Monday, June 24, 2019

അന്തഃകരണം- മുമ്പു പറഞ്ഞ പഞ്ചതത്ത്വങ്ങളുടെ സമഗ്രമായ സാത്വികാംശത്തില്‍ നിന്നാണ് മനസ്സ്, ബുദ്ധി,അഹങ്കാരം, ചിത്തം എന്നിവയുണ്ടായത്. ഇവ നാലും ചേര്‍ന്നതാണ് അന്തഃകരണം. മനസ്സ്: സങ്കല്‍പം, വികല്പം എന്നീ രൂപങ്ങളോടുകൂടിയതയാണ് മനസ്സ്. ഒന്നു സങ്കല്‍പിക്കുക, അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുക ഇതാണ് മനസ്സിന്റെ സ്വഭാവം. ബുദ്ധി- നിശ്ചയരൂപത്തിലുള്ളതാണ് ബുദ്ധി. മനസ്സിന്റെ ഉറപ്പില്ലായ്മ പരിഹരിച്ച് ദൃഢമായ തീരുമാനമെടുക്കുന്നത് ബുദ്ധിയാണ്. അഹങ്കാരം- ഞാനാണ് എല്ലാം എന്ന ബോധം അഹങ്കാരം. ചിത്തം- ചിന്തനം ചെയ്യുന്നത് ചിത്തം. മുന്‍ അനുഭവങ്ങളെ മനസ്സിലെത്തിക്കുന്നത് ചിത്തമാണ്. മൂന്നവസ്ഥകള്‍: ജാഗ്രത്, സ്വപ്‌നം, സുഷുപ്തി ഇവയാണ് അവസ്ഥാത്രയം. ജാഗ്രദവസ്ഥ-അഞ്ചു ജ്ഞാന്ദ്രേിയങ്ങള്‍ കൊണ്ടും, ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങള്‍കൊണ്ടും ലോകത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥൂലശരീരത്തിന്റെ അവസ്ഥയാണ് ജാഗ്രത്ത്. ഞാന്‍ സ്ഥൂല ശരീരമാണ് എന്ന് അഭിമാനിക്കുന്ന ആത്മാവിനെ വിശ്വന്‍ എന്നുപറയുന്നു. സ്വപ്‌നാവസ്ഥ: ജാഗ്രദവസ്ഥയില്‍ അനുഭവിച്ചറിഞ്ഞ വാസനയാല്‍ നിദ്രയില്‍ പ്രത്യക്ഷപ്പെടുന്ന പ്രപഞ്ചമാണ് സ്വപ്‌നം. ഇവിടെ അനുഭവം സൂക്ഷ്മശരീരത്തിലാണ്. ഞാന്‍ സൂക്ഷ്മശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ തൈജസന്‍ എന്നുപറയുന്നു. സുഷ്യപ്ത്യവസ്ഥ: പ്രപഞ്ചം തന്നെയില്ലാതെ, യാതൊന്നും അറിയാതെ ഉറങ്ങുന്ന അവസ്ഥ കാരണ ശരീരത്തിലാണ് ഈ അവസ്ഥ. ഞാന്‍ കാരണശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ പ്രാജ്ഞന്‍ എന്നുപറയുന്നു. അഷ്ടാംഗയോഗം: പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടാംഗയോഗമാണ് മോക്ഷപ്രാപ്തിക്കു വഴിയെന്ന് അഗസ്ത്യന്‍ സൂചിപ്പിക്കുന്നല്ലോ. യോഗം എന്നതിന് ചിത്തവൃത്തി നിരോധം എന്നാണ് പതഞ്ജലി അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ചിത്തവൃത്തി നിരോധനത്തിന് 8 വഴികള്‍- അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്. 1. യമം- അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമം. അഹിംസ- മനസാ വാചാ കര്‍മ്മണാ യാതൊരു ജീവിയേയും വേദനിപ്പിക്കാതിരിക്കല്‍. സത്യം- ചിന്തിക്കുന്നതുതന്നെ പറയുക. പറയുന്നതു പ്രവര്‍ത്തിക്കുക. വിചാരം, വാക്ക്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കുക. ഇതിനെയാണ് സത്യം എന്നുപറയുന്നത്. അസ്‌തേയം- അന്യരുടേത് യാതൊന്നും ആഗ്രഹിക്കാതിരിക്കല്‍. അപരിഗ്രഹം- തനിക്കായി ഒന്നും സൂക്ഷിച്ചുവയ്ക്കാതിരിക്കല്‍. 2. നിയമം- ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഇവയഞ്ചുമാണ് നിയമം. ശൗചം- പരിശുദ്ധി ബാഹ്യശുദ്ധിയും ആന്തരശുദ്ധിയും ശൗചമാണ്. സന്തോഷം- പ്രാരബ്ധവശാല്‍ വന്നുചേരുന്ന സുഖദുഃഖങ്ങള്‍ അനുഭവിച്ച് ഒന്നിലും ആഗ്രഹമില്ലാതെ സദാ സംതൃപതിയോടെ ഇരിക്കുന്നതാണ് സന്തോഷം. തപസ്സ്- വര്‍ണാശ്രമ ധര്‍മ്മമനുസരിച്ച് ജീവിതത്തില്‍ ഭഗവാനെ മാത്രം ആശ്രയിച്ച് എപ്പോഴും ഭഗവദ്ചിന്തയില്‍ ധ്യാനിച്ചിരിക്കുന്ന അവസ്ഥയാണ് തപസ്സ്. സ്വാദ്ധ്യായം- വേദാന്തഗ്രന്ഥങ്ങളുടെ വായന, പഠനം, കേള്‍ക്കല്‍, മനനം എന്നിവ സ്വാദ്ധ്യായം. ഈശ്വരപ്രണിധാനം- ഈശ്വരനില്‍തന്നെ പൂര്‍ണമായി ശരണം പ്രാപിക്കല്‍. 3. ആസനം- മനസ്സിന്റെ ഏകാഗ്രതയ്ക്കും ശുദ്ധിക്കും നിയന്ത്രണത്തിനുമായി നടത്തുന്ന യോഗാസനങ്ങള്‍. യോഗം എന്നാല്‍ ഈശ്വരചൈതന്യവുമായി കൂടിചേരല്‍. 4. പ്രാണായാമം- ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാണനെ ആധാരമാക്കിയാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചുപ്രാണന്മാരാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. മുഖ്യപ്രാണനും ഉപപ്രാണന്മാരും സദാ കര്‍മ്മനിരതരായിരിക്കുന്നു. ഇവയെ നിയന്ത്രണത്തിലാക്കുന്ന അഭ്യാസമാണ് പ്രാണായാമം. ഭഗവദ്ഗീതയില്‍ പ്രാണായാമത്തെ പ്രാണഹവനം എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രാണനും ചിന്തകളും തമ്മില്‍ ബന്ധമുണ്ടെന്നും പ്രാണനിരോധം കൊണ്ട് ചിന്തകളേയും നിരോധിക്കാന്‍ കഴിയുമെന്നും തെളിയുന്നു. അതുകൊണ്ടാണ് പ്രാണരോധനം എന്നുപറയുന്നത്. 5. പ്രത്യാഹാരം- പ്രാണായാമത്തിലൂടെ ഇന്ദ്രിയങ്ങള ബാഹ്യപ്രവര്‍ത്തികളില്‍നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതാണ് പ്രത്യാഹാരം. അതായത് വെളിയില്‍ അലഞ്ഞുനടക്കുന്ന ഇന്ദ്രിയങ്ങളെ സ്വന്തം വരുതിയിലാക്കല്‍ ഇന്ദ്രിയ നിഗ്രഹം എന്നര്‍ത്ഥം. 6. ധാരണ- ഇന്ദ്രിയനിഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ മനസ്സിനെ വരുതിയിലാക്കുക എളുപ്പമാണ്. മനസ്സിനെ ഏകാഗ്രമാക്കി നാഭിചക്രം, ഹൃദയകമലം, ഭ്രൂമദ്ധ്യം എന്നിവയില്‍ ഒരിടത്ത് ഉറപ്പിച്ചു നിറുത്തുന്നതാണ് ധാരണ. 7. ധ്യാനം- ധാരണ സാധിച്ചാല്‍ ധ്യാനം ആരംഭിക്കാം. സരൂപമോ, അരൂപമോ ആയ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിക്കലാണ് ധ്യാനം. ഇഷ്ടവിഗ്രഹത്തിലോ, അല്ലെങ്കില്‍ പ്രകാശത്തിലോ, അല്ലെങ്കില്‍ അരൂപമായ മറ്റെന്തിലെങ്കിലുമോ മനസ്സിനെ എപ്പോഴും കേന്ദ്രീകരിച്ചു നിറുത്തണം. ധ്യാനം കൂടുതല്‍ കൂടുതല്‍ ഉറയ്ക്കുമ്പോള്‍ ഈശ്വരനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 8. സമാധി- ധ്യാനത്തില്‍ ഉറച്ച മനസ്സിനെ അവിടെ നിന്നുയര്‍ത്തി ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും രണ്ടല്ലാതെ ഒന്നായിത്തീരുന്ന ഘട്ടത്തിലെത്തും. അതാണ് സമാധി. അപ്പോള്‍ എല്ലാം ഏകം. ആനന്ദംമാത്രം! അതാണ് മുക്തി.

No comments: