Tuesday, June 25, 2019

ദക്ഷിണാമൂർത്തി സ്തോത്രം-45
ദൃശിമതാം അഖിലാർത്ഥ ലാഭം ഇനി ഒന്നും കാണാനാഗ്രഹമില്ല എന്ന് വരണമെങ്കിലോ കാണുന്നവനെ കണ്ടാൽ പിന്നെ കാണുന്നതിലൊന്നും ആഗ്രഹമുണ്ടാകില്ല. ഇനി ഒന്നും കേൾക്കാനാഗ്രഹമില്ലെന്ന് എപ്പോൾ വരും എല്ലാം കേൾക്കുന്നവൻ ഒരാളുണ്ടല്ലോ അവനെ കേട്ട് കഴിഞ്ഞാൽ പിന്നെ ഒന്നും കേൾക്കാനാഗ്രഹമുണ്ടാകില്ല.
നേതം എദിതം ഉപാസതേ ഉപനിഷത്ത് ഇതാണ് പറയുന്നത്.
യത് ചക്ഷുസ്സാ ന പശ്യതി
യേന ചക്ഷും ശി പശ്യന്തി
ഏത് ഉള്ളത് കൊണ്ട് കണ്ണ് കാണപ്പെടുന്നുവോ ഏതിനെ കണ്ണ് കൊണ്ട് കാണാൻ സാദ്ധ്യമല്ലയോ തത് ബ്രഹ്മ
യേന ശ്രോത്ര മിതകും ശ്രുതം
ഏതൊന്നുള്ളത് കൊണ്ട് ചെവി കേൾക്കുന്നുവോ.
എൻ മനസാന മനുതേ
ഏനാ ഹ്രും മനോ മതം
തഥൈവ ബ്രഹ്മ ത്വം വിദ്ധി
നേതം യദിതം ഉപാസതേ
ഏതൊന്നുള്ളത് കൊണ്ട് മനസ്സ് പ്രവർത്തിക്കുന്നുവോ അതാണ് ബ്രഹ്മം. അതിലേയ്ക്ക് ശ്രദ്ധയേ തിരിച്ചു വിടു. അല്ലാതെ നിങ്ങൾ ഉപാസിക്കുന്നതൊന്നും ബ്രഹ്മമാവില്ല. ശ്രദ്ധ അവിടെയല്ലെങ്കിൽ ഉപാസനകളൊക്കെ ഒരുക്കങ്ങൾ മാത്രമാണ്. ശ്രദ്ധ ഈ സത്യത്തിലേയ്ക്ക് തിരിയണം. സത്യമെന്താ അഹമഹമെന്ന ഒരേയൊരു ജ്യോതി.
ഒരു ഇരുട്ടുമുറിയിൽ വിളക്ക് കൊളുത്തി വച്ചു. എന്നിട്ട് അഞ്ച് ദ്വാരമുള്ള കുടം വച്ച് ആ വിളക്കിനെ കമഴ്ത്തി മൂടിയാൽ ഈ അഞ്ച് ദ്വാരത്തിലൂടെയും ഒരേ ദീപത്തിന്റെ നാളം പുറത്തേയ്ക്ക് വരും. ഓരോ ദ്വാരത്തിലും പ്രകാശം കടക്കുന്ന, സുതാര്യമായ പേപ്പർ ഒട്ടിക്കുക. അഞ്ച് ദ്വാരത്തിലും അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള പേപ്പർ ഒട്ടിക്കുക. ഒന്നിൽ നീല, ഒന്നിൽ പച്ച, ചുവപ്പ്, മഞ്ഞ, കറുപ്പ് അങ്ങനെ അഞ്ച് നിറങ്ങൾ ഒട്ടിച്ചാൽ ഒരേ ദീപം അഞ്ച് നിറങ്ങളിൽ പുറത്തേയ്ക്ക് വരും. എന്നിട്ട് എനിക്ക് നീലയാണിഷ്ടം, ചുവപ്പാണിഷ്ടം എന്നൊക്കെ പറഞ്ഞ് ശണ്ഠ കൂടാം. പക്ഷേ ശരിക്കും ഉള്ളതോ, ഒരേ ഒരു ദീപമാണ്. അതുപോലെ ഉള്ളിലുള്ള ഒരേ ഒരു അനുഭവ സ്വരൂപമായ പൂർണ്ണ വസ്തു, ബ്രഹ്മം, പരമാത്മാ കണ്ണിലൂടെ ദൃശ്യമായിട്ടും, ചെവിയിലൂടെ ശബ്ദമായിട്ടും , മൂക്കിലൂടെ മണമായിട്ടും, നാവിലൂടെ രുചിയായിട്ടും ഒക്കെ അനുഭവപ്പെടുന്നു . ഒരേ അനുഭവ വസ്തുവായ പ്രജ്ഞ ഈ അഞ്ചിന്ദ്രിയങ്ങളിലൂടെയും പുറമേയ്ക്ക് വിസ്തരിക്കുമ്പോൾ നമുക്ക് പലതായിട്ടനുഭവപ്പെടുന്നു. വാസ്തവത്തിൽ ദർശനം, സ്പർശനം, ശ്രവണം ഒക്കെ ഒന്നു തന്നെ. എല്ലാത്തിനും ഒരേ മൂലമാണ്. ആ മൂലത്തിനെയാണ് ആചാര്യപാദർ അടുത്ത ശ്ലോകത്തിൽ ഉദാഹരണ സഹിതം പറയുന്നത്.
നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 4 ||
നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം. ഒരു കുടം അതിൽ നാനാച്ഛിദ്രം അഥവാ ദ്വാരം. ആ കുടത്തിൽ മഹാദീപ പ്രഭാഭാസ്വരം. നല്ല ഉജ്വലമായി ജ്വലിക്കുന്ന ഒരു വിളക്ക്. ആ വിളക്ക് ഘടോദര അഥവാ കുടത്തിന്റെ ഉദരഭാഗത്താണ് അല്ലെങ്കിൽ കുടത്തിനുള്ളിലാണ്. ആ ഓരോ ദ്വാരത്തിലൂടെയും പുറത്തേയ്ക്ക് വരുമ്പോൾ നമുക്ക് അനേക വിളക്കുകൾ ഉള്ള പോലെയും, അനേക വിധത്തിലുള്ള പ്രകാശം ഉണ്ടെന്ന് തോന്നുന്ന പോലെയും ഈ ശരീരത്തിനുള്ളിൽ ദേഹേ തഥാ ആത്മാ സ്ഥിത: ഈ ദേഹത്തിനുള്ളിൽ ഞാനുണ്ട് എന്ന അനുഭവമുണ്ട്.
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ഒരേ ഒരു ജ്ഞാനം അഥവാ ബോധം, പ്രജ്ഞ ചക്ഷുരാദികരണ ദ്വാരാ ചക്ഷുസ്സാദി കരണങ്ങളിലൂടെ അതായത് കണ്ണ്, ചെവി,മൂക്ക്, നാക്ക്, ത്വക്ക് എന്നീ കരണങ്ങളിലൂടെ ബഹിഃ സ്പംദതേ പുറമേയ്ക്ക് സ്പന്ദിക്കുന്നു. സ്പന്ദനമാണ്, എന്തോ ഒരു പ്രസരം നടന്നു കൊണ്ടേയിരിക്കുന്നു. അതാണ് ചിലപ്പോൾ നമ്മൾ എന്തെങ്കിലും ശ്രദ്ധിച്ചിരിക്കുമ്പോഴും മറ്റൊരാൾ പുറകിൽ വന്നു നിൽക്കുമ്പോൾ അല്പം സെൻസിറ്റീവ് ആണെങ്കിൽ അതുടൻ അറിയാൻ കഴിയുന്നത്. ഓരോ ഇന്ദ്രിയങ്ങളിലൂടേയും ഈ പ്രസരം നടന്നു കൊണ്ടിരിക്കുന്നുണ്ട്, ബഹിഃ സ്പംദതേ.
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
ഈ ജഗത്ത് മുഴുവൻ സമസ്ത ജഗത്ത്, ജഗത്തെന്നാൽ എന്താ? ശബ്ദം, സ്പർശം, രൂപം, രസം,ഗന്ധം ഇതാണ് ജഗത്ത്. അത്രേയുള്ളു അല്ലാതെ അമേരിക്ക, ആഫ്രിക്ക, സൂര്യൻ, ചന്ദ്രൻ , ക്ഷീരപഥം എന്നൊന്നും വിശദീകരിക്കേണ്ട. അഞ്ചിന്ദ്രിയങ്ങളുള്ളത് കൊണ്ട് നമ്മുടെ അനുഭവം പ്രപഞ്ചമായിട്ടിരിക്കുന്നു. ചില പ്രാണികൾക്ക് അവരുടെ ഇന്ദ്രിയങ്ങളുടെ എണ്ണം കൂടുകയോ, കുറയുകയോ ചെയ്യുന്നതോടൊപ്പം അവരുടെ അനുഭവം മാറി കൊണ്ടിരിക്കും. ഈ അനുഭവത്തിന് ആശ്രയമെന്താണ്? ജാനാമീതി തമേവ ഭാന്തം അനുഭാതി ഏതം സമസ്തം ജഗത്. ഈ സമസ്ത ജഗത്തിനേയും പ്രകാശിപ്പിക്കുന്ന ഒരു മഹാ പ്രകാശമെന്താ? അഹം ജാനാമി, ഞാനുണ്ട്, ഞാനറിയുന്നു. ഉന്മയുടെ ഒരു സ്വരൂപമെന്താണ് ഈ ജഗത്തിനെ ഞാൻ അറിയുന്നു, ജഗത്തിനെ മുഴുവൻ ഞാൻ കാണുന്നു എന്നതാണ്. അതാണ് ഒരു കുഞ്ഞ് ജനിക്കുന്ന സന്ദർഭമുണ്ടല്ലോ ചിത്തിന്റെ അനുഭവമാണത്. ജനിച്ച ഉടനെ പ്രപഞ്ചത്തെ കാണുന്നു. ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം കാണുന്നു. ഉള്ളിലേയ്ക്ക് പോകുമ്പോൾ ലയിക്കുന്നു.
ഉറങ്ങാൻ പോകുമ്പോൾ ശിവ ദർശനം, സൃഷ്ടി ആരംഭിക്കുമ്പോൾ ബ്രഹ്മാവിന്റെ ദർശനം, പകൽ മുഴുവൻ വിഷ്ണുവും, സ്ഥിതികാരകൻ. നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ ഇതു മുഴുവൻ ഉണ്ട്. പകൽ എഴുന്നേൽക്കുമ്പോൾ സൃഷ്ടി ആരംഭിച്ചു ബ്രഹ്മ, ജാഗ്രത്തിൽ മുഴുവൻ വിഷ്ണു, ഉറങ്ങാൻ പോകുമ്പോൾ സംഹാരം. വീണ്ടും പിന്നോട്ട് വലിക്കുന്നു രുദ്രൻ.
ഈ സമസ്ത ജഗത്തിനേയും ആരറിയുന്നു? ജാഗ്രത് സ്വപ്ന സുഷുപ്തിനാം സാക്ഷി ഭൂത്യേ നമോ നമഃ
ഇതിനൊക്കെ സാക്ഷിയായിട്ടുള്ള വസ്തു നമ്മളുടെയൊക്കെ അന്തർയാമിയായി ഞാനുണ്ട് എന്ന അനുഭവ രൂപത്തിൽ പ്രകാശിക്കുന്നു.
Nochurji
malini dipu

No comments: