Wednesday, June 19, 2019

ഭാഗവത വിചാരം*
             *_PART-4 EPISODE-227*
                     *ദശമ സ്കന്ധം* 
                 _ഏകാദശോഽദ്ധ്യായഃ_

*By KSV KRISHNAN Ambernath Mumbai

*വൃന്ദാവനം സംപ്രവിശ്യ*
*സർവ്വകാല സുഖാവഹം*
*തത്ര ചക്രുർവ്രജാവാസം*
*ശകടൈരർദ്ധചന്ദ്രവത്*
(10.11.35)

വൃന്ദാവനത്തിലെത്തിയ അവർ യമുനാനദിയുടെ അടുത്തായി അർദ്ധചന്ദ്രവൃത്താകൃതിയിൽ അവരുടെ പാർപ്പിടങ്ങൾ സ്ഥാപിച്ചു. മനോഹരമായിരിക്കുന്ന വൃന്ദാവനവും,  അടുത്തുള്ള യമുനാനദിയും, സമീപത്തുള്ള ഗോവർദ്ധനമെന്ന പർവ്വതവും രാമകൃഷ്ണന്മാർക്കു തന്നെ സന്തോഷമേകി എന്ന് പറയുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയണോ. എല്ലാം കൊണ്ടും സമൃദ്ധിയും സർവ്വൈശ്വര്യവും ധന്യവുമായ സ്ഥലമായിരുന്നു പുണ്യം വൃന്ദാവനം.

ഇനി ഇവിടുന്നു ഭഗവാന് ഏതാണ്ട് പതിനൊന്നു വയസ്സ് പ്രായം കഴിയുന്നതുവരെ, അതായത് മഥുരാ ഗമനം വരെ, രാമകൃഷ്ണന്മാരുടെ വൃന്ദാവന ലീലകളേയാണ് ശ്രീശുകൻ പറയാൻ പോകുന്നത്.  

അവിടെ വളർന്നു വന്ന രാമനും കൃഷ്ണനും വളർന്ന് പശുക്കുട്ടികളെ മെയ്ക്കാനുള്ള പ്രായത്തിലെത്തി. അങ്ങനെ രണ്ടു പേരും മാടു മേയ്ക്കാനുള്ള സാമഗ്രികൾ, കളിക്കോപ്പുകൾ, കണ്ണൻ തന്റെ മുരളി മുതലായവ എടുത്തു കൊണ്ട് മറ്റു ഗോപന്മാരുമൊന്നിച്ച് പശുകുട്ടികളെ മേയ്ക്കാനായി ഗോവർദ്ധന പർവ്വതത്തിന്റെ താഴ്വരകളിലേയ്ക്ക് പോയ് തുടങ്ങി. 

പശുപാലനത്തിനു നടുവിൽ കണ്ണൻ ചെയ്തിരുന്ന കാര്യങ്ങളെയാണ് ഇനി 39,40 എന്നീ അദ്ധ്യായങ്ങളിലൂടെ ശ്രീശുകൻ വർണ്ണിക്കുന്നത്.

....... *തുടരും* .....

No comments: