Tuesday, June 25, 2019

ശ്രീമദ് ഭാഗവതം  192* 
ശുക്രാചാര്യർ മഹാബലിയോട് പറഞ്ഞു. 
ഏഷ വൈരോചനേ സാക്ഷാദ് ഭഗവാൻ വിഷ്ണുരവ്യയ:

ഹേ വൈരോചനേ, ഈ വന്നിരിക്കുന്നത് സാക്ഷാൽ അനന്തമായ വസ്തു ആണ്. തന്റെ കൈയിലുള്ളത് മുഴുവൻ ഇന്ദ്രന് പറിച്ചുകൊടുക്കും. സർവ്വവും നഷ്ടപ്പെടും.  കൊടുക്കരുത്. 

"പ്രഭോ ഞാൻ കൊടുക്കാം എന്ന് വാക്ക് പറഞ്ഞുവല്ലോ."

" വായ കൊണ്ടല്ലേ പറഞ്ഞിട്ടുള്ളൂ. ഞങ്ങളുടെ അഭിപ്രായത്തിൽ ജലം ഒഴിച്ച് കൊടുത്ത് ഓം തത് സത് തത് ത്വം എന്ന് പറഞ്ഞാലേ ആയിട്ടുള്ളൂ. കൊടുത്തിട്ടില്ല്യ. വായ കൊണ്ട് നമ്മൾ പലതും പറയും. അതൊക്കെ കണക്കാക്കാൻ പറ്റ്വോ."

അങ്ങനെ കള്ളം പറയാമോ. 

ചില കാര്യത്തിലൊക്കെ പറയാം. കല്യാണത്തിന്റെ കാര്യത്തിൽ പറയാം. നർമ്മത്തിന്(തമാശയ്ക്ക്) പറയാം.
സ്ത്രീകളോട് ചിലതൊന്നും പറയാൻ പറ്റില്ല്യ. അതുകൊണ്ട് അവരോട് കള്ളം പറയാം.

സ്ത്രീഷു നർമ്മ വിവാഹേ ച .
ഇതൊക്കെ ശുക്രനീതി ആണ്. ശുക്രാചാര്യരുടെ നീതി ആണ്. 

കുട്ടിക്ക് പാട്ടു പാടാനറിയോ. 
പെണ്ണുകാണാൻ വന്നവർ ചോദിച്ചു. 
നല്ലവണ്ണം പാടും. 
എന്നാൽ പാടാൻ പറയൂ. 
അത്.... .ഇപ്പൊ തൊണ്ട കെട്ടിയിരിക്കാണ്. എങ്ങനെ എങ്കിലും പാവം കല്യാണം കഴിച്ചു വിടണം മകളെ. ഇതൊക്കെ വിവാഹം നടക്കാൻ വേണ്ടീട്ട്. 

അതുപോലെ ചില കാര്യത്തിലൊക്കെ, ജീവന് തന്നെ ആപത്ത് വരുന്ന സന്ദർഭത്തിൽ കള്ളം പറയാം. ഇതൊക്കെ ശുക്രൃചാര്യരുടെ നീതി ആണ്. ആ ശുക്രനീതി കേട്ട് മഹാബലി ഒന്ന് ചിരിച്ചു. എന്താണെന്ന് വെച്ചാൽ ശുക്രാചാര്യർ അദ്ദേഹത്തിനെ test ചെയ്യുകയാണെന്ന് അദ്ദേഹത്തിനും അറിയാം. നമസ്ക്കരിച്ചു കൊണ്ട് പറഞ്ഞു. 

ഭഗവാനേ ഞാൻ യോഗ്യത ഇല്ലാത്തവനായിരിക്കാം. എന്റെ അച്ഛൻ യോഗ്യത ഇല്ലാത്തവനായിരിക്കാം. പക്ഷേ എന്റെ മുത്തശ്ശൻ ആരാണ്. പ്രഹ്ലാദന്റെ പേരക്കുട്ടി ആയി ഇരുന്നിട്ട് ഞാൻ കപടം പറയാമോ, കള്ളം പറയാമോ 

പ്രാഹ്ലാദി: കിതവോ യഥാ 
പ്രഹ്ലാദപരമ്പരയിൽ നിന്ന് വന്ന ഞാൻ, അതും ഒരു ബ്രാഹ്മണന് തരാം എന്ന് പറഞ്ഞിട്ട് തരില്യ എന്ന് പറയാൻ എനിക്ക് വയ്യ. 

എല്ലാം നഷ്ടപ്പെടാൻ പോകുന്നു😠 

അത് അറിഞ്ഞതല്ലേ. അങ്ങ് പറഞ്ഞ് തന്നത് വളരെ നന്നായി. 
 അങ്ങനെ ഇപ്പൊ ഭഗവാൻ വന്നു  ചോദിച്ച്  എല്ലാം കൊണ്ട് പോകുന്നുവെങ്കിൽ കൊണ്ട് പോട്ടെ. 

എല്ലാം നഷ്ടപ്പെടാൻ പോവാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വാമനമൂർത്തിയുടെ മുമ്പില് വന്നു. വിദ്യാവതി ജലം ഒഴിച്ച് കൊടുത്തു. മൂന്നടി മണ്ണ് ദാനം ചെയ്തു. ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി ണ്ടായി. മഹാബലിയുടെ ശിരസ്സിലേയ്ക്ക് ദേവന്മാർ തന്നെ പുഷ്പവൃഷ്ടി ചെയ്തു. 

തദ് വാമനം രൂപം അവർദ്ധതാത്ഭുതം 
ഹരേ: അനന്തസ്യ ഗുണത്രയാത്മകം 

ആ വാമനരൂപം ത്രിവിക്രമരൂപമായിട്ട് മാറി മൂന്ന് ലോകങ്ങളേയും അതിക്രമിച്ച് നിന്നു. രണ്ടടി കൊണ്ട് സർവ്വവും അളന്നു കഴിഞ്ഞു. മൂന്നാമത്തെ അടിക്ക് സ്ഥലമില്യ. മഹാബലിയെ വരുണപാശം കൊണ്ട് ബന്ധിച്ചു നിർത്തിയിട്ട് ഭഗവാൻ ചോദിക്കാ.
എവിടെ മൂന്നാമത്തെ അടി? 

അസുരന്മാര് പറഞ്ഞു ഈ വാമനൻ നമ്മളെ ഒക്കെ പറ്റിച്ചിരിക്കണു. 
യുദ്ധം ചെയ്യണം എന്ന് പറഞ്ഞു പുറപ്പെട്ടപ്പോ മഹാബലി അവരോട് പറഞ്ഞു. 

അരുത് നില്ക്കൂ. 
മഹാബലിയുടെ ജ്ഞാനത്തിന്റെ ബലം അവിടെ ആണ്. മഹാബലി പറയണു ഈ വന്നിരിക്കണ ആളാരാ അറിയോ. ഇയാളോട് യുദ്ധം ചെയ്തിട്ട് കാര്യമേ ഇല്ല്യ. 

യ: പ്രഭു: സർവ്വഭൂതാനാം സുഖദു:ഖോപപത്തയേ 
തം ന  അതിവർത്തിതും ദൈത്യാ: പൗരുഷൈരീശ്വര: പുമാൻ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: