Wednesday, June 19, 2019

ദക്ഷിണാമൂർത്തി സ്തോത്രം-44

പ്രജ്ഞാ നേത്രോ വൈ ലോക: എന്ന് വേദത്തിൽ പറയുന്നു. ഈ ലോകം തന്നെ പ്രജ്ഞയാകുന്ന നേത്രം കൊണ്ടാണ് കാണുന്നത്. അഹം എന്ന അനുഭവത്തിനെയാണ് ഇവിടെ കണ്ണ് എന്ന് പറയുന്നത്. ആ ഒരേ ഒരു പ്രകാശം കണ്ണിലൂടെ ദർശനമായിട്ടും, ചെവിയിലൂടെ ശബ്ദമായിട്ടും, മൂക്കിലൂടെ മണമായിട്ടും ,നാവിലൂടെ രുചിയായിട്ടും, ത്വക്കിലൂടെ സ്പർശമായിട്ടും ഒക്കെ അനുഭവപ്പെടുന്നു. കണ്ണിലൂടെയും, ചെവിയിലൂടെയും ഒക്കെ ഈ അന്തർയാമിയുടെ രസത്തിന്റെ ഒരംശം നമ്മൾ അനുഭവിക്കുന്നുണ്ട്.. അത് കണ്ണിലൂടെ സൗന്ദര്യമായിട്ടും, ചെവിയിലൂടെ മധുര ശബ്ദമായിട്ടും, മൂക്കിലൂടെ നല്ല സുഗന്ധമായിട്ടും, നാവിലൂടെ രുചിയായിട്ടും ഒക്കെ തോന്നുമ്പോൾ അതിലൊക്കെ പോയി പറ്റി പറ്റി പിടിക്കയാണ് നമ്മൾ. വാസ്തവത്തിൽ സകല രസവും ഈ അന്തർയാമിയിൽ നിന്നാണ് വരുന്നത്.

ഇനി അങ്ങനെയല്ല പായസത്തിലാണ് രുചിയെങ്കിൽ പായസം എടുത്ത് ഏതെങ്കിലും വസ്തുവിൽ തേച്ചാൽ രുചിക്കുമോ? ഏയ് നാവിൽ തേക്കുമ്പോഴാണ് രസം, നാവിലാണ് രസം. അല്ല നാവിലാണ് രുചി എങ്കിൽ നാവ് മുറിച്ച് പായസത്തിലിട്ടാൽ രുചിക്കുമോ? ഏയ് ശരീരത്തിലിരിക്കണം. എങ്കിൽ ജഡ ശരീരത്തിന്റെ നാവിൽ പായസം ഒഴിച്ചാൽ രുചിക്കുമോ? ജീവനുള്ളപ്പോൾ രുചി എവിടെ നിന്ന് വരുന്നു ജീവനിൽ നിന്നാണ് വരുന്നത്. 

നല്ല സംഗീതം ശവത്തിന് മുന്നിലിരുന്ന് പാടിയാൽ കേൾക്കുമോ? എത്ര സംഗീതമാസ്വദിക്കുന്ന ആളാണെങ്കിലും കേൾക്കില്ലല്ലോ. ആ ആസ്വാദന രസം എവിടെ നിന്ന് വന്നു. അന്തർയാമിയിൽ നിന്ന് വന്നു. ഈ രാഗങ്ങളൊക്കെയും എവിടെ നിന്നുണ്ടായി? അത് പണ്ട് ഏതോ മഹാന്മാർ കണ്ടു പിടിച്ചു. എവിടെന്ന് കണ്ടു പിടിച്ചു ബാഹ്യമായ പ്രകൃതിയിൽ നിന്ന് കണ്ടു പിടിച്ചതാണോ? ഇല്ല അന്തർയാമിയിൽ നിന്ന് വന്നു. എല്ലാം അവിടെ ഉണ്ട്. ഭാഗവതം എവിടെന്ന് എഴുതി വ്യാസൻ. അന്തർയാമിയിൽ നിന്നെഴുതി. സമാധി ചക്ഷുസ്സാ. എല്ലാം അവിടെ ഉണ്ട്. ഉപനിഷത്തുക്കൾ എവിടെ നിന്ന് വന്നു അന്തർയാമിയിൽ നിന്ന്, അഹത്തിൽ നിന്ന് അല്ലെങ്കിൽ നിങ്ങളിൽ നിന്ന് വന്നു. 

ഓരോരുത്തരുടേയും ഉള്ളിലുള്ള സത്ത അതിനെ സാധാരണമായിട്ട് കരുതണ്ട. അതിനേക്കാൾ വലിയൊരു നിധി നിങ്ങൾ ഒരിടത്തും കണ്ടെത്താനെ പോകുന്നില്ല. എത്ര ജന്മങ്ങൾ തിരഞ്ഞാലും ഒരിടത്തും കണ്ടെത്താൻ പോകുന്നില്ല.പൂർണ്ണ വസ്തു ഇവിടെ പ്രകാശിക്കും അഹം അഹം അഹം. 

അഘണ്ടാനു സ്വാമി, വൃന്ദാവനത്തിൽ അദ്ദേഹത്തിന്റെ ആശ്രമം ഉണ്ട്. ഭാഗവതത്തിൽ ഏറ്റവും പ്രസിദ്ധമായ വ്യാഖ്യാനം അദ്ദേഹത്തിന്റെയാണ്, ഹിന്ദിയിൽ. അദ്ദേഹത്തിന്റെ ഗുരു വളരെ പ്രസിദ്ധനായ പൂർണ്ണാനന്ദ സ്വാമികളാണ്, ഉടിയ ബാബ എന്നും വിളിക്കും. ഈ ഗുരുവിനെ സ്തുതിച്ച് ഒരു കൃതി അദ്ദേഹം എഴുതുകയുണ്ടായി. ദക്ഷിണാമൂർത്തി സ്തോത്രം പോലെ തന്നെയാണ് ആ കൃതിയും. അതിലൊരു ശ്ലോകത്തിൽ പറയുന്നു ഗുരു തനിക്ക് ഉപദേശിച്ചത്. 

വൈകുണ്ഠ കേന ദൃഷ്ട: 
ശ്രവണ പദ ഗത സ്വപ്നവത് ഭാതി ചിത്തേ 
തത് വൃത്തീനാം നിരോധ സഹജ ശയനവത് തത്രകോവ പ്രമോദ:
പ്രാ പ്രത്യക്ത് ഭാവ മുക്തം തഥിത മഹമിതി ബ്രഹ്മ പൂർണ്ണം ന ജാന്യത് പൂർണ്ണാനന്ദോപദേശോ 
ഭിഷി ഭിവിഷ സദാ മംഗളം ദേദി ശീതു

എവിടെയോ ഒരു വൈകുണ്ഠമുണ്ട്. എവിടെയോ ഉള്ള വൈകുണ്ഠത്തിലേയ്ക്ക് പോകാൻ പോകുന്നു. അതാര് കണ്ടു. അഥവാ ഇനി എത്ര വർണ്ണിച്ച് തന്നാലും ഒരു ദർശനം പോലെ മുന്നിൽ വന്നിട്ട് മറഞ്ഞ് പോകും. യോഗികളൊക്കെ സമാധി അനുഭവിക്കുന്നുവല്ലോ ആ സമാധിയോ? തത് വൃത്തീനാം നിരോധ. ഈ വൃത്തി നിരോധ രൂപത്തിലുള്ള  സമാധിയുണ്ടല്ലോ സഹജ ശയന വത്. ദിവസവും സുഷുപ്തിയിലുള്ള പോലെ വന്ന് പോകുന്നു. പ്രാ പ്രത്യക്ത് ഭാവ മുക്തം ഒരു ഭൂതമോ , ഭാവിയോ, വിച്ഛിത്തിയോ ഇല്ലാതെ ഒരിക്കലും നഷ്ടപ്പെടാതെ തഥിത മഹമിതി ബ്രഹ്മ പൂർണ്ണം ന ജാന്യത് എപ്പോഴും അനുഭവത്തിൽ ഞാനുണ്ട് ഞാനുണ്ട് എന്ന് ഹൃദയത്തിൽ സദാ പ്രകാശിക്കുന്ന സത്താമാത്രം, നിർവിശേഷം, നിരീഹം. 

സത്വം സാക്ഷാത് വിഷ്ണുരദ്ധ്യാത്മ ദീപ: 
ഓരോരുത്തരുടേയും ഉള്ളിൽ സത്താമാത്രമായി അഹമഹമെന്ന് അനുഭവിക്കുന്നതുണ്ടല്ലോ ബ്രഹ്മ പൂർണ്ണം ന ജാന്യത് ,പൂർണ്ണമായ ബ്രഹ്മമാണ് തത്ത്വമസി. ആ ഉപദേശം മംഗളം ദേദി ശീതു വലിയ മംഗളത്തെ നമുക്ക് കടാക്ഷിച്ച് അനുഗ്രഹം ചെയ്യട്ടെ. ആ മംഗളത്തെ നമുക്ക് നല്കട്ടെ. മംഗളം വരണമെങ്കിൽ അവിടുന്നേ മംഗളം വരികയുള്ളു. 

Nochurji🙏🙏
malini dipu

No comments: