ഗൃഹദോഷമകറ്റാം ശാന്തിപകരാം
Thursday 20 June 2019 1:10 am IST
വീട് കേവലമൊരു വാസസ്ഥാനമല്ല. ജീവിതത്തിന്റെ എല്ലാ തലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട് വീടിന്. ആരോഗ്യം, കുടുംബം, ധനം, മനസ്സുഖം, ഭാഗ്യം തുടങ്ങി എല്ലാം വീടിന്റെ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടിന് അനുയോജ്യമായ ഭൂമി കണ്ടെത്തല്‍, സ്ഥാനനിര്‍ണയം, നിര്‍മാണം, ഗൃഹപ്രവേശം തുടങ്ങിയ ഘട്ടങ്ങളിലോരോന്നിലും ഭാരതീയ വാസ്തുവിദ്യ അനുശാസിക്കുന്ന ചില നിയമങ്ങളുണ്ട്.
മനുഷ്യന,് അതിജീവനത്തിന് നിദാനമായ ഭൂമി, മാതാവാണെന്നാണ് നമ്മുടെ സങ്കല്പം. ഭൂമി, പ്രകൃതി, വീട്, വീട്ടിലെ താമസക്കാര്‍ ഇവയെല്ലാം പരസ്പര പൂരകങ്ങളാകുന്നു. ആ പൊരുത്തത്തെ സാര്‍ഥകമാക്കുകയാണ് വാസ്തു ശാസ്ത്രത്തിന്റെ ലക്ഷ്യം.
പണിതുയര്‍ത്തിയ വീടിന് എന്തെങ്കിലും ദോഷമുണ്ടെന്നു തോന്നിയാല്‍ അതു പൊളിച്ചു കളയുക പ്രായോഗികമല്ല. എന്നാല്‍ ദോഷങ്ങളകറ്റാനുള്ള ചെറിയ മാറ്റങ്ങള്‍ വരുത്താനാകും. വാസ്തുബലി നടത്തി പഞ്ചശിരസ്സ് സ്ഥാപിക്കുന്നതോടെ ഗൃഹദോഷങ്ങള്‍ പൂര്‍ണമായും മാറ്റാം. പോത്ത്, ആന, സിംഹം, ആമ, പന്നി എന്നീ മൃഗങ്ങളുടെ തലയുടെ രൂപം സ്വര്‍ണത്തില്‍ തീര്‍ത്ത് വീട്ടില്‍ സ്ഥാപിക്കുന്നതിനെയാണ് പഞ്ചശ്ശിരസ്ഥാപനം എന്നു പറയുന്നത്. ചെമ്പു കൊണ്ടുള്ള ചെപ്പുകളിലാക്കി വീടിന്റെ പ്രധാനമുറിയില്‍ കുഴികളുണ്ടാക്കി അതിലാണ് ഇവ സ്ഥാപിക്കുക. പ്രഗല്ഭരായ പുരോഹിതന്മാരെക്കൊണ്ടു വേണം ഈ കര്‍മങ്ങള്‍ നടത്താന്‍. ഇതോടെ ഗൃഹത്തിനുണ്ടാകുന്ന ദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.
ജ്യോതിഷത്തില്‍ ഗൃഹനാമത്തിനും താമസിക്കുന്ന വ്യക്തികള്‍ക്കും തമ്മില്‍ അഭേദ്യമായൊരു സ്ഥാനമുണ്ട്. ഗൃഹനാഥന്റെ നക്ഷത്രം അല്ലെങ്കില്‍ രാശിയുമായി പൊരുത്തമുള്ള അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേര് വീടിന് നല്‍കുന്നതത്രേ ഉത്തമം.
ഗൃഹത്തിന്റെ നക്ഷ്രതത്തിലെ അക്ഷരങ്ങളോട് യോജിക്കുന്ന പേരുകളും കണ്ടെത്താം. ഇതിനായി വാസ്തുവിദ്യാവിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
janmabhumi
No comments:
Post a Comment