Monday, June 24, 2019

ദൗത്യം പരാജയം, യുദ്ധം അനിവാര്യം

Monday 24 June 2019 1:02 am IST
ശ്രീരാമന്റെ ദൂതുമായാണ് അംഗദനെത്തിയതെന്ന് അറിഞ്ഞ രാവണന്‍ രാമനെ കണക്കറ്റ് പരിഹസിച്ചു. എങ്കിലും രാമന്‍ കൊടുത്തു വിട്ട സന്ദേശം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഉള്ളില്‍.' ആ  ഭീരുവിന്റെ സന്ദേശമൊന്നു വായിക്കൂ. എന്താണ് അവന്റെ അപേക്ഷയെന്ന് കേള്‍ക്കട്ടെ. ' രാവണന്‍ അംഗദനോടു പറഞ്ഞു. അംഗദന്‍ ദൂതു വായിക്കാന്‍ തുടങ്ങി. 
'ലങ്കേശ്വരനായ രാവണാ, നീയെന്റെ പ്രിയപത്‌നിയെ മോഷ്ടിച്ചു. ആ സംഭവം നടന്നിട്ട് പതിനൊന്നു മാസം കഴിഞ്ഞു. സീതയെ വീണ്ടെടുക്കാനാണ് ഞാനിവിടെ വന്നത്. ഒട്ടും വൈകാതെ ദേവിയെ എന്റെ കൈകളിലേല്‍പ്പിക്കുക. അല്ലെങ്കില്‍ യുദ്ധത്തിന് തയാറായി കൊള്ളുക. 
സീതയെ വിട്ടു തന്നാല്‍ എല്ലാം ശുഭമായി കലാശിക്കും. അല്ലാത്തപക്ഷം സീതയെ നിനക്കു ലഭിക്കില്ലെന്നു മാത്രമല്ല ലങ്കാരാജ്യവും നഷ്ടപ്പെടും. നിന്റെ വംശം നാമാവശേഷമാകും. ഒടുവില്‍ നിന്റെ കഥയും കഴിയും. ' ദൂതു വായിച്ചു കേള്‍പ്പിച്ച ശേഷം ഇതിനൊരു മറുപടി സന്ദേശം തരണമെന്ന് അംഗദന്‍ രാവണനോടു പറഞ്ഞു. 
രാവണന്‍ അപ്പോഴും രാമനെ നിന്ദിച്ചു കൊണ്ടേയിരുന്നു. 'സമന്മാര്‍ തമ്മിലാണ് സന്ദേശവും പ്രതിസന്ദേശവും കൈമാറേണ്ടത്.  രാമന്‍ നിനക്ക് സ്വാമിയായിരിക്കാം. ആ നിസ്സാരന്‍ എനിക്ക് സന്ദേശമയയ്ക്കുകയോ? ത്രിലോകങ്ങള്‍ക്കും ചക്രവര്‍ത്തിയായ ഞാനെന്തിന് രാമന് പ്രതിസന്ദേശമയയ്ക്കണം? ' 
ഇത്രയും പറഞ്ഞ ശേഷം രാവണന്‍, അംഗദനെ അനുയപ്പിക്കാന്‍ ശ്രമം തുടങ്ങി. 'അംഗദകുമാരാ, നീ എന്റെ സുഹൃത്തായിരുന്ന ബാലിയുടെ പുത്രനല്ലേ? അതു കൊണ്ട്  എനിക്കും  നീ പുത്രതുല്യനാണ്. നീ രാമന്റെ ദാസനായിരിക്കുന്നത് പരിതാപകരമാണ്. അത് ഉപേക്ഷിക്കുക. നിന്റെ പിതാവിനെ രാമന്‍ ഒളിയമ്പെയ്തു കൊന്നതും സുഗ്രീവന്‍ ബാലിയെ കൊല്ലിച്ചതും അധര്‍മമല്ലേ?  ബാലി ജീവിച്ചിരുന്നാല്‍ എന്റെ പക്ഷത്താവും നിലകൊള്ളുകയെന്ന് രാമന് അറിയാം. ബാലിയുടെ രാജ്യം നിനക്കവകാശപ്പെട്ടതാണ്. അല്ലാതെ സുഗ്രീവനല്ല. കുമാരാ, ഇതിനെല്ലാം ഞാന്‍ പരിഹാരമുണ്ടാക്കാം. നിന്നെ ഞാന്‍ വാനരവര്‍ഗത്തിന്റെ മൊത്തം രാജാവായി വാഴിക്കാം. എനിക്ക് സീതയെ മാത്രം മതി. ' 
അംഗദന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു രാവണന്റെ പ്രസംഗം. രാവണന് അര്‍ഹിക്കുന്ന മറുപടി തന്നെ അംഗദന്‍ നല്‍കി. 
'കുടിലതയുടെ മൂര്‍ത്തീരൂപമായ രാവണാ, നിന്റെ കാപട്യങ്ങളൊന്നുമിനി വിലപ്പോകില്ല. പിതാവിനു നല്‍കിയ വാക്കനുസരിച്ച് രാമന്റെ വനവാസം തീരാറായി. വൈകാതെ രാമന്‍ അയോധ്യയുടെ അധിപനാകും. സുഗ്രീവന്‍ കിഷ്‌കിന്ധ ഭരിക്കും. സുഗ്രീവന്റെ കാലശേഷമേ ഞാന്‍ രാജാവാകൂ. മറ്റൊന്നു കൂടി നീ അറിയാനുണ്ട്. ലങ്കയുടെ ഭരണം വൈകാതെ വിഭീഷണന്റെ കൈകളിലെത്തും.  ഞാന്‍ പറയുന്നതെല്ലാം പ്രവചനങ്ങളല്ല. വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്ന കാര്യങ്ങളാണ്. 
നിന്റെ വീമ്പു പറച്ചില്‍ ഇനിയെങ്കിലും നിര്‍ത്തുക.  നിന്റെ മാതാമഹ സഹോദരിയായ താടകയെ രാമന്‍ വധിച്ചപ്പോള്‍ നീയെന്തു ചെയ്തു. വീരന്മാരായ നിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം രാമന്‍ നിഗ്രഹിച്ചപ്പോള്‍ നീയെവിടെയായിരുന്നു?  ഹനുമാന്‍ ലങ്ക ചുട്ടെരിച്ചപ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നു? 
ഹേ രാവണാ നിന്നില്‍ നിന്ന് മരണഗന്ധം വമിച്ചു തുടങ്ങി. നിന്റെ മക്കളായ അതികായനേയും മേഘനാദനേയും ലക്ഷ്മണ കുമാരന്‍ നിഗ്രഹിക്കും. ശ്രീരാമന്‍ നിന്റെ അനുജന്‍ കുംഭകര്‍ണന്റെ കഥ കഴിക്കും. 'മരഞ്ചാടികള്‍'  എന്ന് നീ ആക്ഷേപിച്ച വാനരസേന നിന്റെ മന്ത്രിപ്രവരന്മാരേയും സേനാനായകന്മാരേയും   വകവരുത്തും. ഇതെല്ലാം കഴിയുമ്പോള്‍ ശ്രീരാമദേവനെത്തി നിന്നെ കാലപുരിക്ക് അയയ്ക്കും. അതു കഴിഞ്ഞ് വിഭീഷണന്റെ കിരീടധാരണവും നടത്തും. '
 തെല്ലും വകവെയ്ക്കാതെ അംഗദന്‍ നടത്തിയ ആക്ഷേപവര്‍ഷം കണ്ട് രാവണന്‍ കോപത്താല്‍ വിറച്ചു. അംഗദനെ വധിക്കാനായി ചന്ദ്രഹാസമെടുത്തു, അതു കണ്ട്, കുതിച്ചു ചാടിയ അംഗദന്‍ രാവണന്റെ കരണത്ത് ശക്തമായടിച്ചു. രാവണന്‍ ബോധമറ്റു വീണു. 
ഏതാനും രാക്ഷസന്മാരെത്തി അംഗദനെ വാലില്‍ തൂക്കിയെടുത്തു. അംഗദന്‍ വാല്‍ ശക്തമായി ചലിപ്പിച്ചതോടെ രാക്ഷസന്മാര്‍ തുരുതുരാ തെറിച്ചു വീണു ചത്തു. 
അനന്തരം അംഗദന്‍ ആകാശത്തു കൂടെ കുതിച്ചുയര്‍ന്ന് രാമ സന്നിധിയിലെത്തി. 
രാവണനെ കണ്ടതും സന്ദേശമറിയിച്ചതും അംഗദന്‍ വിശദീകരിച്ചു. സീതയെ തിരികെത്തരികയില്ലെന്നും വേണമെങ്കില്‍ വീണ്ടെടുത്ത് കൊണ്ടു പോകാമെന്നുമുള്ള രാവണന്റെ നിലപാടറിഞ്ഞ് രാമന്‍ ഉറച്ചൊരു തീരുമാമെടുത്തു. ഇനി യുദ്ധം തന്നെ പോംവഴി.                     

No comments: