Friday, June 14, 2019



പ്രേമാദര ശിക്ഷണം (10)

വീണ്ടും മാമ്പഴം കവിത വിശകലനം ചെയ്യുന്നു. വായനക്കാരെ കൂടുതൽ  വേദനിപ്പിക്കാനല്ല. ആരേയും കുറ്റപ്പെടുത്താനല്ല. മാമ്പഴക്കവിതയിലെ ദുരന്തങ്ങൾ ഇന്ന് പല പ്രകാരങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
കാലത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ തിരിച്ചു പോക്ക് അസാധ്യമാണല്ലോ. എന്നാൽ വന്നു പോയ പിഴവുകൾ ബോധ്യമായാൽ ക്ഷതങ്ങൾ പരിഹരിക്കാൻ പാകത്തിൽ ഇടപെടാൻ സാധിക്കും.
കുറ്റബോധം തോന്നുന്നവർ അവരുടെ ശൈലിയിൽ അവധാനതയോടെ മാറ്റം വരുത്തണം. 
ശുഭ സമീപനങ്ങൾ സമാജത്തിൽ ചർച്ച ചെയ്യപ്പെടണം. 

മാവു പൂക്കുന്നത് പ്രതീക്ഷയോടെ കാത്തിരുന്ന അമ്മ കുട്ടിയുടെ പ്രവൃത്തിയിൽ അസഹിഷ്ണുവായിപ്പോയി. അമ്മയുടെ വികാരം ന്യായീകരിക്കത്തക്കതു തന്നെ. എന്നാൽ വികാര പാരവശ്യത്താൽ കുട്ടിയോട് ചൊടിച്ചത് അക്ഷന്തവ്യമായ വീഴ്ചയായെന്നതാണ് വസ്തുത. അമ്മ പൂങ്കുലയേക്കാൾ, മാമ്പഴങ്ങളേക്കാൾ തനിക്കു പ്രിയങ്കരനായ കുട്ടിയുടെ പക്ഷം കൂടി ആലോചിക്കാൻ സാവകാശം കാണിക്കണമായിരുന്നു. പൂങ്കുല കണ്ട കുട്ടി പൂത്തിരി കത്തിച്ചതു പോലെ ഓടിച്ചെന്നത് അമ്മയെ ഓർത്തിട്ടാണെന്നത് ഉറപ്പ്. കാരണം പൊട്ടിച്ചെടുത്ത പൂങ്കുല  അമ്മക്കു സമ്മാനിക്കാനാണ് ആ കുരുന്ന് ഓടിയടുത്തത്. കുഞ്ഞിന്റെ ആഹ്ലാദത്തിന്റെ കാരണം, അഥവാ അമ്മ കാണാതെ പോയ വസ്തുത കവി പറഞ്ഞിട്ടില്ല. ഇതിനു മുമ്പും കുട്ടി അമ്മക്ക് പൂക്കൾ പറിച്ച് നൽകിയിരിക്കണം. അപ്പോഴൊക്കെ അമ്മ സസന്തോഷം അഭിനന്ദിച്ചിരിക്കണം. അതാവില്ലേ ഈ പ്രവൃത്തിക്കും പ്രേരണയായത്?! അമ്മ പൊടുന്നനെ ചൊടിച്ചത് കുട്ടിയുടെ വൈകാരിക അവസ്ഥയെ ആകെ ദോഷകരമായി ബാധിച്ചു. തുടർന്നു പ്രതിപാദിക്കുന്ന സംഭവങ്ങൾ അത് വ്യക്തമാക്കുന്നു.

കുട്ടികളുമായി സഫലമായ ചർച്ച നടക്കണമെങ്കിൽ മാതാപിതാക്കൾ സ്വന്തം കുട്ടിക്കാലത്തേക്ക് ഭാവനാ സഹായത്താൽ യാത്ര ചെയ്തു നോക്കണം. ഒരു ശകാരത്തിന്റെ കഥ കൂടി വിസ്തരിക്കാം.
ഒരു കുട്ടിയുടെ  കയ്യിൽ നിന്ന് മനോഹരമായ കണ്ണാടി അബദ്ധത്തിൽ വീണ് പൊട്ടിയെന്നു കരുതുക, കുട്ടി ചിന്തിക്കുന്നതെന്തായിരിക്കും.  നേരത്തെ ഒരു കണ്ണാടിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടുണ്ടായി. പ്രതിബിംബങ്ങളും രണ്ട് . 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ' എന്ന മട്ട് കുട്ടി ഏറെ അത്ഭുതത്തോടെ രണ്ടു കഷ്ണങ്ങളും കയ്യിലെടുക്കും. 'ഇത് സമ്മാനിച്ചാൽ, അച്ഛന് ഏറെ സന്തോഷമാവും. അച്ഛൻ തന്റെ മിടുക്കിനെ നിശ്ചയമായും അഭിനന്ദിക്കും' എന്നും ആലോചിച്ചേക്കും. പൊട്ടിയ കണ്ണാടിയുമായി അച്ഛനരികിലെത്തുന്ന കുട്ടിയോട് 'നശിപ്പിക്കാൻ വേണ്ടി മാത്രം  പിറന്നവനേയെന്ന്' അച്ഛൻ  ആക്രോശിക്കുകയാണെങ്കിൽ കുട്ടി തീരുമാനിക്കുന്നത് - 'മേലാൽ അച്ഛൻ കാണും വിധം ഇത്തരം നല്ല കാര്യങ്ങളൊന്നും ചെയ്യാൻ പാടില്യാന്ന്  മനസ്സിലായി 'എന്നാവില്ലേ?. (മാതാപിതാക്കൾ കുട്ടികളായിരുന്ന കാലത്ത് കേട്ട ശകാരങ്ങളോടും, ശിക്ഷകളോടും  ഏതു വിധമാണ് പ്രതികരിച്ചതെന്ന് ആലോചിച്ചു നോക്കണം) 

കുട്ടികളുടെ വികാര വിചാരങ്ങളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് ആത്മപരിശോധനയുടെ സാവകാശമുണ്ടെങ്കിൽ സാധിക്കും.   കുട്ടികളിൽ ആരോഗ്യകരമായ വികാരം ഉണരുമ്പോൾ രക്ഷാകർത്താക്കൾ താന്താങ്ങളുടെ നിലയിൽ നിന്ന് അത് തെറ്റ് എന്ന് വിലയിരുത്താതിരിക്കണം. കാരണം കുട്ടികൾ സ്വന്തം നിലയിൽ ശരിയാണ് ചെയ്യുന്നത്. ആ ശരിയിൽ നിന്ന് വലിയവരുടെ ശരികളിലേക്ക് കുട്ടികളെ നയിക്കുവാനാണ് മാതാപിതാക്കൾ ഉത്സാഹിക്കേണ്ടത്. അതു സാധിക്കുന്ന തരത്തിൽ കുട്ടികളുമായി ചർച്ച നടത്തുകയാണ് വേണ്ടത്. 

കുട്ടികൾ അവരുടെ നിലയിൽ നിന്ന് ചിന്തിച്ചു പ്രവർത്തിക്കുമ്പോൾ വൈകല്യം ഉണ്ടാവുന്നുണ്ടെങ്കിൽ അവരുടെ ചിന്തയിലും, ശ്രദ്ധയിലും പെടാതെ പോയ ചില കാര്യങ്ങളുണ്ടാവും. രക്ഷാകർത്താക്കളുടെ തലത്തിൽ നിന്നും അത് കുട്ടികളെ അറിയിക്കാൻ കരുതലുണ്ടാവണം. പകരം അക്ഷമയും, ദേഷ്യവും പ്രകടിപ്പിച്ചാൽ ഫലം ചെയ്യുകയില്ലല്ലോ.   

1. രക്ഷാകർത്താക്കൾ താന്താങ്ങളുടെ അസ്വസ്ഥതകളുടെ തീവ്രതയും, കാരണവും ആഴത്തിൽ വിലയിരുത്തി അറിയണം.

2. കുട്ടികളുടെ വാക്കിന്റെയും, പ്രവൃത്തിയുടേയും പിറകിലെ ന്യായീകരണങ്ങൾ അന്വേഷിച്ചറിയണം. 

3. അതിലെ നോട്ടക്കുറവുകൾ വക തിരിച്ച് ഗ്രഹിക്കണം.

4. കുട്ടികളുടെ ബോധ്യങ്ങളേയും ചിന്തകളേയും ഉദ്ധരിച്ച് കൂടുതൽ ശ്രേയസ്കരമാക്കാൻ തീരുമാനമെടുക്കണം.

5. അതിനു സഹായകമായ രീതിയിൽ കുട്ടികളുമായി വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മാതാപിതാക്കൾ ഒന്നിച്ചിരുന്ന് വേണ്ട മുന്നൊരുക്കം നടത്തണം. 

6. ചർച്ചക്ക് ഉചിതമായ സമയം കുട്ടികളുമായി സംസാരിച്ച് നിശ്ചയിച്ച് നടപ്പിലാക്കണം. 

ശരിയായ ഗൃഹപാഠത്തിന്റെ പിൻബലമുള്ള ഇടപെടലുകൾ ഏവർക്കും ഏറെ സംതൃപ്തി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
 
(തുടരും...)

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
14th June ' 19

No comments: