Monday, June 17, 2019

ദക്ഷിണാമൂർത്തി സ്തോത്രം-42
ലോകഹ എന്ന വാക്കിന് തന്നെ ഉത്പത്തി ആലോക്യതേ ഇതി ലോക: എന്നാണ്. കാണപ്പെടുന്നത് എന്നാണർത്ഥം. കാണപ്പെടുന്ന വസ്തു vision അതിൽ നിന്നാകണം world എന്നതൊക്കെ വന്നത്. കാണപ്പെടുന്ന ലോകം കാണുന്നവനെ ആശ്രയിച്ചിരിക്കുന്നു.
യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാര്ഥകം ഭാസതേ
ഏതൊരുവന്റെ സ്ഫുരണം അഥവാ അനുഭവം സദാത്മകമായി സ്ഫുരിക്കുന്നു. ഈ പ്രപഞ്ചത്തിന് മുഴുവൻ പ്രകാശമായ വസ്തു നമ്മളോരോരുത്തരുടേയും അന്തർയാമിയായി സ്ഫുരിക്കുന്നു. സദാത് സത് അഥവാ ഉണ്ട്, existence, അസ്ഥിത്വം. നമ്മളോരോരുത്തരിലും അസ്ഥിത്വം ഞാനുണ്ട് ഞാനുണ്ട് എന്ന് സ്ഫുരിക്കുന്നു.
അസത്കല്പാര്ഥകം ഭാസതേ
അസത്തായിട്ടുള്ള സകല പദാർത്ഥങ്ങളും ഈ സത് വസ്തുവിന്റെ ബലത്തിലാണ് സത്തായിട്ടിരിക്കുന്നത്. സത്യസ്യ സത്യം. പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിക്കുന്നത് നമ്മുടെ ഉള്ളിലെ 'ഞാനുണ്ട് ' എന്നുള്ള ഉന്മയുടെ അസ്ഥിത്വമാണ്. എല്ലാ സത്യത്തിനും സത്യമായിട്ടുള്ള സത്യത്തിനെ അകമേയ്ക്ക് അനുഭവിക്കുന്നു അല്ലെങ്കിൽ അനുഭവിക്കുന്നു എന്നറിയുന്നു. അതിനാണ് സത്ഗുരു സാക്ഷാൽ പരമകൃപയാൽ സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന് എന്ന് പറയുന്നത്.
നിത്യമായിട്ടുള്ളതിനെ ആശ്രയിക്കാം അനിത്യമായിട്ടുള്ളതുമായി വ്യവഹരിക്കാം, ആശ്രയിക്കാൻ കൊള്ളില്ല. ആശ്രയിക്കുക എന്നാൽ അറിയുക. അറിയുമ്പോൾ തന്നെ ആശ്രയമായി. നിത്യത്തിനെ അറിയുവാനെ സാധിക്കുകയുള്ളു. ബോധയതി, ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യ രൂപ ഹരി നാരായണായ നമഃ ഈ ബോധം വരുത്തുക എന്നാലെന്താ? ഈ കഴുത്തിൽ കിടക്കുന്ന മാല കാണാനില്ല എന്ന് പറഞ്ഞ് എല്ലായിടത്തും തിരഞ്ഞിട്ട് ഒരാൾ വന്ന് ദേ കഴുത്തിൽ തന്നെ കിടക്കുന്നുണ്ടല്ലോ എന്ന് പറയുമ്പോൾ ആ നിമിഷം ഉണ്ടാകുന്ന തിരിച്ചറിവാണ്, പ്രത്യഭിജ്ഞ എന്നും പറയും. ആ ക്ഷണത്തിൽ അത് തിരിച്ചറിയുന്നു. അത് കഴിഞ്ഞ് മാല എന്റെ കഴുത്തിലുണ്ട് എന്ന് ജപിക്കേണ്ട ആവശ്യമുണ്ടോ? കഴിഞ്ഞു ,ആ ക്ഷണത്തോടെ കഴിഞ്ഞു.
യഥാർത്ഥത്തിൽ നമ്മുടെ സാധനയും, തപസ്സും എല്ലാം ഈ സത്യം അറിഞ്ഞ ഒരു സത് ഗുരുവിന്റെ വാക്കുകൾ സ്വീകരിക്കാനുള്ള പക്വത ഉണ്ടാക്കാൻ മാത്രമാണ്. പക്വത ഉണ്ടായി കഴിഞ്ഞാൽ ഒരേ ഒരു ക്ഷണത്തിൽ ഒരേ ഒരു വാക്ക്
"പാത്തവിടമെല്ലാം പരവെളിയായി തോണ്ട്ര ഓർ വാർത്തയ് സൊല്ല വന്ത മനുവേ പരാപരമെ "
ഒരേ ഒരു വാക്ക് ഗുരു ഉപദേശിച്ചതോടെ കഴിഞ്ഞു എന്നാണ്. അതെങ്ങനെ കഴിയും? പറഞ്ഞ ഉടനെ എങ്ങനെ മനസ്സിലാകും? ഉള്ള വസ്തുവാണ്, കഴുത്തിൽ കിടക്കുന്ന മാല പോലെയാണത്. നമുക്ക് കിട്ടിയിരിക്കുന്നു, എവിടെയോ ഒരു ശ്രദ്ധയുടെ പിഴ. ആ ശ്രദ്ധയെ ഗുരു പൂർത്തി ചെയ്യുന്നു. ആ ക്ഷണത്തോടെ കഴിഞ്ഞു. അരുണഗിരി സ്വാമിക്ക് രമണ ഭഗവാൻ ഉപദേശിച്ചതിങ്ങനെയാണ് "സുമ്മാ ഇര് സൊൽ അറ നിൽ " . പന്ത്രണ്ട് വർഷം അദ്ദേഹം ചുമ്മാതിരുന്നു. ഇത് പറയുന്നതിന് തലേ ദിവസം വരെ പുറമേയ്ക്ക് മഹാ അസഭ്യനായിരുന്നു അദ്ദേഹം. നമ്മളിതിന് പല വ്യാഖ്യാനവും നല്കും പൂർവ്വ ജന്മത്തിൽ പലതും ചെയ്തു കഴിഞ്ഞു അല്ലെങ്കിൽ അവതാര പുരുഷൻ എന്നൊക്കെ പറയും.
ഭഗവാൻ ഗീതയിൽ പറയുന്നു അപി ചേതുസു ദുരാചാര: എത്ര വലിയ ദുരാചാരിയാകട്ടെ , എപ്പോൾ ഈ സത്യത്തെ സ്വീകരിക്കുന്നുവോ ക്ഷിപ്രം ഭവതി ധർമ്മാത്മാ ശാശ്വത് ശാന്തി നി ഗച്ഛതി ഏറ്റവും പെട്ടെന്ന് ധർമ്മാത്മാവായി തീരും പരമ ശാന്തിയെ പ്രാപിക്കും. എന്തൊരു ആശ്വാസമാണി വാക്കുകൾ.
കാരണമെന്തെന്നാൽ ധർമ്മാത്മ സ്വരൂപവും, പൂർണ്ണതയും, ശാന്തിയും, പരിശുദ്ധിയും ഒക്കെ നമ്മുടെ സ്വരൂപമാണ്. നമ്മൾ ദുരാചാരി, അശുദ്ധൻ, മഹാപാപി എന്നൊക്കെ പറയുന്നത് വെറും ആരോപണങ്ങളാണ്. ഇന്നലെ വരെ ദുരാചാരിയായ ആൾ ഇന്നെങ്ങനെ ജ്ഞാനിയായി എന്നതിന് വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല. ആയിരം വർഷം ഒരു മുറിയിലിരുട്ടുണ്ടായിരുന്നെങ്കിൽ അത് പോകാൻ ആയിരം വർഷം വേണമോ? പതുക്കെ പതുക്കെ ഇരുട്ടിനെ കളയണോ? വെളിച്ചം വരുന്ന ക്ഷണത്തിൽ ആ ഇരുട്ട് അവിടുന്ന് പോകും. അതേ പോലെ എത്ര ദുരാചാരിയായാലും ക്ഷണത്തിൽ ജ്ഞാനം പ്രകാശിക്കും.
Nochurji.
malini dipu

No comments: