Wednesday, June 26, 2019

ജീവഗതി
¬~~~~~~~~
പൂർവ്വജന്മങ്ങളിൽ പലവിധത്തിൽ തപിച്ചതിന്റെ ഫലമായി ജീവന് ഉൾകൃഷ്ടമായ മനുഷ്യജന്മം ലഭിച്ചു. ഊർദ്ധ്വഗതിക്കുള്ള പൂർണ്ണജീവിതത്തിനുവേണ്ടി മനുഷ്യർ വിവേകപൂർവ്വം പ്രയത്നിച്ചുകൊണ്ടിരിക്കണം. ഇതിലേക്കുള്ള പാകപ്പെടുത്തലാണ് വിവിധസംസ്ക്കാരങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ സംസ്ക്കാരകർമ്മങ്ങൾ തന്നെ ഈശ്വരങ്കൽ സമ്പൂർണസമർപ്പണഭാവത്തിൽ ചേർത്ത് ചെയ്യുമ്പോൾ അതു കർമ്മയോഗമായി. പരസ്പര പൂരകങ്ങളാണ് യോഗകർമ്മങ്ങളെല്ലാം. ഭക്തിജ്ഞാനവൈരാഗ്യമില്ലാത്ത ആത്മസംയമവും ധ്യാനനിഷ്ഠയുമില്ലാത്ത യാതൊരുമാർഗ്ഗവും യോഗമാർഗ്ഗമാവുകയില്ല. സർവ്വാന്തര്യാമിയായ ജഗദ്വീശ്വരന്റെ സവിശേഷമായ ക്ഷേത്രമാണ് മനുഷ്യശരീരം. ലക്ഷോപലക്ഷം നാഡി-ഞരമ്പുകളും മറ്റുമടങ്ങിയ സ്ഥുലശരീരം തന്നെ അത്ഭുതസൃഷ്ടിയാണെന്നിരിക്കെ അതിന്റെ സൂക്ഷ്മകാരണസ്വരൂപങ്ങൾ അത്യത്ഭുതങ്ങളായിരിക്കും. പഞ്ചഭൂതാത്മകമായ ഈ സ്ഥൂലദേഹത്തെ പഞ്ചന്ദ്രിയങ്ങളെകൊണ്ടും. സൂക്ഷ്മശരീരത്തെ കാര്യംകൊണ്ടും , കാരണശരീരത്തെ സുബോധംകൊണ്ടും അറിയാൻ സാധിക്കുന്നു. അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞനേന്ദ്രിയങ്ങൾ , അഞ്ച് പ്രാണാദിവായുക്കൾ , ബുദ്ധി, മനസ്സ് എന്നിങ്ങനെ പതിനെഴ് അവയവങ്ങളും അവയുടെ ഉപഘടങ്ങളും അന്തർമുഖദൃഷ്ടിയോടെ അപഗ്രഥനം ചെയ്യുമ്പോഴറിയാം ഈ ശരീരലബ്ദിയുടെ മഹത്വം.

മനസ്സ് ബുദ്ധി ചിത്തം അഹംങ്കാരം എന്നി നാലു ശക്തികളെയുകൂടി അന്തകരണമെന്നു പറയുന്നു. മനസ്സ് കണ്ഠത്തിലും , ബുദ്ധി മുഖത്തിലും ചിത്തം നാഭിസ്ഥാനത്തും അഹംങ്കാരം ഹൃദയസ്ഥാനത്തും അധിവസിക്കുന്നു. സംശയം നിശ്ചയം ധാരണ അഭിമാനം ഇവ അവയുടെ വിഷയങ്ങളാണ് . മനസ്സ് സംശയസ്വരൂപവും, ബുദ്ധി നിശ്ചയാത്മികയും, ചിത്തം ധാരണാസ്വരൂപവും അഹംങ്കാരം അഭിമാനസ്വരൂപവുമാണ്.

വിഷയങ്ങളെ മറക്കാതെ ഓർത്തുകൊണ്ടിരിക്കുക ചിത്തത്തിന്റെയും , അഭിമാനിച്ചുകൊണ്ടിരിക്കൽ അഹങ്കരത്തിന്റെയും സ്വരൂപമാണ്. ധർമ്മങ്ങളുടെ ഐക്യരൂപം ഹേതുവായി ചിത്തം ബുദ്ധിയിലും അഹങ്കാരം മനസ്സിലും ഒതുങ്ങുന്നതിനാൽ മനസ്സും ബുദ്ധിയെന്നു പൊതുവെ അറിയപ്പെടുന്നു.

കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചിത വിഷയങ്ങളെ കൂടി ബുദ്ധി ഓർമിപ്പിക്കുന്നു, പണ്ട് പരിചയിച്ച വിഷയത്തെ മാത്രം ചിത്തം സ്മരിക്കുന്നു. മനസ്സ് അകത്തും പുറത്തും ഒരുപോലെ സങ്കൽപിക്കുന്നു. അഹങ്കാരമാകട്ടെ അനാത്മവസ്തുക്കളിൽ ആത്മഭാവത്തെ അഭിമാനിക്കുന്നു. പ്രസ്തുതഭാവങ്ങളെല്ലാം കൂടിയതാണ് അന്തഃകരണം .

പഞ്ചപ്രാണവായുക്കളിൽ പ്രാണൻ ഹൃദയസ്ഥാനത്തും, അപാനൻ ഗുദത്തിലും, സമാനൻ നാഭിപ്രദേശത്തും, ഉദാനൻ കണ്ഠത്തിലും, വ്യാനൻ ശരീരം മുഴുവനും വ്യാപിച്ചും സ്ഥിതിചെയ്യുന്നു. ഇവയുടെ ഉപവായുക്കളാണ് വിവിധ വൃത്തികളോടുകൂടിയ നാഗൻ, കൂർമ്മൻ, കൃകരൻ, ദേവദത്തൻ , ധനഞ്ജയൻ എന്നിവ. ഒരേഒരു പ്രാണന്റെ വിവിധസ്വരൂപങ്ങളാണിവ. പ്രാണനുണ്ടായത് ഈശ്വരസങ്കല്പം കൊണ്ടും, ശരീരത്തിൽ പ്രവേശിക്കുന്നത് ജീവസങ്കല്പം കൊണ്ടുമാണ്.

കർമ്മസംസ്ക്കാരങ്ങൾക്കനുരൂപമായി ജീവൻ ഏതേതു ശരീരങ്ങളെ ഇച്ഛിക്കുന്നുവോ തത്തൽ ശരീരങ്ങളിൽ പ്രാണൻ ജീവനോടു കൂടി പ്രവേശിക്കുന്നു. മരണസമയത്ത് യാതൊരു സങ്കല്പമാണോ ജീവനുള്ളത് അതിനെയാണ് അന്തരദശയിൽ പ്രാപിക്കുന്നത്. മുഖ്യപ്രാണൻ മരണസമയത്ത് ഇന്ദ്രിയമനസ്സുകളോടു കൂടി ജീവനെ ഉദാനവായുവിൽകൂടെ ഈ ശരീരത്തിൽ നിന്നും വേർപ്പെടുത്തി അപ്പോഴുള്ള സങ്കല്പത്തിന് അനുരൂപമായ സ്ഥാനത്തേക്കും കൊണ്ടുപോകുന്നു.

രസം രക്തം മാംസം മോദസ്സ് അസ്ഥി മജ്ജ ശുക്ളം എന്നീ ഏഴ്ധാതുക്കളോടും വാതം പിത്തം കഫം എന്നീ മൂന്ന് ദോഷങ്ങളോടും മല മൂത്രം തുടങ്ങി എന്നീ പന്ത്രണ്ട് ഘടകങ്ങളോടും ഉപവായുക്കളോടും കൂടിയതാണ് സ്ഥൂലശരീരം. ഇതിനെ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാണൻ ജഡമാണ്. പ്രാണനെക്കാൾ സൂക്ഷമവും വലിപ്പമുള്ളതുമാണ് മനസ്സ്, മനസ്സിനെക്കാൾ അതി സൂക്ഷമവും അനേകമിരട്ടിവലുപ്പമുള്ളതുമാണ് ബുദ്ധി, ഇവയെല്ലാം ചേർന്ന് സുഖത്തെ അഥവാ ആനന്ദത്തെ ഇച്ഛിക്കുന്നു. അതിനാൽ ശരീരം മനസ്സ് പ്രാണൻ ബുദ്ധി ആനന്ദം എന്നിങ്ങനെ അഞ്ചാണ് ജിവിത വ്യാപരത്തിലെ പ്രമുഖങ്ങളായ ഘടങ്ങൾ. ഇവയെ അന്നമയകോശം പ്രാണമയകോശം മനോമയകോശം വിഞ്ജാനമയകോശം ആനന്ദമയകോശം. ഇങ്ങനെ പഞ്ചകോശങ്ങളായി വേദശാസ്ത്രങ്ങളിൽ വർണ്ണിച്ചിരിക്കുന്നു.

ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിലൂടെ ഈ പഞ്ചകോശങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ജീവന് ഏതേതു കോശങ്ങളിൽ ആധിക്യേന മമതയുണ്ടോ അതാതു കോശങ്ങളുടെ ധർമ്മങ്ങൾ തന്റെ ധർമ്മങ്ങളായും അതാതിന്റെ ആവിശ്യങ്ങൾ തന്റെ ആവിശ്യങ്ങളായും പരിണമിക്കുന്നു. അധിക ജീവന്മാരുടെയും ഒരേ ജീവതത്തിലേയും ജീവിതലക്ഷ്യം തന്നെ അന്നപ്രാണമനോമയ കോശങ്ങളുടെ ആവിശ്യങ്ങളെ സാധിക്കലും അതിന്റെയൊക്കെ ഉദ്ദേശ്യമാകട്ടെ സുഖം അല്ലെങ്കിൽ ആനന്ദവുമാണ്. നൈമിഷികവും തൽക്കാലികവുമായ സുഖവൃത്തത്തിൽ ചുറ്റിതിരിയുന്നതിനാൽ ജീവൻ ആത്മാവിൽ നിന്നും വളരെ അധികം അകന്ന അന്നമയകോശമെന്ന ശരീരത്തിന്റെ അനുഭവങ്ങളിൽ ആണ്ടുപോകുന്നു. അവ ദുഃഖൈകസ്വരൂപങ്ങളുമാണ്.

വിജ്ഞാന - ആനന്തമയകോശങ്ങൾക്കപ്പുറത്താണ് സച്ചിദാനന്തസ്വരൂപമായ ഈശ്വരന്റെ നില. ആനന്ദമയനായ ആത്മാവിനോട് അടുക്കും തോറും ആനന്ദനിർവൃതി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും അവസാനം പരമാനന്ദം - മോക്ഷം - പ്രാപിക്കുകയും ചെയ്യുന്നു
C&P

No comments: