Monday, September 23, 2019



ദിവസം 188
ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ; കഥ തുടരുന്നു.........
•••••••••••••••••••••••••••//••••••••••••••••••••••••••••••
     വൃന്ദാവനഹാരിയായ കണ്ണൻറെ വേണുഗാനം കേട്ട നാരികൾ പിന്നെ അരനിഷം അവർക്കവിടെ അടങ്ങിയിരിക്കുവാൻ കഴിഞ്ഞില്ല. ഗൃഹകൃത്യങ്ങളിൽ വ്യാപൃതകളായിരുന്നവരും, മക്കളെ ലാളിച്ചുകൊണ്ടിരുന്നവരും എന്നുവേണ്ട ബാലകളും തരുണികളും പ്രൗഢകളും ഭത്തൃമതികളും സന്താനവതികളുമായ എല്ലാ ഗോപാംഗനകളും തങ്ങൾ ചെയ്തുകൊണ്ടിരുന്ന സർവ്വ പ്രവൃത്തികളേയും പരിവർജ്ജിച്ച്, ഗാനം കേട്ട് യമുനാതടത്തിലേക്ക് മോഹപരവശരായി ഓടിക്കൂടി. 

        പാലടുപ്പത്തുവച്ച് കാച്ചിക്കൊണ്ടിരുന്നവർ അതേപടി അതവിടെയിട്ടു. ഭക്ഷണം പാകപ്പെടുത്തിക്കൊണ്ടിരുന്നവർ പാത്രം എടുത്തു താഴെ വച്ചു. പരിഭ്രമത്തിനിടയിൽ ചിലർ ആഭരണങ്ങളെടുത്തു മറിച്ചും തിരിച്ചും ധരിച്ചു. കാഞ്ചിയെടുത്ത് കഴുത്തിലും മാലയെടുത്ത് അരയിലും അവരണിഞ്ഞു. കാലാഴിയെടുത്ത് കൈകളിലും തരിവളയെടുത്ത് കാലിലുമിട്ടു.

       ചിലർ മേൽവസ്ത്രം ധരിക്കാതെയും ചിലർ ഉടുത്തിരുന്ന പുടവതന്നെ ശരിയായി ഉടുക്കാതെയുമാണ് ആ പരിഭ്രമത്തിനിടയിൽ അങ്ങോട്ടോടിയത്. 

        ' ഒരുരാത്രിയിൽ നമുക്കെല്ലാവർക്കുംകൂടി യമുനാതടത്തിൽ ക്രീഡിച്ചാനന്ദിക്കാം ' എന്നു ഭഗവാൻ പറഞ്ഞ ആ രാത്രിയിലെ വേണുനാദമാണ് അവർ കേട്ടത്. പിന്നെ അവരെങ്ങനെ അടങ്ങിയിരിക്കും?

        ഭർത്താക്കന്മാർ തടുത്തു. സന്താനങ്ങൾ കരഞ്ഞു. അവശരായി തല്പങ്ങളിൽക്കിടന്ന മാതാപിതാക്കൾ ഞരങ്ങി ദീനശബ്ദങ്ങൾ പുറപ്പെടുവിച്ചു. അതൊന്നും വകവയ്ക്കാതെയാണ് ആ ഗോപസ്ത്രീകൾ കാളിന്ദീതീരത്തിലേക്ക് ഓടിയത്. അവരിൽ വൃദ്ധകളും പ്രഢകളും തരുണികളും ബാലത്തരുണികളുമെല്ലാമുണ്ടായിട്ടും അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാതെയാണ് ഓടിക്കൊണ്ടിരുന്നത്. മുരളീകൃഷ്ണൻറെ മുരളീനാദത്തിൻറെ ആകർഷണം അത്രയ്ക്ക് വിസ്മയകരമായിരുന്നു. ആ ഓട്ടത്തിനിടയിൽ അവരുടെ പൂഞ്ചായൽ അഴിഞ്ഞു, പൂഞ്ചേലകൾ ഉരിഞ്ഞു. 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
   Sasi Narayanan:പല്ലാരിമംഗലം ബ്രദേഴ്സ് 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
       ലൈംഗികമായ കാമാസക്തിയാൽ ജാരനെ പ്രാപിക്കാനുള്ള പാരവശ്യമായിരുന്നുവോ, പാഥോജലോചനകളായ ഗോപികകളിൽ അപ്പോൾ കണ്ടത്? ഒരിക്കലുമല്ല. ജാരനെ പ്രാപിക്കുന്നത് രഹസ്യമായിട്ടാണ്. അവരാണെങ്കിലോ,എല്ലാവരുമറിഞ്ഞുകൊണ്ടാണ് ആ സങ്കേതത്തിലേക്ക് ഗമിച്ചത്. കൂട്ടമായിട്ടാണ് അവർ അവിടെ ചെന്നത്. ഒരു ജാരനെ പ്രാപിക്കുവാൻ ഒട്ടനവധി സ്ത്രീകൾ ഒന്നിച്ചുപോകുന്നത് സാധാരണമല്ല; സംഭാവ്യവുമല്ല. അപ്പോൾ കാമാസക്തിയോടുകൂടിയല്ല അവർ പോയിട്ടുള്ളതെന്ന് സ്പഷ്ടമാണ്. അതിനുംപുറമേ, രാത്രിയിൽ അവർ ഗൃഹത്തിൽ നിന്നും ഇറങ്ങി പുറപ്പെട്ടപ്പോൾ പുരുഷന്മാർക്കും ആർക്കും ഒരു സംശയവും തോന്നിയില്ല. ഏഴുവയസ്സുപ്രായമുള്ള ഒരു ചെറുബാലനുമായി--- അതും തങ്ങൾക്കെല്ലാവർക്കും ഓമനയായ ഒരു ബാലനുമായി--- കളിച്ചുല്ലസിച്ചു രസിക്കുന്നതിൽ ആർക്കെന്തു സംശയം?

         ഭഗവാന്റെ ഓടക്കുഴലിൽനിന്നും നിർഗ്ഗളിച്ചത്, ബ്രഹ്മാണ്ഡകടാഹത്തിൻറെ ജീവശബ്ദമായ നാദബ്രഹ്മമാണ്. ഭക്തകളായ ഖോപസ്ത്രീകളുടെ ഹൃദയങ്ങളെ ഒന്നിച്ച് അതാകർഷിച്ചു. അതോടൂകൂടി ഭഗവത്സന്നിധിയെ പ്രാപിക്കാനുള്ള ആത്മപ്രചോദനം അവരിൽ അങ്കുരിച്ചു. നേരത്തേതന്നെ അവരിൽ പ്രതിഷ്ഠിതമായിരുന്ന കൃഷ്ണഭക്തിയുടെ ശക്തിയെ അതു വർദ്ധിപ്പിച്ചു. സർവ്വ പ്രതിബന്ധങ്ങളേയും തടുത്തുകൊണ്ടുള്ള അവരുടെ പ്രയാണത്തിന് കാരണമതാണ്. അവരിൽനിന്നും വിഭിന്നനായ ഒരാളായിട്ടല്ല ശ്രീകൃഷ്ണകുമാരനെ അവർക്ക് കാണാൻ കഴിഞ്ഞത്. വൃന്ദാവനത്തിലെ വേണുനാദം, ഗോപികളുടെ പ്രണവാത്മകനാദമായിരുന്നു.       (തുടരും)
***********************************************
ചോദ്യം: - യഥാർത്ഥത്തിൽ, ഭഗവാന്റെ ഓടക്കുഴൽനാദം എന്തായിരുന്നു? 
***********************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
***********************************************

No comments: