Thursday, June 13, 2019

ആത്മജ്ഞാനത്താല്‍ ഉള്ളം തെളിഞ്ഞവർ_* 

ബ്രഹ്മത്തെ അറിയാനുള്ള അസാധാരണമായ സാധനത്തെ പറയുന്നു-

ന ചക്ഷുഷാ ഗൃഹ്യതേ നാപി വാച
നാനൈര്യദ്ദേവൈസ്തപസാ 
കര്‍മ്മണാവാ
ജ്ഞാന പ്രസാദേന വിശുദ്ധസത്ത്വ
സ്തതസ്തുതം പശ്യതേ നിഷ്‌കലം ധ്യായമാനഃ

കണ്ണുകൊണ്ട് ബ്രഹ്മത്തെ കാണാനാകില്ല. വാക്കുകൊണ്ട് പറയാനാവില്ല. മറ്റുള്ള ഇന്ദ്രിയങ്ങളെക്കൊണ്ടോ തപസ്സുകൊണ്ടോ കര്‍മ്മംകൊണ്ടോ അറിയാന്‍ കഴിയില്ല. എന്നാല്‍ ജ്ഞാനത്തിന്റെ തെളിവുകൊണ്ട് വിശുദ്ധമായ അന്ത ക്കരണത്തോടുകൂടിയ ആള്‍ ധ്യാനിച്ചുറപ്പിച്ച് അവയവങ്ങളൊന്നുമില്ലാത്തതായ ആത്മാവിനെ കാണുന്നു-സാക്ഷാത്കരിക്കുന്നു.

ബ്രഹ്മത്തിന് രൂപമില്ലാത്തതിനാല്‍ കണ്ണുകൊണ്ട് കാണാനാകില്ല. വാക്കുകൊണ്ട് പറഞ്ഞൊപ്പിക്കാന്‍ പറ്റാത്തതായതിനാല്‍ വാക്കിനും സാധിക്കില്ല. മറ്റിന്ദ്രിയങ്ങളെക്കൊണ്ടും കഴിയുകയില്ല. തപസ്സുകൊണ്ട് മറ്റ് പലതും ലഭിക്കുമെങ്കിലും ബ്രഹ്മത്തെ കിട്ടില്ല. വലിയ മഹത്വമുള്ള വേദങ്ങളിലെ അഗ്നിഹോത്രാദി കര്‍മ്മങ്ങളും ബ്രഹ്മത്തെ ഗ്രഹിക്കാനുള്ള സാധനങ്ങളാകുന്നില്ല. രാഗം മുതലായ ദോഷങ്ങള്‍ നീങ്ങിയ ഉള്ളംതുടച്ച കണ്ണാടി പോലെയും തെളിഞ്ഞ വെള്ളം പോലെയും സ്വച്ഛവും ശാന്തവുമാകു മ്പോള്‍ ജ്ഞാനപ്രസാദം കൊണ്ട് വിശുദ്ധമായ അന്തക്കരണത്തോടുകൂടിയവരായി ബ്രഹ്മ ദര്‍ശനത്തിന് യോഗ്യനാകും. ഇങ്ങനെയുള്ളയാള്‍ സത്യം മുതലായ സാധനങ്ങളോടുകൂടി കരണങ്ങളെ ഉപസംഹരിച്ച് ഏകാഗ്രമായ മനസ്സുകൊണ്ട് നല്ലപോലെ ധ്യാനിച്ച് അവയവ ങ്ങളൊന്നുമില്ലാത്തതായ ആത്മാവിനെ സാക്ഷാത്കരിക്കും.

ബ്രഹ്മത്തിന് ശബ്ദ സ്പര്‍ശരൂപ രസഗന്ധ ങ്ങളൊന്നുമില്ലാത്തതിനാലാണ് ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞത്. അനിര്‍ദ്ദേശ്യമായതുകൊണ്ട്-ഇന്നപോലെ എന്നുപറയാന്‍ പറ്റാത്തതിനാല്‍ വാക്കിനും ഗ്രാഹ്യമല്ല. പൂജാദി കര്‍മ്മങ്ങളേയും തപസ്സിനേയുമൊക്കെ ഇതിനെ ശ്രുതി നിഷേധിക്കുന്നു. പരിമിതങ്ങളും അനിത്യവുമായ വസ്തുക്കളെ ആശ്രയിച്ച് ചെയ്യുന്നതെന്ന അപരിമിതനായ ആത്മാവിനെ സാക്ഷാത്കരിക്കാന്‍ ഉതകില്ല.

പൂജാദികര്‍മ്മങ്ങളും തപസ്സുകളുമൊക്കെ ആദ്യപടികള്‍ മാത്രം. രാഗാദി ദോഷങ്ങള്‍ നീങ്ങി ഉള്ളം നന്നായി തെളിയണം. ജ്ഞാനത്തെ തെളിവിനാലുണ്ടാകുന്ന അനുഭൂതിയാണ് ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കൂ.

ധ്യാനം മാര്‍ഗ്ഗവും ആത്മസാക്ഷാത്കാരം ലക്ഷ്യവുമാണ്. ആത്മാവ് മറച്ചിരിക്കുന്ന മറയെ നീക്കുന്നു ധ്യാനം. ആത്മാവ് സ്വയം പ്രകാശിക്കുന്നു അപ്പോള്‍. കാറ്റ് വീശുമ്പോള്‍ മേഘം നീങ്ങി അതുവരെ മറഞ്ഞിരുന്ന സൂര്യന്‍ പ്രകാശിക്കുന്നതുപോലെ. ധ്യാനം അവിദ്യയെ നീക്കും. അറിവ് നമ്മുടെ സ്വരൂപമാണ്.

ഏഷോണുരാത്മാ ചേതസാ വേദിതവ്യോ
യസ്മിന്‍ പ്രാണഃ പഞ്ചധാ സദവിവേശ
പ്രാണൈശ്ചിത്തം സര്‍വ്വമോതം പ്രജാനാം
യസ്മിന്‍ വിശുദ്ധേ വിഭവത്യേഷ ആത്മാ

പ്രാണവായു അഞ്ചായിത്തീര്‍ന്ന് പ്രവേശിച്ചിരിക്കുന്ന ശരീരത്തില്‍ അണുവായ ആത്മാവിനെ വിശുദ്ധജ്ഞാനമുള്ള  മനസ്സിനാല്‍ അറിയണം. ഏതൊന്ന് വിശുദ്ധ മാകുമ്പോഴാണോ ആത്മാവ് തനിയേ വെളിപ്പെടുന്നത് ആളുകളുടെ അങ്ങനെയുള്ള മനസ്സ് ഇന്ദ്രിയങ്ങളോടുകൂടി ആത്മാവിനാല്‍ വ്യാപ്തമായിരിക്കുന്നു.

സ്ഥൂലമായ നമ്മുടെ ശരീരത്തിലിരിക്കുന്ന സൂക്ഷ്മമായ ആത്മാവിനെ വിശുദ്ധവിജ്ഞാനംകൊണ്ട് അറിയണം. ചിത്തം പരിശുദ്ധമാക്കുമ്പോള്‍ ആത്മാവ് തനിയെ പ്രകാശിക്കും. ആത്മാവ് ചിത്തത്തിലും ഇന്ദ്രിയങ്ങളിലുമെല്ലാം നിറഞ്ഞിരിക്കുകയാണ്. പാലില്‍ വെണ്ണ പോലെയും വിറകില്‍ അഗ്നി പോലെയും അത് ഒളിഞ്ഞിരിപ്പുണ്ട് അല്ലെങ്കില്‍ വ്യാപിച്ചിരിക്കുന്നുണ്ട്. ശുദ്ധമായ അന്തക്കരണം കൊണ്ട് വിചാരം ചെയ്ത് അനാത്മ വസ്തുക്കളെ ഓരോന്നായി തള്ളിക്കളഞ്ഞാല്‍ അവസാനം സ്വയം ജ്യോതിസ്വരൂപമായ ആത്മതത്വം തനിയെ തെളിയും. നമ്മുടെ ശരീരത്തെ ആത്മസാക്ഷാത്കാരത്തിന് സാധനകള്‍ അനുഷ്ഠിക്കുന്നതിനുള്ള ഉപാധിയാക്കി പ്രയോജനപ്പെടുത്തണം.  ഈ ശരീരത്തില്‍ വച്ചുമാത്രമേ നമ്മുടെ ചിത്തത്തെ പരിശുദ്ധമാക്കാനും ആത്മാവിനെ സാക്ഷാത്കരിക്കാനും കഴിയൂ.

യം യം ലോകം മനസാ സംവിഭാതി
വിശുദ്ധസത്ത്വഃ കാമയതേ യാംശ്ച കാമാന്‍
തം തം ലോകം ജയതേ താംശ്ച കാമാന്‍
തസ്മാദാത്മജ്ഞം ഹ്യര്‍ച്ചയേദ് ഭൂതികാമഃ

ഉള്ളം തെളിഞ്ഞവര്‍ ഏതു ലോകങ്ങളെ മനസ്സുകൊണ്ട് സങ്കല്‍പിക്കുന്നുവോ ഏതു ഭോഗങ്ങളെ ആഗ്രഹിക്കുകയും ചെയ്യുന്നുവോ ആ ലോകങ്ങളെയും ആഗ്രഹങ്ങളേയും അവര്‍ നേടും. അതുകൊണ്ട് ഐശ്വര്യമാഗ്രഹിക്കുന്നവര്‍ ആത്മജ്ഞാനിയെ തീര്‍ച്ചയായും പൂജിക്കണം.

ആത്മജ്ഞാനത്താല്‍ ഉള്ളം തെളിഞ്ഞവരെ യാണ് വിശുദ്ധ-സത്ത്വഃ എന്ന് വിശേഷിപ്പി ച്ചിരിക്കുന്നത്. ആത്മജ്ഞാനി സത്യസങ്കല്‍പ്പനായതിനാല്‍ എന്തും നേടാന്‍ കഴിയുന്നവനാണ്. സര്‍വാത്മാവും താന്‍ തന്നെ എന്ന് അറിഞ്ഞയാള്‍ക്ക് എല്ലാം നേടുക എന്നതും സാധ്യമാണ്. ആത്മാനന്ദം അനുഭവിക്കുന്നയാള്‍ക്ക് മറ്റ് സുഖഭോഗങ്ങളൊന്നും വേണ്ടതാനും. ഇത്തരമുള്ള ബ്രഹ്മജ്ഞാനിയെ കാല്‍കഴുകല്‍, ശുശ്രൂഷ, സേവനം, നമസ്‌കാരം എന്നിവകൊണ്ടൊക്കെ പൂജിക്കണം. ഇത് ചെയ്യുന്നവര്‍ക്ക് എല്ലാത്തരത്തിലുമുള്ള ഐശ്വര്യമുണ്ടാകും.

No comments: