Thursday, June 20, 2019

രാമായണത്തിലെ ശ്വാനന്റെ കഥ

Tuesday 18 June 2019 9:15 pm IST
രാവണനിഗ്രഹത്തിനു ശേഷം ശ്രീരാമന്‍ അയോധ്യ വാഴുന്ന സമയം.ശ്രീരാമന്റെ നിര്‍ദേശപ്രകാരം ലക്ഷ്മണന്‍ പതിവായി  ഗോപുരവാതില്‍ക്കലെത്തി 'കാര്യാര്‍ത്ഥികളുണ്ടോ 'എന്ന് തിരക്കുമായിരുന്നു. എല്ലാം കൊണ്ടും  തൃപ്തരായ ജനങ്ങള്‍ക്ക്  ഒരു കാര്യസാധ്യത്തിനു വേണ്ടിയും ഗോപുരവാതില്‍ക്കലെത്തേണ്ടി വന്നിട്ടില്ല.
പക്ഷെ പതിവിനു വിപരീതമായി ഒരിക്കല്‍ ലക്ഷ്മണന് മറുപടി കിട്ടി. അതാവട്ടെ ഒരു ശ്വാനനും. ആദ്യം ലക്ഷ്മണന്‍ ഒന്നമ്പരന്നു, വേഗം ഓടി രാമസന്നിധിയിലെത്തി കാര്യം പറഞ്ഞു. 'ഒരു ശ്വാനനാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുന്നതെങ്ങനെ?' എന്ന സംശയവും ലക്ഷ്മണന്‍ രാമനോട് ചോദിച്ചു.
രാമന്‍ പറഞ്ഞു, 'നിനക്ക് ഈവിധം സംശയം തോന്നേണ്ട കാര്യമെന്താണ്? കാര്യാര്‍ത്ഥിയായി വരുന്ന ഏവരും എനിക്ക് ഒരുപോലെയാണ്. വേഗം അവനെ ഉള്ളിലോട്ടു കൂട്ടിക്കൊണ്ടു വരൂ.
ശ്വാനന്‍ വന്നു. രാമന്‍ കാര്യം അന്വേഷിച്ചു. ശ്വാനന്‍ പറഞ്ഞു : 'പ്രഭോ, എന്നെ ഒരു ബ്രാഹ്മണന്‍ അകാരണമായി പ്രഹരിച്ചു. ധര്‍മ്മാത്മാവായ അങ്ങ് ഭരിക്കുന്ന ഈ രാജ്യത്ത് നടന്ന ഈ അനീതിയുടെ കാരണം അന്വേഷിച്ച് എത്രയും വേഗം ആ ബ്രാഹ്മണനെ ശിക്ഷിക്കണം.'
രാമന്‍ പെട്ടന്ന് തന്നെ ബ്രാഹ്മണനെ വിളിച്ചു വരുത്തി. സഭയില്‍വെച്ചുതന്നെ കാരണം പറയാന്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ പറഞ്ഞു, 'പ്രഭോ, തെറ്റുപറ്റിപ്പോയി. ഞാന്‍ താപസവൃത്തിയോടെ ജീവിക്കുന്നവനാണ്. ഞാന്‍ ഭിക്ഷാടനത്തിനായി ഇറങ്ങുകയായിരുന്നു. ആശ്രമത്തില്‍നിന്നിറങ്ങി വരുമ്പോള്‍ ഈ ശ്വാനന്‍ എനിക്ക് എതിരായി വഴിക്കുകുറുകെ കിടന്നു. പെട്ടന്നുണ്ടായ കോപം മൂലം കയ്യില്‍കിട്ടിയ വടിയെടുത്ത് ഞാന്‍ പ്രഹരിച്ചു. അങ്ങെന്നെ ശിക്ഷിച്ചു കൊള്ളൂ. ആ പാപം ഇവിടെ തീരട്ടെ. പിന്നീടുള്ള നരകഭയത്തെപ്പറ്റി എനിക്ക് വിഷമിക്കേണ്ടി വരില്ലല്ലോ. ആ ബ്രാഹ്മണനെ അപരാധിയായി കണക്കാക്കരുതെന്നും ശിക്ഷ വിധിയ്‌ക്കേണ്ട ആവശ്യമില്ല എന്നും പണ്ഡിതന്മാരും പൗരപ്രമുഖരും ആചാര്യരും ഒരുപോലെ പറഞ്ഞു. പക്ഷെ ആ ശ്വാനന് മാത്രം ബ്രാഹ്മണനോട് ക്ഷമിക്കാനായില്ല.
ശ്രീരാമന് ശ്വാനന്റെ മനസ്സില്‍ എന്താണെന്ന് മനസ്സിലായി. ശ്രീരാമന്‍ പറഞ്ഞു:'എല്ലാവരും പറയുന്നത് നീ കേട്ടില്ലേ? എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നു. ഒരു കാര്യം ചെയ്യാം. ഇദ്ദേഹത്തിന് എന്തു ശിക്ഷയാണ് കൊടുക്കേണ്ടതെന്നു നീ പറയൂ. ഉചിതമെങ്കില്‍ ഞാനത് നടപ്പിലാക്കാംഎല്ലാവരും ശ്വാനന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശ്വാനന്‍ പറഞ്ഞു; 'പ്രഭോ, ഈ ബ്രാഹ്മണന് കുലപതി എന്ന സ്ഥാനം കൊടുക്കൂ. അതാണ് ഇദ്ദേഹത്തിനുള്ള ശിക്ഷ.' ശ്വാനന്‍ പറഞ്ഞത് പോലെ ബ്രാഹ്മണനെ കുലപതിയായി അഭിഷേകം ചെയ്ത് ആനപ്പുറത്തേറ്റി സര്‍വസന്നാഹങ്ങളോടെ യാത്രയാക്കി.
ഇത് ആ ബ്രാഹ്മണന് കൊടുത്ത അനുഗ്രഹമാണോ ശിക്ഷയാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായി.
എല്ലാവരുടെയും സംശയത്തിന് മറുപടിയായി ശ്വാനന്‍ പറഞ്ഞു :'ആരും സംശയിക്കേണ്ട. ഇതിന് മുന്‍പ് ഞാനായിരുന്നു കുലപതി. യാതൊരു അധര്‍മ്മവും കൂടാതെ എല്ലാവരുടെയും ഹിതം മാത്രംനോക്കി സ്വാര്‍ഥത ഒട്ടുമില്ലാതെയാണ് ഞാന്‍ പ്രവൃത്തികള്‍ ചെയ്തത്. എന്നിട്ടും എവിടെയൊക്കെയോ ഞാന്‍ പോലുമറിയാതെ ചെയ്ത പിഴവുകള്‍ കാരണം ഞാനീ അവസ്ഥയിലെത്തി. അപ്പോള്‍ മുന്‍കോപിയായ ആ ബ്രാഹ്മണന്റെ കാര്യം പറയണോ? ക്രോധം ധര്‍മം ത്യജിക്കാന്‍ കാരണമാകും. അധര്‍മിയായ ഒരുവന്‍ തനിക്ക് കിട്ടിയ സ്ഥാനം ദുരുപയോഗം ചെയ്താല്‍ അവന്റെ പതിന്നാലു തലമുറവരെ സമൂഹത്തില്‍ ഒറ്റപ്പെടും. അധര്‍മിയായി സ്വാര്‍ഥതയോടെ ബ്രഹ്മസ്വത്തിലും ദേവസ്വത്തിലും കണ്ണുവെച്ചാല്‍ പോലും അവീചി എന്ന നരകത്തില്‍ പ്രവേശിക്കും. ഇതിലും വലിയ ശിക്ഷ ആ ബ്രാഹ്മണന് കൊടുക്കാന്‍ കഴിയില്ല.'
മനുഷ്യന്റെ ക്രോധവും എടുത്തുചാട്ടവും അവനെ എത്രമാത്രം അധഃപതിപ്പിക്കുമെന്ന ഗുണപാഠം ഈ കഥയിലുണ്ട്. ഒരു ശ്വാനന്റെ വാക്കിന് പോലും വിലകല്‍പ്പിക്കുന്ന രാമനെന്ന രാജാവിന്റെ പ്രഭാവത്തെയും നമുക്ക് ഈ കഥയില്‍ കാണാം.
janmabhumi

No comments: