Friday, September 20, 2019



ദിവസം 185
ശ്രീമഹാഭാഗവതകഥകൾ:  തുടരുന്നു... 
                         !!!  ദേവേന്ദ്രദർപ്പശമനം  !!!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
    വസുദേവപുത്രൻറെ പാദാരവിന്ദങ്ങളിൽ ചെന്ന് അഭയം പ്രാപിച്ചു ക്ഷമാപണം ചെയ്യണമെന്ന് ഒടുവിൽ ഇന്ദ്രൻ തീരുമാനിച്ചു. അപരാധിതനായ താൻ തനിച്ച് ഭഗവൽ സന്നിധിയിൽ ചെല്ലുന്നത് അനുചിതമെന്നു കരുതി, ദേവസുരഭായായ കാമധേനുവിനെക്കൂടി സുരേന്ദ്രൻ കൂടെ കൊണ്ടുപോയി. 

       പശുപാലകനായ കൃഷ്ണൻ വാനവർലോകത്തിലെ ദിവ്യപ്പശുവിനെ കാണുമ്പോൾ, രോഷം മറന്ന് സന്തോഷമുള്ളവനായിത്തീരുമെന്നായിരുന്നു വിണ്ണവർനാഥൻറെ വിചാരം. 

         ഒരുദിവസം രാവിലെ, മേയ്ക്കാനായി ഗോക്കളേയും കൊണ്ട് ഗോപാലന്മാർ പോയതിനുശേഷം, കൃഷ്ണൻ ഏകനായി കാളിന്ദീതീരത്ത് നിൽക്കുകയാണ്. സുരഭിയോടും കൂടി സുരേന്ദ്രൻ അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ടു. വന്നപാടെ വാസവൻ വസുദേവബാലൻറെ ചെന്തളിർപ്പാദങ്ങളിൽ തൻറെ കോടിരത്നപ്രോജ്ജ്വലിതമായ കിരീടം അർപ്പിച്ചു നമസ്ക്കരിച്ചുകൊണ്ട്, താൻ ചെയ്ത അപരാധം ക്ഷമിച്ച് മാപ്പരുളണമെന്നപേക്ഷിച്ചു. 

       " കൃഷ്ണാ! വൈകുണ്ഠപതേ! അഹങ്കാരംകൊണ്ടുണ്ടായ ഗർവ്വാണ് അടിയനെ ഈ അപനയത്തിന് പ്രേരിപ്പിച്ചത്. നിത്യനിർവ്വാണമൂർത്തിയും നിരാമയനുമായ നിന്തിരുവടി അതു ക്ഷമിക്കണം. കല്യാണരൂപനായ നിന്തിരുവടിയുടെ പരമാർത്ഥം അറിയാമായിരുന്നിട്ടും, അറിവില്ലാത്തവനെപ്പോലെ അഹങ്കാരമത്തനായി അടിയൻ നിന്തിരുവടിയോട് മത്സരിക്കാൻ വന്നത് ക്ഷമിക്കണം. "

         കാമധേനുവായ സുരഭിയും ഗോപിലവേഷംപൂണ്ട് കാണപ്പെട്ട കണ്ണനെ വാഴ്ത്തി സ്തുതിച്ചു. ' പാൽക്കടലിൽ പള്ളികൊള്ളുന്ന ഹേ! പരന്താമനായ ഭഗവാനെ! എൻറെ വർഗ്ഗത്തിൽപ്പെട്ട പശുക്കളെ മേയ്ക്കുന്ന  ഒരു ഇടയനായി അങ്ങയെ ഞാൻ കാണുന്നല്ലോ. അങ്ങയുടെ പാലനം കൊണ്ട് പശുക്കൾക്ക് ദേവപൂജ്യത സിദ്ധിച്ചിരിക്കുന്നു. ഭഖവാനേ! ഗോകുലതിലകാ! ഗോപകുമാരാ!കൃഷ്ണാ!'

         ഏവംവിധം സുരഭി കൃഷ്ണനെ വാഴ്ത്തി സ്തുതിച്ചപ്പോൾ ആ ഖോപാലനിൽ അവൾക്കു ഭക്തിനിറഞ്ഞ വാത്സല്യം വർദ്ധിച്ചു. അതോടുകൂടി അവളുടെ അകിടു ചുരന്നു. ആ അകിടിൽനിന്നും പീയൂഷസദൃശം ഒഴുകിയ പുണ്യപയസ്സുകൊണ്ട് അവൾ ആ ബാലഗോപാലമൂർത്തിയെ മംഗളാഭിഷേകം ചെയ്തു. ആ അഭിഷേകകർമ്മം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു:----
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
      Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
         " പ്രഭോ! ഗോവിപ്രസമൂഹത്തിൽ ഇന്ദ്രനായ നിന്തിരുവടിയെ ' ഗോവിന്ദ ' നാമധേയത്തിൽ ഞാൻ അഭിഷേകം ചെയ്യുന്നു '.

       ആസമയം അമരേന്ദ്രൻ ഐരാവതത്തെ അയച്ച് ആകാശഗംഗയിലെ തീർത്ഥജലം കൊണ്ടുവരുവിച്ച്, ആ ഗജേന്ദ്രനെക്കൊണ്ട് ഗംഗാഭിഷേകവും ചെയ്യിപ്പിച്ചു. സുരഭിയാലും ഐരാവതത്താലും നടത്തപ്പെട്ട ഗോവിന്ദപട്ടാഭിഷേകം ദർശിച്ച്, ദേവമാമുനിഗണങ്ങൾ ഭക്തിപുളകിതരായി  'ഗോവിന്ദാ! ഗോവിന്ദാ ' എന്നു വാഴ്ത്തി സ്തുതിച്ചു കല്പകത്തൂമലർ പൊഴിച്ചു. 

        ഗോവിന്ദാനന്ദമൂർത്തി സുരനാഥനേയും സുരഭിയേയും അനുഗ്രഹിച്ചയച്ചതിനുശേഷം, തൻറെ ഓടക്കുഴലെടുത്തു വിളിക്കാൻ തുടങ്ങി, അപ്പോഴത്തേയ്ക്ക് കൂട്ടുകാരും അവിടെ ഓടിയെത്തി, അത്ഭുതത്തോടെ ചോദിച്ചു:--- 

         'എന്താ കൃഷ്ണാ! നിൻറെ തലയിലും ദേഹത്തുമൊക്കെ പാലുപറ്റിയിരിക്കുന്നത്? നല്ല സുഗന്ധമുള്ള പാല്!'

' വരൂ. നമുക്ക് ആ വൃക്ഷത്തണലിൽ പോയിരുന്നു കളിക്കാം ' ------ അതായിരുന്നു മധുസൂദനൻറെ മറുപടി.        (തുടരും)
*************************************************
ചോദ്യം:-   അത്ഭുതപ്പെട്ട് ഗോപന്മാർ എന്താണ് കൃഷ്ണനോട് ചോദിച്ചത്? അങ്ങനെ ചോദിക്കാൻ കാരണമെന്തായിരുന്നു?
*************************************************
       വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
*************************************************
    നാളെ--:  "കൃഷ്ണൻറെ വരുണാലയഗമനം "
**************************************************

No comments: