Saturday, June 29, 2019

ശ്രീമദ് ഭാഗവതം  194* 
എന്താ ഈ വാമനാവതാരം? നമ്മളുടെ ഒക്കെ ഉള്ളിലുള്ളതാണ് വാമനൻ. അക്ഷരപുരുഷനാണ് ഈ വാമനൻ. ശ്രുതി തന്നെ ശരീരാന്തർഭാഗത്തിലെന്നപോലെ അനുഭവപ്പെടുന്ന ഭഗവാനെ 'വാമനൻ' എന്ന് വിളിക്കുന്നു. 

മദ്ധ്യേ വാമനവാസീനം വിശ്വേ ദേവാ ഉപാസതേ.
ആ വാമനന് മൂന്നടി മണ്ണ് കൊടുക്കാ. മൂന്നടി മണ്ണ് ന്താ? നമ്മളുടെ അവസ്ഥാത്രയം. സ്ഥൂലശരീരം, സൂക്ഷ്മശരീരം ഇത് രണ്ടും കൊടുത്താലും പോരാ. *ഞാൻ കൊടുത്തു എന്നുള്ള അഹങ്കാരം* പിന്നെയും ഉള്ളിലുണ്ടാവും. ആ കാരണശരീരത്ത ആണ് 'തന്നെ'(അഹംകൃതി) കൊടുക്കുണു എന്നുള്ളത്.

നമ്മളുടെ വസ്തുക്കൾ കൊടുക്കാൻ, വസ്തുക്കളൊക്കെ നമ്മളുടെ ആണോ? 
എന്റെ എന്ന് വിചാരിച്ചിട്ടല്ലേ കൊടുക്കണത്. പോരാ, *എന്നെ തന്നെ കൊടുക്കണം.* Possessions മാത്രം കൊടുത്താൽ പോരാ possessor should be given. ആ കൊടുക്കുന്ന ആള്, 'തന്നെ'. അർപ്പിക്കണം. തന്നേയും അർപ്പിച്ചു കഴിയുമ്പോ, ത്രിവിക്രമദർശനം ആണ്. ഈ ഉള്ളിൽ മാത്രം വ്യാപിച്ചു നില്ക്കണ വസ്തു സർവ്വത്ര വ്യാപിച്ചു നില്ക്കുന്നത് ദർശിക്കുന്നതാണ്  ത്രിവിക്രമദർശനം. സർവ്വവ്യാപിയായ അനുഭവം. അങ്ങനെ ത്രിവിക്രമനായി ഭഗവാൻ മഹാബലിയെ അനുഗ്രഹം ചെയ്തു. 

പ്രഹ്ലാദൻ വന്നു ഭഗവാനെ സ്തുതിച്ചു. വിന്ധ്യാവലി സ്തുതിച്ചു. ഭഗവാൻ ബ്രഹ്മാവിനോട് പറഞ്ഞു ഹേ ബ്രഹ്മാവേ, ഈ മഹാബലിയെ ഞാൻ ഉപദ്രവിക്കയാണെന്ന് ധരിക്കരുത്.  ഇദ്ദേഹം മഹാത്മാവാണ്. എനിക്ക് ആരോട് വളരെ ഇഷ്ടം ണ്ടോ അവരോട് ഞാൻ ഇങ്ങന്യാ പെരുമാറുക. 

യസ്യ അനുഗ്രഹം ഇച്ഛാമി തദ്വിശോ വിധുനോമ്യഹം 

ആരെ ഞാൻ അനുഗ്രഹിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അവന് ഏതേത് വസ്തുക്കളിൽ അഹങ്കാരം ണ്ടോ, ഏതേത് വസ്തുക്കളിൽ അഭിമാനം ണ്ടോ, ആ വസ്തുക്കൾ മുഴുവൻ അവൻ കാണെ ഞാൻ തച്ചുടയ്ക്കും. ആ വസ്തുക്കളിലുള്ള അഭിമാനം കാരണം അവൻ എന്നിൽ നിന്ന് അകന്നു നില്ക്കാണ്. അതുകൊണ്ട് തന്നെ എനിക്ക് അവനോട് പ്രിയം തോന്നുമ്പോ, അവന് അഭിമാനമുള്ള വസ്തുക്കളൊക്കെ ഞാൻ പിടിച്ചു പറിച്ചെടുക്കും. *അവൻ ഒരു വിധത്തിലും പ്രതികരിക്കാതെ അടങ്ങി തരാണെങ്കിൽ സർവ്വസ്വവും ഞാൻ അവന് കൊടുക്കും.* എന്നെ തന്നെ ഞാൻ അവന് കൊടുക്കും. ഇതാണ് എന്റെ സമ്പ്രദായം. 

ഇത്രയും പറഞ്ഞ് മഹാബലിക്ക് ഒരു അനുഗ്രഹം ചെയ്തു. ഭഗവദ് ഗീതയിലുള്ള _യോഗക്ഷേമം വഹാമ്യഹം_ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനം പോലെ ആണ് ആ അനുഗ്രഹം. ഭഗവാൻ മഹാബലിക്ക് അനുഗ്രഹം ചെയ്യാണ്. 

രക്ഷിഷ്യേ സർവ്വതോഽഹം ത്വാം സാനുഗം സപരിച്ഛദം 
സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാൻ. 

മഹാബലിയെ 'വീരാ' എന്നാണ് വിളിക്കണത്. ഹേ വീരാ. എന്താ? വീരനേ ശരണാഗതി ചെയ്യുള്ളൂ. 

 *രക്ഷിഷ്യേ സർവ്വതോഽഹം ത്വാം* 
ഹേ വീരാ, തന്നെ ഞാൻ എല്ലാ വിധത്തിലും രക്ഷിക്കും. തന്നെ മാത്രല്ലാ,

 *സാനുഗം* 
തന്റെ കൂടെ ആരൊക്കെ ണ്ടോ അവരെ എല്ലാം രക്ഷിക്കും. കുടെ ഉള്ളവർ മാത്രല്ല,
 
 *സപരിച്ഛദം* 
എന്തൊക്കെ വസ്തു വകകൾ ണ്ടോ അതൊക്കെ രക്ഷിക്കും. രക്ഷിക്കാ എന്ന് വെച്ചാൽ തന്റെ  കൂടെ നടന്നു കൊണ്ട് ഞാൻ രക്ഷിക്കും. അതു മാത്രല്ല,

 *തത്ര മാം ദ്രക്ഷ്യതേ ഭവാൻ.* 
ഞാൻ കൂടെ നില്ക്കണത് നീ കാണുകയും ചെയ്യും. 

ഇതിന് മേലെ എന്ത് അനുഗ്രഹം വേണം. അങ്ങനെ മഹാബലിയെ ഭഗവാൻ അനുഗ്രഹിച്ചു. ശുക്രാചാര്യരോട് യജ്ഞത്തിനെ സംപൂർത്തിചെയ്യാൻ പറഞ്ഞു. അങ്ങനെ വാമനാവതാരം🙏ഹരേ ഹരേ🙏 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: