Friday, September 06, 2019

ശ്രീമദ് ഭാഗവതം 12-ാം സ്കന്ധത്തിലെ 13-ാം അധ്യായത്തിൽ, ജീവ ബ്രഹ്മത്തിന്റെ ഏകതയെ പ്രകടമാക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ വിഷയമെന്നു പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെ ലക്ഷ്യമാക്കിയാണ് കഥ രചിച്ചിട്ടുള്ളത്. ഈ തത്ത്വം മനസ്സിലാകണമെങ്കിൽ ജഡ ചൈതന്യങ്ങളുടെ ധർമ്മങ്ങൾ വേർതിരിച്ച് മനസ്സിലാകണമെങ്കിൽ ജഡ ചൈതന്യക്കളുടെ ധർമങ്ങൾ വേർതിരിച്ച് മനസ്സിലാക്കിയിരിയ്ക്കണം. ഒന്നാം ദിവസത്തിലെ കഥ അവസാനിയ്ക്കുമ്പോൾ കപിലാഖ്യാനം വരുന്നു. ഇത്രയും ജ്ഞാനം ഒന്നാം ദിവസം കൊണ്ടു തന്നെ ഉണ്ടാകണം. പ്രകൃതിയേയും പുരുഷനേയും വിവേചിച്ച് അറിയണം . അതായത് ആത്മാവ് മായയുടെ ഗുണങ്ങളിൽ അസംഗമാണെന്നു മനസ്സിലാക്കാം. ഈ ജ്ഞാനം ദൃഢമാകാൻ വൈരാഗ്യം ആവശ്യമാണ്. അതിനാൽ രണ്ടാം ദിവസത്തെ കഥ ജഡ ഭരതന്റെ ആഖ്യാനത്തോടെ അവസാനിയ്ക്കുന്നുവിവേകവും വൈരാഗ്യവുമാണ് അവിടുത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ. മൂന്നാം ദിവസത്തെ കഥ പ്രഹ്ലാദചരിതം വരെ എത്തുന്നു. അവിടെ ജ്ഞാനവും വൈരാഗ്യവും ഭക്തിയും വിവരിച്ചിട്ടുണ്ട്. നാലാം ദിവസം ശ്രീകൃഷ്ണന്റെ ജനനമായി ഇവിടെയാണ് ശരിയായ ആത്മാനുഭൂതിയുണ്ടാകുന്നത്. ഏഴു ഭൂമികയുള്ള ജ്ഞാനത്തിന്റെ നാലാമത്തെ ഭൂമികയിലെത്തുമ്പോഴുണ്ടാകുന്ന അനുഭവത്തിനു തുല്യമാണ് ഈ ആത്മാനുഭൂതി.ഈ നിഷ്ഠയുണ്ടാകാൻ ത്യാഗം അനുപേക്ഷണീയമാണ്. അഞ്ചാം ദിവസം രുക്മിണിയുടെ ആഖ്യാനത്തിൽ അഞ്ചാമത്തെ ഭൂമികയുടെ അനുഭവം ഉണ്ടാകുന്നു. ആറാം ഭൂമികയായ പദാർത്ഥ ഭാവി നി, ഗുരുദത്താത്രേയൻ യദു രാജനു നല്കുന്ന ഉപദേശങ്ങളിൽ നിന്ന് അനുഭവ ഗോചരമാകുന്നു. ഏഴാം ദിവസം മുക്താവസ്ഥയെ പ്രാപിച്ച പരീക്ഷിത്തു രാജാവ് ശുക ദേവനോട് താൻ ഇപ്പോൾ സിദ്ധനായിയെന്നും ശുകദേവൻ തനിക്ക് ഭഗവത് സാരൂപ്യം പ്രാപ്തമാക്കിക്കൊടുത്തുവെന്നും പറയുന്നു.
(അദ്ധ്യാത്മ ഭാഗവതം)

No comments: