Thursday, June 13, 2019

ദക്ഷിണാമൂർത്തി സ്തോത്രം-40

സകലയിടത്തും തിരഞ്ഞു ഹിരണ്യകശിപു, "വിഷ്ണു എവിടെ വിഷ്ണു എവിടെ ". പ്രഹ്ളാദനോടും ചോദിച്ചു. ബഹിർ ദൃഷ്ടിയാണ് അയാൾക്ക് അന്തർഹൃദയത്തിൽ സ്വരൂപനായിട്ടുള്ള ഭഗവാനെ കാണില്ല.

ഒരിക്കൽ ഒരാൾ തീർത്ഥയാത്രയ്ക്കിറങ്ങി. വഴിയിൽ മറ്റൊരാൾ അദ്ദേഹത്തിനൊപ്പം കൂടി. ഒരു തസ്കരനായിരുന്നു കൂടെ കൂടിയത്. രാത്രി ഒരു സത്രത്തിൽ അഭയം തേടി അവർ. അർദ്ധരാത്രിയായപ്പോൾ കള്ളൻ പതുക്കെ എഴുന്നേറ്റ് പണത്തിനായി തിരച്ചിൽ തുടങ്ങി. എല്ലായിടത്തും നോക്കി ഒന്നും കിട്ടിയില്ല. അവസാനം ഉറങ്ങി കിടന്നിരുന്ന ആളുടെ തലയണയ്ക്കടിയിലും പരിശോധിച്ചു. ഒന്നും കയ്യിൽ തടഞ്ഞില്ല. അടുത്ത ദിവസം അവർ തീർത്ഥസ്ഥാനത്തെത്തി. കള്ളൻ പതുക്കെ ചോദിച്ചു ഇവിടെ കള്ളൻമാരുടെ ശല്യം കൂടുതലാണ്. താങ്കൾ എവിടെയാണ് പണം സൂക്ഷിച്ചത്. അദ്ദേഹം പറഞ്ഞു അതോ നിങ്ങളുടെ തലയണയ്ക്കടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു.😊

ഇതു പോലെ ഇദം അഥവാ ജഗത് എന്നുള്ളതിലൊക്കെ നമ്മൾ അന്വേഷിച്ചു കഴിഞ്ഞു. ഇനിയെങ്ങും അന്വേഷിക്കാൻ ബാക്കിയില്ല. അണുവിനുള്ളിലും അന്വേഷിച്ചു കഴിഞ്ഞു. ഗാലക്സി മുഴുവൻ അന്വേഷിച്ച് കഴിഞ്ഞു. എന്നിട്ടും സംതൃപ്തിയില്ല കാരണമെന്താ? ദൃശ്യമാന നഗരീ തുല്യം നിങ്ങൾ കണ്ണാടിക്ക് ഷേവ് ചെയ്തു കൊണ്ടിരിക്കയാണ് എന്നാണ് ശങ്കരാചാര്യർ പറയുന്നത്. മുഖത്തിരിക്കുന്ന താടി ഷേവ് ചെയ്യുന്നതിന് പകരം കണ്ണാടി ഷേവ് ചെയ്തിട്ട് എന്ത് കാര്യം.

ഇതു പോലെ കാണുന്നത് മുഴുവൻ കണ്ണാടിയിലെ പ്രതിബിംബമാണ് , reflection ആണ്. നിങ്ങൾ ബിംബത്തിനെ ശ്രദ്ധിക്കു. ബിംബത്തിനെ ശരിയാക്കിയാൽ പ്രതിബിംബം താനേ ശരിയായി കൊള്ളും. പ്രതിബിംബത്തിൽ ഒന്നും ചെയ്യാനില്ല, ചെയ്യാനൊക്കുകയും ഇല്ല. അതിനാലാണ് അതിനെ മായ എന്ന് പറയുന്നത്.

ഏറ്റവും വലിയ ഭ്രമമാണ് ഈ ലോകം നന്നാക്കുക എന്നത്. എത്ര പേർ നന്നാക്കാൻ വന്നിരിക്കുന്നു എന്നിട്ട് നന്നായോ?🤔 നന്നാകുന്ന സാധനമൊന്നുമല്ല അത്. ഉള്ളിൽ നന്നായാൽ പിന്നെ ലോകം നന്നാക്കാനൊന്നുമില്ല. ലോകം ഉത്തമമാകും, perfect. പിന്നെ ലോകമില്ല ഭഗവാനേയുള്ളു. ഉള്ളിൽ ഈശ്വരനെ കണ്ടാൽ പിന്നെ പുറത്ത് ഭഗവാനേയുള്ളു. ലോകം ഭഗവാന്റെ സ്വരൂപമാണ്, വിശ്വം ഭഗവത് സ്വരൂപമായറിയും നമ്മൾ. 

വ്യാസ ഭഗവാനോട് നാരദ മഹർഷി പറഞ്ഞതിതാണ്. അങ്ങ് ജനങ്ങളൊക്കെ ബുദ്ധിമുട്ടുന്നു എന്നും ജനങ്ങളൊക്കെ കഷ്ടപ്പെടുന്നുവെന്നും ആ ജനങ്ങൾക്കൊക്കെയും ഭഗവാനെ പ്രാപിക്കണം എന്ന ഭ്രമം വച്ചു കൊണ്ടാണ് അങ്ങ് ഇത്രയും പുരാണങ്ങളെഴുതിയത്. അതു കൊണ്ടാണ് അങ്ങയ്ക്ക് തൃപ്തി വരാത്തത്. അങ്ങയ്ക്ക് പറ്റിയ അബദ്ധം 
ഇദം ഹി വിശ്വം ഭഗവാൻ
ഇവേദരോ യതോ ജഗത് സ്ഥാന നിരോധ സംഭവാഹ
തദ്ധി സ്വയം വേദ

അങ്ങ് അറിയുന്ന കാര്യമാണ് എന്നാലും ബോധിപ്പിക്കയാണ്. ഇദം ഹി വിശ്വം ഭഗവാൻ , ഈ വിശ്വം ഭഗവാനാണ്. ഇതരഹ ഇവ ഭാതി അല്ലാത്ത പോലെ തോന്നുന്നുണ്ടല്ലോ, അത് വെറും ഭ്രമം. ജ്ഞാന സ്ഥിതിയിൽ പൂർണ്ണമായി ഉറക്കാത്ത പക്ഷം പിന്നേയും അജ്ഞാനം നിലനിൽക്കുന്നു. ഇനിയും എന്തോ മനസ്സിലാക്കി കൊടുക്കാനുണ്ടെന്നും, ലോകം നന്നാക്കാനുണ്ടെന്നും ഒരു ഭ്രമം ഉണ്ടാകും. ആ ഭ്രമം കാരണം സമാധാനം ഉണ്ടാകില്ല. ലോക വാസന എന്നിതിന് പറയും. ലോകം ഉണ്ട് എന്ന വാസന കാരണം എന്തെങ്കിലുമൊക്കെ ലോകത്തിൽ പ്രവർത്തിക്കുന്നു.

Nochurji.
malini dipu

No comments: