Thursday, June 20, 2019

മേഘയുടെ മഹാദേവന്‍

Monday 17 June 2019 4:29 am IST
ബാബയുടെ പ്രിയശിഷ്യരില്‍ ഒരാളായിരുന്നു മേഘ. കറകളഞ്ഞ ശിവഭക്തന്‍. മഹാദേവന്റെ അവതാരമായ ബാബയെ സേവിക്കുന്നത് ആത്മ നിര്‍വൃതിയായിരുന്നു മേഘയ്ക്ക്. ഭക്തിയുടെ പാരവശ്യത്തില്‍, മേഘ പറയുന്ന കൊച്ചു കൊച്ചു ആവശ്യങ്ങങ്ങളെന്തും സ്‌നേഹത്തോടെ  കേള്‍ക്കും. മേഘയ്ക്കു വേണ്ടിമാത്രം നെറ്റിയില്‍ ത്രിശൂല ചിഹ്നം അണിയാറുണ്ടായിരുന്നു ബാബ. 
ഒരിക്കലൊരു ശിവരാത്രിക്ക് ബാബയെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യാന്‍ മേഘയ്ക്ക് ആഗ്രഹമുദിച്ചു. അത്തരം കാര്യങ്ങളൊന്നും ആരു പറഞ്ഞാലും ബാബ കൂട്ടാക്കാറില്ല. അത് മേഘയ്ക്കറിയാമായിരുന്നു. അതു കൊണ്ട്് നേരത്തേ തന്നെ ഇക്കാര്യം ബാബയെ അറിയിച്ചു. ഏറെ പണിപ്പെട്ടാണ് സമ്മതം നേടിയെടുത്തത്. ഗംഗയ്ക്കു തുല്യമായ ഗോദാവരിയിലെ തീര്‍ഥമാണ് മേഘ അഭിഷേകത്തിനായി കൊണ്ടു വന്നത്. ആര്‍ഭാടങ്ങളേറെയില്ലെങ്കിലും അതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചു. 
ശിവരാത്രി നാളില്‍ പുലര്‍ച്ചേ തന്നെ ഗോദാവരിയില്‍ നിന്ന് തീര്‍ഥമെടുക്കാനായി മേഘ കലശവുമായി ഇറങ്ങി. ഷിര്‍ദിയില്‍ നിന്ന് 11 കിലോമീറ്റര്‍ നടന്നു വേണം നദിക്കരയിലെത്താന്‍. അത്രതന്നെ ദൂരം തിരിച്ചും നടക്കണം. അന്ന് ഉച്ചയോടെയാണ് മേഘ തിരിച്ചെത്തിയത്. മധ്യാഹ്ന ആരതി കഴിഞ്ഞതോടെ മേഘ, ബാബയെ അഭിഷേകത്തിന് ക്ഷണിച്ചു. അപ്രതീക്ഷിതമായിരുന്നു ബാബയുടെ മറുപടി.  ' മേഘാ, ഞാനൊരു സംന്യാസിയാണ്. ഈശ്വരനെപ്പോലെ എനിക്ക് ജലധാര നടത്തുന്നത് ശരിയല്ല.  നീ ആ തീര്‍ഥമെടുത്ത് ശിവലിംഗത്തില്‍ ധാര ചെയ്യൂ. ' അത്രയും ദൂരം നടന്ന് കൊണ്ടുവന്ന പവിത്രജലം ഷിര്‍ദിയിലെ ശിവക്ഷേത്രത്തിലുള്ള ലിംഗത്തില്‍ ധാര ചെയ്യാനായിരുന്നു ബാബയുടെ നിര്‍ദേശം. എന്തെന്നില്ലാത്ത സങ്കടവും നിരാശയും മേഘയുടെ മനസ്സിലേക്ക് ഇരച്ചു കയറി. ' ബാബാ, ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ ഞാനെന്നും ധാര നടത്തുന്നതല്ലേ. ഇന്ന് ശിവരാത്രിയാണ്. ശിവപൂജയ്ക്ക് ഏറ്റവും വിശിഷ്ടമായ ദിവസം. അങ്ങ് അഭിഷേകത്തിന് സമ്മതിച്ചതാണല്ലോ. ദയവു ചെയ്ത് അങ്ങ് വരണം. ലന്തിബാഗില്‍ ( ഷിര്‍ദിയിലെ പൂന്തോട്ടം) ഞാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരിക്കുകയാണ്.' 
ഒടുവില്‍ ഒരു നിബന്ധനയോടെ മേഘയ്‌ക്കൊപ്പം വരാമെന്ന് ബാബ സമ്മതിച്ചു. ശരീരമൊന്നാകെ അഭിഷേകം ചെയ്യരുത്, തലയില്‍ മാത്രമാവാം എന്നതായിരുന്നു നിബന്ധന. മേഘ അതു സമ്മതിച്ചു. അടക്കാനാവാത്ത ആനന്ദത്തോടെ ബാബയേയും കൂട്ടി ലന്തിബാഗിലേക്ക് നടന്നു. അവിടെ ബാബയ്ക്ക് ഇരിക്കാനായി കല്ലു കൊണ്ട് നല്ലൊരു ഇരിപ്പിടം സജ്ജമാക്കിയിരുന്നു. ബാബയെ ആനയിച്ച് ഭക്തിപൂര്‍വം അതിനു മീതെയിരുത്തി. തീര്‍ഥമൊഴിക്കാനായി ബാബ തല നീട്ടിക്കൊടുത്തു. ' ഹര ഹര മഹാദേവ '' മന്ത്രത്തോടെ മേഘ, ബാബയുടെ ശിരസ്സില്‍ തീര്‍ഥമൊഴിച്ചു. ഭക്തിയുടെ പാരമ്യത്തിലായിരുന്നു മേഘ. തന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെങ്കില്‍ ബാബയുടെ ശിരസ്സിലും ഉടലിലിലും തീര്‍ഥമൊഴിക്കണം. പിന്നീടൊന്നും ചിന്തിച്ചില്ല. മേഘ തീര്‍ഥമൊന്നാകെ ബാബയുടെ ദേഹത്തൊഴിച്ചു. അത്ഭുതകരമായിരുന്നു അതു കഴിഞ്ഞുള്ള കാഴ്ച. ഒരു തുള്ളി വെള്ളം പോലും ബാബയുടെ ശരീരത്തിലോ നീളന്‍ കുപ്പായത്തിലോ സ്പര്‍ശിച്ചില്ല. ശിരസ്സു  മാത്രം നനഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ ആ അത്ഭുത കൃത്യത്തിന് സാക്ഷികളായി. ഭയാശങ്കകളോടെ നിന്ന  മേഘയെ നോക്കി ബാബ പറഞ്ഞു ' നിനക്കറിയില്ലേ , ഗംഗ ഉദ്ഭവിക്കുന്നത് മഹാദേവന്റെ തലയില്‍ നിന്നു മാത്രമാണ്. ശരീരത്തില്‍ മറ്റെങ്ങും അത് സ്പര്‍ശിക്കുന്നില്ല.' 
മഹാദേവന്‍ താന്‍ തന്നെയെന്ന്  അവിടെക്കൂടിയ ജനാവലിയെ ബോധ്യപ്പെടുത്തുകയായിരുന്നു ഈയൊരു സംഭവത്തിലൂടെ ബാബ. എങ്കിലും ബാബയ്ക്ക് മേഘയോടുണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

No comments: