Thursday, June 20, 2019

നാശ രഹിതമായ ബ്രഹ്മം

Thursday 20 June 2019 1:26 am IST
കഴിഞ്ഞ സൂത്രത്തിലവതരിപ്പിച്ച പൂര്‍വപക്ഷത്തിന്റെ വാദത്തെ അടുത്ത സൂത്രം കൊണ്ട് നിഷേധിക്കുന്നു.
സൂത്രം:  ന തു ദൃഷ്ടാന്തഭാവാത്
ദൃഷ്ടാന്തങ്ങള്‍ ഉള്ളതിനാല്‍ ബ്രഹ്മം ജഗത് കാരണമല്ലെന്ന പൂര്‍വ്വപക്ഷവാദം ശരിയല്ല. 
കാര്യവസ്തുകാരണത്തില്‍ ലയിച്ചാല്‍ കാര്യധര്‍മ്മങ്ങള്‍  പിന്നെ കാണില്ല എന്നതിന് ഉദാഹരണങ്ങള്‍ ഉള്ളതിനാല്‍ പൂര്‍വപക്ഷ സംശയമോ വാദമോ നിലനില്‍ക്കില്ല.
കാര്യധര്‍മ്മങ്ങള്‍ കാരണത്തെ ദുഷിപ്പിക്കുകയില്ല എന്നതിന് ദൃഷ്ടാന്തങ്ങള്‍ അഥവാ ഉദാഹരണങ്ങളുണ്ട്.
കാരണത്തില്‍ ലയിച്ചു കഴിഞ്ഞ കാര്യവസ്തുവിന്റെ കാര്യ ധര്‍മ്മങ്ങള്‍ പ്രകാശിക്കുമെന്നതിന്  യാതൊരു നിയമവുമില്ല. അവിടെ കാര്യധര്‍മ്മങ്ങള്‍ പ്രകാശിക്കുകയില്ല എന്നതിന് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
കാര്യമായ വസ്തു അതിന് കാരണമായതില്‍ ലയിക്കുമ്പോള്‍ അതിന്റെ ധര്‍മ്മങ്ങളും കാരണത്തില്‍ ലയിച്ച് ഇല്ലാതാകും.അവ വീണ്ടും പ്രകടമാകില്ല.
സ്വര്‍ണ്ണാഭരണങ്ങള്‍ അവയ്ക്ക് കാരണമായ സ്വര്‍ണ്ണത്തില്‍ ലയിച്ച് കഴിഞ്ഞാല്‍ പിന്നെ ആഭരണ ധര്‍മ്മങ്ങള്‍ കാണിക്കാനാവില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കിയാല്‍ പിന്നെ സ്വര്‍ണ്ണം മാത്രം, ആഭരണങ്ങളില്ല. മണ്‍പാത്രങ്ങള്‍ അവയുടെ കാരണമായ മണ്ണില്‍ ലയിച്ച് കഴിഞ്ഞാല്‍ പിന്നെ പാത്രധര്‍മ്മങ്ങള്‍ പ്രകടമാകില്ല. മണ്‍പാത്രങ്ങള്‍ ഉടഞ്ഞാല്‍ പിന്നെ മണ്‍പാത്രങ്ങളില്ല, മണ്ണ് മാത്രം.
അതുപോലെ കാര്യമായ പ്രപഞ്ചം അതിന് കാരണമായ ബ്രഹ്മത്തില്‍ ലയിച്ചാല്‍ പിന്നെയും പ്രപഞ്ച ധര്‍മ്മങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല. അതിനാല്‍ ജഗത്തിന്റെ ഉപാദാനകാരണം ബ്രഹ്മമല്ല എന്ന് പറയാനാകില്ല. പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണ്.
സൂത്രം: സ്വപക്ഷദോഷാച്ച
സ്വന്തം പക്ഷത്തിലും ഈ ദോഷങ്ങള്‍ വരുന്നതിനാല്‍ പ്രധാനം ജഗത് കാരണമല്ല.
അവയവങ്ങളില്ലാത്തതും വ്യക്തമല്ലാത്തതും ഗ്രഹിക്കാനാവാത്തതുമായ പ്രധാനം ജഗത്തിന്റെ കാരണമെന്ന് പറയുന്ന സാംഖ്യന്‍മാരുടെ പക്ഷത്തിലും ഈ ദോഷങ്ങളെല്ലാമുണ്ടാകും. കാരണത്തിന് വിപരീതമായ കാര്യത്തിന്റെ ഉത്പത്തിയെന്ന ദോഷം അതിലും ഉണ്ട്.
കണ്ണ് മുതലായവ പ്രധാനത്തില്‍ പ്രധാനത്തിലില്ല. അതിനാല്‍ അതിന്റെ കാര്യമായ പ്രപഞ്ചത്തിലുമില്ല. പ്രളയത്തില്‍ കാണാനും കേള്‍ക്കാനുമുള്ള ഈ ശക്തികള്‍ എവിടെ ലയിക്കും? ജഡവും ചേതനയില്ലാത്തതുമായ പ്രധാനത്തിന് ഇല്ലാത്ത ധര്‍മ്മങ്ങള്‍ ജഗത്തിലും കാണാം. അവ എവിടെ നിന്നാണ് ഉണ്ടാകുന്നത്? എവിടെയാണ് ലയിക്കുന്നത്? ഇങ്ങനെയുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവാത്തതിനാല്‍ പ്രധാനം അല്ല ജഗത്തിന്റെ കാരണം. ബ്രഹ്മം തന്നെയാണ് ജഗത്കാരണം എന്ന വേദാന്ത മതം തന്നെയാണ് സ്വീകാര്യം.കാരണ രൂപത്തിലും കാര്യരൂപത്തിലും ഇത് ബ്രഹ്മം തന്നെയെന്ന്  ശ്രുതികള്‍ പറയുന്നു.  ബൃഹദാരണ്യകത്തില്‍ 'ഇദം സര്‍വ്വം യദയമാത്മാ'  ഇക്കാണുന്ന എല്ലാം ആത്മാമാണ് എന്ന് പ്രസ്താവിക്കുന്നു. ഛാന്ദോഗ്യത്തില്‍ 'സര്‍വ്വം ഖല്വിദം ബ്രഹ്മ 'ഇതെല്ലാം ബ്രഹ്മമാണ്, ' ആത് മൈവേദം സര്‍വ്വം''  ഇതെല്ലാം ആത്മാവാണ് എന്നും വ്യക്തമാക്കുന്നു. മുണ്ഡകോപനിഷത്തില്‍ ' ബ്രഹ്മൈവേദമമൃതം പുരസ്താത് നാശരഹിതമായ ബ്രഹ്മം തന്നെയാണ് ഇക്കാണുന്ന സകലതും എന്ന് ബോധ്യപ്പെടുത്തുന്നു.
ഇത്തരം ശ്രുതിവാക്യങ്ങളിലൂടെ കാരണം തന്നെയാണ് കാര്യമായിരിക്കുന്നതെന്ന് ഉറപ്പിക്കുന്നു. സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും ഇത് ബാധകമാണ്.

No comments: