ദിവസം 187
ശ്രീമഹാഭാഗവതകഥകൾ തുടരുന്നു...
!!! രാസക്രീഡ !!!
!!!::::::::::::::!!!:::::::::::::!!!::::::::::::!!!:::::::::::::!!!:::::::::::::!!!
പ്രസവിച്ചു പത്തുദിവസം തികയുന്നതിനു മുമ്പുമുതൽ കൃഷ്ണൻ കാണിച്ചുകൊണ്ടിരുന്ന അത്ഭുതലീലാവിലാസങ്ങൾ കണ്ടുകണ്ട്, ഗോപന്മാർക്കും ഗോപികൾക്കും ആ ശിശുവിൽ ഭക്തിയോടുകൂടിയ ഒരു സനേഹവാത്സല്യം ദിനംപ്രതി വർദ്ധിച്ചുവന്നു. എന്നാൽ, ഗോപന്മാരെ അപേക്ഷിച്ച് ഗോപവനിതകൾക്കാണ് ഇ ബാലനിൽ കൂടുതൽ ഭക്തിയും പ്രേമവും തഴച്ചത്. ആ ഉണ്ണിക്കുമാരൻറെ സാമിപ്യം അവർ സദാ ആഗ്രഹിച്ചു. അവനോട് എപ്പോഴും ചേർന്നിരുന്നു കളസല്ലാപം ചെയ്തു രസിക്കണമെന്നുള്ള മോഹം അവരിൽ അങ്കുരിച്ച്, അതു ക്രമേണ പ്രവർദ്ധമായിക്കൊണ്ടിരുന്നു.
ആ മാരസുന്ദരൻറെ വദനസൗകുമാര്യചന്ദ്രികയിൽ, അവരുടെ ഹൃദയകുമുദങ്ങൾ സദാ വിരിഞ്ഞുകൊണ്ടിരുന്നു. കേവലം ഏഴുവയസ്സുപ്രായമുള്ള ബാലനായ കൃഷ്ണനെ കാണുവാനും, അവൻറെ ഓടക്കുഴൽനാദം കേട്ടു രസിക്കുവാനും, ഗോപകാമിനികൾ പോകുന്നതിൽ, പുരുഷന്മാർക്കാർക്കും ആക്ഷേപമുണ്ടായിരുന്നില്ല. അതിമാനുഷത്വമുള്ള ഒരു ബാലനാണ് കൃഷ്ണനെന്ന്, സർവ്വ ഗോപന്മാർക്കും ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു.
തന്നെക്കാണുമ്പോൾ മുഗ്ദ്ധഹാസം പൊഴിക്കുന്ന --- തൻറെ വേണുനാദം കേൾക്കുമ്പോൾ ആനന്ദവാരിധിയിൽ മുഴുകി ഓടിയെത്തിക്കൊണ്ടിരുന്ന ആ ആയർകുലമടവാർമണികൾ --- അവർ ഏതു പ്രായക്കാരെങ്കിലുമായിക്കൊള്ളട്ടെ--- തന്നിൽ ഭക്തിയുള്ളവരായ ആ പുണ്യവതികളുടെ ആഗ്രഹാനുസരണമുള്ള ലീലകളാടി ആനന്ദിപ്പിക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചു. നിസ്വാർത്ഥമായ നിഷ്ക്കളങ്കഭക്തിയിൽക്കൂടി നിർവ്വികാരമായ പ്രേമാനന്ദം അവരനുഭവിക്കണം. പരമപദമായ നിർവൃതിയുടെ അവസ്ഥ അവർക്ക് കാണിച്ചുകൊടുക്കണം. ദേഹാഭിമാനത്തേക്കാൾ ഭക്തിയാണ് അവരിൽ പ്രവൃദ്ധമായിരിക്കുന്നത്. ഈവിധം ഭക്തവത്സലനായ കൃഷ്ണൻ മനസ്സിലുറച്ച് അതിനുള്ള സമയങ്ങളും പാർത്തു കാത്തിരുന്നു.
പലപ്പോഴും ബാലഗോപാലൻറെ മുരളീഗാനം കേൾക്കുമ്പോൾ, ആ ഗോപവധൂടികൾ ഓടിവന്ന് അവനുമായി കളിച്ചു രസിച്ചു പല ലീലകളുമാടി ആനന്ദിക്കാറുണ്ട്. ഒരുദിവസം രാത്രിയിൽ നമുക്കെല്ലാവർക്കുംകൂടി യമുനാതടത്തിൽ പോയി പല ലീലകളുമാടി ക്രീഡിക്കാം എന്നു കമലനേത്രൻ ഒരിക്കൽ പറയുകയുണ്ടായി. ഗോപസ്ത്രീകളും ആ പുണ്യരാത്രി എപ്പോഴാണ് സമാഗതമാകുന്നതെന്നോർത്ത് കാത്തിരിക്കുകയായിരുന്നു.
•••••••••••••••••••••••••••••••••••••••••••••••••••••••••
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്
••••••••••••••••••••••••••••••••••••••••••••••••••••••••••
ചന്ദ്രികാചർച്ചിതമായ ഒരു സുന്ദരരജനിയുടെ ആദ്യയാമം, മോഹിനിയായ ഒരു നതാംഗിയെപ്പോലെ രജനി, വൃന്ദാവനത്തിലെ കാളിന്ദീതീരത്തുള്ള രമണീയ വനഭൂമിയിൽ വിലാസനൃത്തം ചെയ്യുന്നു. കണ്ണൻറെ സഖിയായ കാളിന്ദിയിലെ ലോലകല്ലോലങ്ങളിൽ തട്ടിയണയുന്ന സുരഭിയായ കുളിരിളം തെന്നൽ, പച്ചിലത്തുമ്പുകളെ ഇളക്കി കിക്കിളിക്കൂട്ടിക്കൊണ്ട് ഒരു മായാക്കള്ളനെപ്പോലെ, അവിടവിടെ ഓടിപ്പാഞ്ഞു സഞ്ചരിക്കുന്നു.
ആസമയം വൃന്ദാവനവിഹാരിയായ നന്ദകുമാരൻ അവിടെയെത്തി തൻറെ ഓടക്കുഴലിൽ ഒരു മനോഹര ഗാനമുതിർത്തു.
(തുടരും)
*********************************************
ചോദ്യം:---- ഭഗവാന്റെ രാസക്രീഡയുടെ ലക്ഷ്യം എന്തായിരുന്നു?
•••••••••••••••••••••••••••••••••••••••••••••••••••••••••
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം
••••••••••••••••••••••••••••••••••••••••••••••••••••••••••
No comments:
Post a Comment