Thursday, June 20, 2019

വയല്‍ച്ചുള്ളി

Tuesday 18 June 2019 3:34 am IST
ശാസ്ത്രീയനാമം: Asterakantha longifolia
സംസ്‌കൃതം: കോകിലാക്ഷം
തമിഴ്: നീര്‍മുള്ളി
എവിടെ കാണാം: ഇന്ത്യയിലുടനീളം നനവാര്‍ന്ന ചതുപ്പു നിലങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ഏകവാര്‍ഷികച്ചെടിയാണിത്. വയലുകളില്‍ കണ്ടു വരുന്നതിനാലാണ് വയല്‍ച്ചുള്ളിയെന്ന പേരു വന്നത്. 
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചിലഔഷധപ്രയോഗങ്ങള്‍: 
മൂത്രതടസ്സം വന്നാല്‍ വയല്‍ച്ചുള്ളിയും ഞെരിഞ്ഞിലും 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതമെടുത്ത് അതില്‍, മൂന്നു വിരല്‍ കൂട്ടി ഒരു നുള്ള്( 25 മില്ലി) ഗ്രാം പൊന്‍കാരം പൊരിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ഉടനെ മൂത്രം പോകും. മൂത്രതടസ്സത്തിന് ഇതില്‍പ്പരം മറ്റൊരു മരുന്നില്ല. 
വയല്‍ച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേര്‍ത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാല്‍  നീരിന് ശമനമുണ്ടാകും. (കാല്‍മുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടര്‍ച്ചയായി ഏഴുദിവസം തേച്ചാല്‍ നീര് പൂര്‍ണമായും ശമിക്കും. 
പത്തുഗ്രാം വയല്‍ച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് നിത്യവും കുടിച്ചാല്‍ രക്തശുദ്ധിയുണ്ടാകും. ഈ വെള്ളം തുടര്‍ച്ചയായി കുടിച്ചാല്‍ വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം. 
വയല്‍ച്ചുള്ളി വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്  400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം സേവിപ്പിച്ചുള്ള ചികിത്സ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്. (ലേഖകന്‍ ഇത് പ്രയോഗിച്ചിട്ടില്ല). 
വയല്‍ച്ചുള്ളി വിത്ത്, നായ്ക്കുരണപരിപ്പ് പാലില്‍ പുഴുങ്ങി ഉണക്കിയത്, അമുക്കുരം പാലില്‍ പുഴുങ്ങി ഉണക്കിയത് ഇവ സമം എടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം പശുവിന്‍ പാലില്‍ ദിവസവും രണ്ടു നേരം  വീതം തുടര്‍ച്ചയായി 30 ദിവസം സേവിച്ചാല്‍ പുരുഷവന്ധ്യത മാറും. പുരുഷവന്ധ്യതയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ മരുന്നാണിത്. വയല്‍ച്ചുള്ളി വേര്, കല്ലൂര്‍വഞ്ചി വേര്, ഞെരിഞ്ഞില്‍, തഴുതാമ വേര് ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ മൂത്രം ചുടീല്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങി മൂത്ര സംബന്ധമായ രോഗങ്ങളെല്ലാം മാറും. വയല്‍ച്ചുള്ളി ഇല, വേര്, തണ്ട്,   വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത്  ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതില്‍ നിന്ന് 100 മില്ലി കഷായമെടുത്ത് മേല്‍പ്പറഞ്ഞ പൊടി 5 ഗ്രാം ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ ശരീരത്തിലെ നീര് പൂര്‍ണമായും ഭേദമാകും. വയല്‍ച്ചുള്ളി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി ഒരു ദിവസം മുഴുവന്‍ ഇട്ടു വെച്ച് പിറ്റേന്ന് ചാരായത്തോടു കൂടി അതു കുടിച്ചാല്‍ മൂത്രത്തിലെ കല്ല് പോകുമെന്ന് പറയപ്പെടുന്നു. തെക്കന്‍ കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ ഈ ചികിത്സ പതിവുണ്ട്. ( ലേഖകന്‍ പരീക്ഷിച്ചിട്ടില്ല)  വയല്‍ച്ചുള്ളി അരി പൊടിച്ച് ഒരു സ്പൂണ്‍ വീതം മോരിലിട്ട്് കുടിച്ചാല്‍ അതിസാരം മാറും.    

No comments: