Friday, June 21, 2019

ഒരു നിമിഷം കണ്ണടച്ചുകൊണ്ടു സ്വന്തം മനസ്സിനെ നിരീക്ഷിക്കുക. എത്രയെത്ര ചിന്തകളാണ് മനസ്സിലൂടെ കടന്നു പോവുന്നത്.  അവയിൽ ശുഭചിന്തകളെത്ര അശുഭചിന്തകളെത്ര എന്നു വെറുതെ ഒരു കണക്കെടുത്തു നോക്കുക. ചിലപ്പോൾ നിങ്ങൾ അദ്ഭുതപ്പെട്ടുപോകും അശുഭചിന്തകളാണ് കൂടുതലെങ്കിൽ. നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയധികം അശുഭചിന്തകളും പേറിയാണ്  ഇത്ര നേരവും അല്ലെങ്കിൽ ഇത്ര നാളും ജീവിച്ചിരുന്നതെന്ന്. 

ഒരു പക്ഷെ അശുഭചിന്തകളേക്കാൾ കൂടുതൽ  ശുഭചിന്തകളാണ് നിങ്ങളുടെ കണക്കെടുപ്പിൽ ലഭിച്ചതെങ്കിൽ അത് ലക്ഷ്യപ്രാപ്തിയെ  എളുപ്പമാക്കുന്നു. വീട് വൃത്തിയാക്കും പോലെ നിങ്ങളുടെ മനസ്സും വൃത്തിയാക്കേണ്ടതുണ്ടെന്നു നിങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞാൽ ലക്ഷ്യം അതെന്തുമാവട്ടെ അതിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കുള്ള യഥാർത്ഥ ഒരുക്കം തുടങ്ങിയെന്നു സ്വയം മനസ്സിലാക്കാം. മനസ്സു വൃത്തിയാവുക എന്നു വെച്ചാൽ മാർഗ്ഗം വൃത്തിയാവുക എന്നു തന്നെയാണർത്ഥം.

 രാവിലെ  ഉണർന്നെണീക്കുമ്പോൾ തന്നെ ഈ ശുചീകരണം ആരംഭിക്കേണ്ടതുണ്ട്. ഇന്നത്തെ ദിവസം എല്ലാം ശുഭമായിത്തീരട്ടെ എന്ന നിശ്ശബ്ദ പ്രാർത്ഥനയോടെയാവണം  എന്നും രാവിലെ ഉണർന്നെണീക്കേണ്ടത്.  ശുഭചിന്തകളോടെ മാത്രം ഉറങ്ങാൻ തുടങ്ങുകയും ശുഭചിന്തകളോടെ മാത്രം ഉണരുകയും ചെയ്യുക എന്നത് ഒരു ശീലമാക്കുക.

 ജീവിതത്തിനുണ്ടാകുന്ന മാറ്റങ്ങൾ അനുഭവിച്ചറിയുക.  അശുഭചിന്തകൾ കടന്നുവരാതെ ഓരോ നിമിഷവും സൂക്ഷിക്കുക. അശുഭങ്ങളായ വാക്കുകൾ പോലും തോന്നിക്കരുതേ എന്നു പ്രാർത്ഥിക്കുക. അഥവാ എപ്പോഴെങ്കിലും അശുഭചിന്തകൾ കടന്നു വന്നാൽ അവയ്ക്കുമേൽ ശുഭചിന്തകളുടെ പൂക്കൾ വിതറുക. അവയുടെ നിറവും മണവും കൊണ്ട്   അശുഭചിന്തകളുടെ ദുർഗന്ധം മൂടിപ്പൊയ്ക്കൊള്ളും.  

ശുഭചിന്തകൾ മാത്രം സൂക്ഷിക്കുന്ന ഒരാൾക്ക് സന്തോഷം മറ്റൊരിടത്തു നിന്നും സ്വീകരിക്കേണ്ടിവരില്ല. ആ സന്തോഷത്തിൽ നിന്നും ലഭിക്കുന്ന സമ്പാദ്യങ്ങൾ നിങ്ങളുടെ ജീവിതത്തെ ഐശ്യര്യപൂർണമാക്കും തീർച്ച

No comments: