Thursday, June 20, 2019

വാഗ്‌രൂപത്തില്‍ അഗ്നി

Tuesday 18 June 2019 3:07 am IST
ന വിലക്ഷണത്വാധികരണം തുടരുന്നു
സൂത്രം  അഭിമാനിവ്യപദേശസ്തു വിശേഷാനുഗതിഭ്യാം 
അഭിമാനി ദേവതകളെപ്പറ്റിയുള്ള വ്യപദേശമാണ് അത് എന്ന് വിശേഷവും അഭിവ്യാപ്തിയും പറഞ്ഞിട്ടുള്ളതുകൊണ്ട് മനസ്സിലാക്കാം.
ശ്രുതിയില്‍ ജലം, അഗ്‌നി, ഭൂമി തുടങ്ങിയ ജഡതത്വങ്ങള്‍ക്ക്  ചൈതന്യത്തെ ആരോപിച്ച് വര്‍ണിക്കുന്നുണ്ട്.
അചേതന വസ്തുക്കളായ മണ്ണ് പറഞ്ഞു, വെള്ളം പറഞ്ഞു, തേജസ് ഈക്ഷിച്ചു എന്ന് പറഞ്ഞത് അവയിലെ അഭിമാനി ദേവതകളെ ഉദ്ദേശിച്ചാണ്
ഭോക്താവ് അഥവാ അനുഭവിക്കുന്നയാള്‍ ചേതനമാണെന്നും ഭൂതങ്ങളും ഇന്ദ്രിയങ്ങളും അചേതനമാണെന്നുമാണ് വിശേഷ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമാന ദേവതകള്‍ അചേതന വസ്തുക്കളില്‍ വ്യാപിച്ചിരിക്കുന്നതായും പറയുന്നു. ആ അഭിമാനദേവതകളാണ് ചേതനങ്ങളായി പ്രവര്‍ത്തിക്കുന്നത്.
ഛാന്ദോഗ്യത്തില്‍ അഗ്നി, ജലം, അന്നം എന്നിവയുടെ ഉല്‍പ്പത്തി പറഞ്ഞ ശേഷം അവയെ ദേവതകളായി പറയുന്നു.
അതുപോലെ ഐതരേയത്തില്‍ അഗ്നി വാക്‌രൂപത്തില്‍ മുഖത്തും  വായുപ്രാണ രൂപത്തില്‍ നാസികയിലും ഇരുന്നു എന്ന് കാണാം. ഇങ്ങനെ വിശേഷ വര്‍ണനകളാല്‍ ജഡതത്വങ്ങളില്‍ ദേവതമാരെ ആരോപിച്ചിരിക്കുകയാണ്.
അചേതനമായ ജഗത്ത് ചേതനമായ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് പറയുന്നത് ശരിയല്ല എന്നതിന്റെ തെളിവാണിത്. എന്നാല്‍ അടുത്ത സൂത്രം അതിനെ . നിഷേധിക്കുന്നു.
സൂത്രം  ദൃശ്യതേ തു
എന്നാല്‍ കാണപ്പെടുന്നുണ്ടല്ലോ
ചേതനത്തില്‍ നിന്ന് അചേതനവും അചേതനത്തില്‍ ചേതനമായതും ഉണ്ടാകുന്നതായി ലോകത്തില്‍ കാണുന്നതിനാല്‍ ബ്രഹ്മത്തില്‍ നിന്ന് ജഗത്തുണ്ടാകുന്നതിന് വിരോധമില്ല എന്ന് ഈ സൂത്രം പറയുന്നു. ചേതനനായ മനുഷ്യനില്‍ നിന്നും നഖം, രോമം മുതലായവ വളര്‍ന്നു വരുന്നുണ്ട്.
'യഥാ സത: പുരുഷാത് കേശലോമാനി യഥാക്ഷ രാത് സംഭവതീഹ വിശ്വം' എന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്.
അചേതനമായ ചാണകം, മൃതദേഹം മുതലായവയില്‍ നിന്ന് പുഴുക്കളും കൃമികളും ഉണ്ടാകാറുണ്ട്. അതിനാല്‍ പൂര്‍വപക്ഷത്തിന്റെ വാദം നിഷേധിക്കുന്നു.
മനുഷ്യ ദേഹം ജഡമാണെന്നും അതില്‍ നിന്നാണ് നഖവും രോമവുമൊക്കെ ഉണ്ടാകുന്നതെന്നും വാദിച്ചാല്‍ ബ്രഹ്മത്തിന്റെ കാര്യത്തിലും അങ്ങനെയാകാം. അക്ഷര ബ്രഹ്മത്തില്‍ നിന്ന് ജഡമായ ജഗത്തിന്റെ ഉല്‍പ്പത്തിയെ അംഗീകരിക്കുക തന്നെ വേണം.
ബ്രഹ്മത്തിനും രണ്ട് അംശങ്ങളുണ്ട്. തൈത്തിരീയത്തില്‍ 'വിജ്ഞാനം ചാവിജ്ഞാനം ച സത്യം ചാനൃതംചാഭവത്'. ഇത്തരത്തില്‍ നോക്കുമ്പോള്‍ അവിജ്ഞാന അംശത്തില്‍ നിന്നാണ് ജഗത്ത് ഉണ്ടായതെന്ന് കരുതാം. സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മത്തിന്റെ സത്താംശം ജഗത്തില്‍ മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്നു.
 ജഗത്തിന്റെ ഉത്പത്തിയെ തര്‍ക്കം കൊണ്ട് അറിയാനാകില്ല എന്ന് ശ്രുതിയില്‍ പറയുന്നു. രൂപമില്ലാത്തതിനാല്‍ ബ്രഹ്മം പ്രത്യക്ഷ പ്രമാണത്തിനും വിഷയമല്ല.അടയാളം മുതലായവയുടെ അഭാവം മൂലം അനുമാനം ചെയ്യാനുമാകില്ല.
ആഗമമാത്രം കൊണ്ട് അറിയേണ്ടതാണിത്. അനുഭൂതി നേടിയ ആചാര്യര്‍ ആഗമത്തില്‍ പറയുന്നത് പറയുന്നത് വിശ്വസിക്കണം.
കഠോപനിഷത്തില്‍ 'നൈഷാ തര്‍ക്കേണ മതിരാപനേയാ പ്രോക്താന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ'
തര്‍ക്കം കൊണ്ട് ഇതറിയാന്‍ കഴിയില്ല. മറ്റുള്ളവര്‍ ഉപദേശിച്ചു തന്നാല്‍ മാത്രമേ  അറിയാനാകുകയുള്ളൂ. ശ്രുതിയ്ക്കനുസൃതമായ തര്‍ക്കം കൊണ്ട് മാത്രമേ ഇതിനെ മനസ്സിലാക്കാന്‍ കഴിയൂ. അല്ലാതെ വെറുതെയുള്ള തര്‍ക്കം അറിവിനെ നേടിത്തരില്ല.

No comments: