിലെക്ക് പോകും വഴി കണ്ട ആ ഭിമാകാരനായ കാളയും കാളക്കാരനും ആരാണ് ?   ആ കാളക്കാരന്‍ എന്നോട് അതിന്റെ ചാണകം ഭക്ഷിക്കാന്‍ പറഞ്ഞു.   അങ്ങും അത് ഭക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞു.   ഗുരോ എന്താണിതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നു അങ്ങ് എനിക്ക് മനസ്സിലാക്കിത്തന്നാലും.

ഇതുകേട്ട് ഗുരു പറഞ്ഞു." നീ നാഗലോകത്ത് കണ്ട് രണ്ട് സ്ത്രീകള്‍ ധാതാവും വിധാതാവുമാണ്.   കറുപ്പും വെളുപ്പും നൂലുകള്‍ രാത്രിയേയും പകലിനേയും ആണ് സൂചിപ്പിക്കുന്നത്.  അതുപൊലെ 12 ആരക്കാലുകളുള്ള ഒരു വലിയ ചക്രം ഒരു വര്‍ഷത്തെയും  ആറു കുട്ടികള്‍  ആറു ഋതുക്കളെയും   പ്രതിനിധാനം ചെയ്യുന്നു.  നീ അവിടെ കണ്ട മനുഷ്യന്‍ മഴദേവനായ  പാര്‍ജ്ജന്യനാണ്.  കുതിര അഗ്നിദേവനും.  പിന്നെ നീ വഴിയില്‍ കണ്ട കാള ഐരാവതമാണ്, കാളക്കാരന്‍ ഇന്ദ്രനും നീ ഭക്ഷിച്ചത് അമൃതാണ്.   അതു കൊണ്ടാണ് നിനക്കു നാഗലോകത്ത് പോയിട്ടും തിരികെ വരാന്‍ കഴിഞ്ഞത്.   ഉത്താനകാ, നിന്റെ വിദ്യാഭാസം പൂര്‍ത്തിയായിരിക്കുന്നു.   നിനക്ക് ഇനി ഇവിടം വിട്ടു പോകാം"

ഉത്താനകന്‍ അങ്ങനെ ആശ്രമത്തില്‍ നിന്നും യാത്രയായി.   എന്നാല്‍ തന്റെ ഉദ്യമത്തിനു തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തിരുമാനിച്ച് അദ്ദേഹം നേരെ ജനമേജയന്റെ കൊട്ടാരത്തില്‍ ചെന്നു പറഞ്ഞു.  "നാഗങ്ങളുടെ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് താങ്കളുടെ  പിതാവിനെ കൊന്ന തക്ഷകന്‍ ഇന്നു എന്റെ ലക്ഷ്യത്തിനു തടസ്സം വരുത്താനും ശ്രമിച്ചു.   അതുകൊണ്ട് രാജന്‍ നാഗങ്ങളുടെ ഈഅഹങ്കാരം ശമിപ്പിക്കുന്നതിനു വേണ്ടി ഒരു  യാഗം നടത്തു. 

"അങ്ങനെ ഉത്താനകന്റെ നിര്‍ദേശപ്രകാരം തന്റെ പിതാവിന്റെ മരണത്തിനുത്തവാദിയായ തക്ഷകനെയും നാഗവംശത്തെയും നശിപ്പികാന്‍ വേണ്ടി ജനമേജയന്‍ നടത്തിയ യാഗമാണ് സര്‍പ്പസത്രം.  ആ സര്‍പ്പസത്രത്തിന്റെ ഇടവേളകളില്‍ വച്ചാണ് വേദവ്യാസന്റെ ശിഷ്യനായ വൈശന്പായനന്‍ ജനമേജയന് ഭാരതകഥ പറഞ്ഞു കൊടുക്കുന്നത്.  എന്നാല്‍ തക്ഷകനു വേണ്ടി നടത്തിയ ഈ യാഗത്തില്‍ നിന്ന് തക്ഷകന്‍ രക്ഷപ്പെട്ടു.

*സനാതന ധർമ്മ 

No comments: