Sunday, June 16, 2019

രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വേണ്ട എല്ലാ മേഖലയും ശാസ്ത്രീയവും കാര്യക്ഷമവും സുതാര്യവുമാക്കി. ഒരു കുതിരക്ക് വൈകല്യമുണ്ടെന്നും അതിനെ വില്‍ക്കുകയാണ് നല്ലതെന്നും പറഞ്ഞ ഉദേ്യാഗസ്ഥനോട് നാളുകള്‍ ഏറെക്കഴിഞ്ഞ് കണ്ടപ്പോള്‍ കുതിരയെ വിറ്റോ, പണം ഖജനാവില്‍ അപ്പോള്‍ത്തന്നെ അടച്ചോ എന്ന അന്വേഷണം ഒരു ഭരണാധികാരിയുടെ ധനശ്രദ്ധയെ കാണിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെയും. പാലത്തിനും റോഡിനും വികസനത്തിനുമെന്ന പേരില്‍ കോടികള്‍ വിഴുങ്ങുന്ന ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഇതില്‍ നിന്നൊക്കെ എന്തെങ്കിലും പഠിക്കാനുണ്ടാകുമോ ? 
ആധുനിക പീരങ്കി വിദ്യ ഇംഗ്ലീഷുകാരോട് ചോദിച്ചിട്ടു കിട്ടാതെ വന്നപ്പോള്‍ ഫ്രഞ്ചുകാരോട് ആ സാങ്കേതിക വിദ്യ വാങ്ങുകയും പുരന്ദര്‍ കോട്ട പീരങ്കി നിര്‍മ്മാണശാലയാക്കി മാറ്റുകയും ചെയ്തു. ങമസല ശി കിറശമ എന്നതിന്റെ പൂര്‍വ്വ രൂപം! ഒപ്പം തന്നെ കല്യാണിലും ഭിവണ്ഡിയിലും കപ്പല്‍ നിര്‍മ്മാണ ശാലയും തുടങ്ങി. അടി പരന്ന ചെറു യുദ്ധക്കപ്പലുകളും ചരക്കുകപ്പലുകളും ആവശ്യത്തിനും വില്‍പ്പനക്കും നിര്‍മ്മിച്ചു. യുദ്ധക്കപ്പലിന്റെ മോഡലിന് 'സംഗമേശ്വരി' എന്ന പേരും നല്‍കി. കടല്‍ത്തീരത്തിന്റെ വാണിജ്യപരവും സുരക്ഷാപരവുമായ പ്രാധാന്യം മനസ്സിലാക്കി 'സമുദ്രക്കോട്ടകള്‍'കെട്ടി. ഉപ്പു കാറ്റ് കൊണ്ട് നശിക്കാതിരിക്കാന്‍ കോട്ട നിര്‍മ്മാണത്തില്‍ സിങ്ക് ഉപയോഗിച്ചു. ശത്രുരാജ്യങ്ങളുടെ ബലദൗര്‍ബ്ബല്യങ്ങള്‍ മനസ്സിലാക്കി.
ഒമ്പത് ശത്രുക്കളെ അടയാളപ്പെടുത്തി. മുഗളര്‍, ഇംഗ്ലീഷുകാര്‍, ഡച്ച്, പോര്‍ട്ടുഗീസ്, ഫ്രഞ്ച്, സിദ്ധികള്‍, ഗോല്‍ക്കൊണ്ട, ബീജാപ്പൂര്‍, കൂടാതെ രാജ്യത്തിന് അകത്തുതന്നെയുള്ള ശത്രുക്കള്‍. എല്ലാ ശത്രുക്കളോടും ഒരുപോലെയല്ല ഇടപെട്ടത്. വിദേശ ശത്രുക്കളോടുള്ള നയമായിരുന്നില്ല ഉള്ളിലുള്ളവരോട് ഉണ്ടായിരുന്നത്. വിദേശ ശത്രുക്കളോട് യുദ്ധം വേണ്ടി വരുമ്പോള്‍ത്തന്നെ വാണിജ്യവ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. മുഗളരെ വിദേശ ശത്രുവായി കണ്ടപ്പോള്‍ ബീജാപ്പൂരിനെയും ഗോല്‍ക്കൊണ്ടയെയും ഇസ്ലാമിക ഭരണമാണെങ്കിലും സ്വദേശീയര്‍ എന്ന നിലയ്ക്കാണ് കണക്കാക്കിയത്. ആഭ്യന്തര ശത്രുക്കളോട് കൂടതല്‍ സന്ധിയും തന്ത്രവും അവസാന കൈയ്ക്ക് മാത്രം ബലപ്രയോഗവും എന്നതായിരുന്നു നയം. 
കൃഷിയാണല്ലോ ഭാരതത്തിന്റെ മറ്റൊരു കരുത്ത്. കര്‍ഷകരില്‍ വിശ്വാസവും സംതൃപ്തിയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിന് ഓരോ ഗ്രാമത്തിലും നാല് കര്‍ഷകരെയും മൂന്ന് ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ഒരു സമിതിയുണ്ടാക്കി. കൃഷിയെ സംബന്ധിച്ച കണക്കെടുപ്പ് , നാശനഷ്ടമുണ്ടായാല്‍ അത് നികത്തല്‍, ഉപകരണങ്ങളോ കന്നുകാലികളോ നഷ്ടപ്പെട്ടാല്‍ പകരം നല്‍കല്‍ തുടങ്ങി ഭരണകൂടം തങ്ങളുടെ കൂടെയാണെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തി. ഭരണമെന്നാല്‍ രാജ്യസേവനമാണ് എന്ന് സ്വഭരണം കൊണ്ട് ശിവജി ജനങ്ങളെ കാണിച്ചുകൊടുത്തു. 
ഇങ്ങനെ ഏത് രംഗം പരിശോധിച്ചാലും ഒരു മാതൃകാ ഭരണവും ജീവിതവുമാണ് ഛത്രപതി ശിവജിയിലൂടെ നാം കാണുന്നത്. സത്ഭരണത്തില്‍ സ്ത്രീകളുടെ നിലയെന്തായിരിക്കണം, വിവിധ മതസമൂഹങ്ങളോടുള്ള സമീപനം എങ്ങനെ, ജനങ്ങളോട്,  ഉദ്യോഗസ്ഥരോട്, സൈനികരോട് എന്നു തുടങ്ങി ഒരു യഥാര്‍ത്ഥ ആദര്‍ശ ഭരണാധികാരിയും ഭരണ  വ്യവസ്ഥയുമായിരുന്നു മഹാനായ ആ ചക്രവര്‍ത്തിയിലൂടെ ആധുനിക ഭാരതത്തിന് ലഭിച്ചത്. എല്ലാ വിഭാഗത്തിലും പെട്ടവരെയും ആദര്‍ശശാലികളായി ജീവിക്കാനും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും രാസത്വരകമായി അദ്ദേഹം ഉപയോഗിച്ചത് ഈശ്വരവിശ്വാസവും സ്വരാജ്യ സ്‌നേഹവും ആയിരുന്നു. മറ്റെല്ലാം അതിനു താഴെ മാത്രം. ആ മാതൃക നാം വലിച്ചെറിഞ്ഞതാണ് സ്വതന്ത്ര ഭാരതം ചെയ്ത തെറ്റ്. 
ഇന്ന് വീണ്ടും ആ ശംഖനിദാനം മുഴങ്ങുന്നുവോ? ആദര്‍ശങ്ങളെ വണങ്ങുക, സ്വധര്‍മ്മത്തെ അനുഷ്ഠിക്കുക, ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക, എല്ലാവരെയും സ്വകര്‍ത്തവ്യ നിരതരാക്കുക, പരസ്പര ബഹുമാനം ശീലിപ്പിക്കുക, ഭക്തിയും ശ്രദ്ധയും വളര്‍ത്തുക, സര്‍വോപരി എല്ലാത്തിനും മേലെ സ്വരാജ്യസ്‌നേഹവും സമര്‍പ്പണവും എല്ലാവരിലും സൃഷ്ടിക്കുക ക്ഷേമരാജ്യത്തിലേക്കും വൈഭവ പൂര്‍ണ രാഷ്ട്ര ജീവിതത്തിലേക്കുമുള്ള രാജപാതയാണത്. 
(അവസാനിച്ചു).
surendran...........janmabhumi

No comments: