Saturday, September 21, 2019

[22/09, 06:22] Reghu SANATHANA: അപരോക്ഷാനുഭൂതി - 90

   സർവ്വമാത്മതയാജ്ഞാതം
   ജഗത് സ്ഥാവര ജംഗമം
   അഭാവാത് സർവഭാവാനാം
   ദേഹാനാംചാത്മതാകുതഃ  (88)

    സ്ഥാവരങ്ങളും ജംഗമങ്ങളുമുൾപ്പെട്ട മുഴുവൻ പ്രപഞ്ചവും ആത്മാവ് മാത്രമാണെന്നറിയപ്പെട്ടു. അതോടെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാം ഇല്ലാതായിത്തീരുന്നതുകൊണ്ട് ദേഹങ്ങൾക്ക് പിന്നെ എങ്ങനെ ആത്മാവായിത്തീരാൻ കഴിയും.

ദേഹാനാംചാത്മതാകുതഃ

    ദേഹങ്ങൾക്ക് പിന്നെ എങ്ങനെ ആത്മാവായിത്തീരാൻ കഴിയും. കഴിയുകയേ ഇല്ല. എപ്പോൾ? ബോധാത്മാവു വ്യക്തമായി അറിയപ്പെടുമ്പോൾ. ജഗത്തിന്റെ പരമകാരണമാണു ബോധം. പരമ കാരണം അറിയപ്പെട്ടാൽ പിന്നെ അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കാനേ സാദ്ധ്യമല്ല. പലതായി കാണുന്നതൊക്കെ അതിലെ ഭ്രമദൃശ്യങ്ങൾ മാത്രം. ഭ്രമദൃശ്യങ്ങളുടെ അധിഷ്ഠാനമായ ബോധം അറിയപ്പെടുന്നതോടെ അതിലെ ഭ്രമങ്ങളായ സ്ഥാവരങ്ങളും ജംഗമങ്ങളും എല്ലാം ഇല്ലാതായിത്തീരുന്നു. ഒരിടത്തുതന്നെ ഉറച്ചു നിൽക്കുന്ന പർവ്വതം, വൃക്ഷം തുടങ്ങിയവയാണ് സ്ഥാവരങ്ങൾ. സഞ്ചരിച്ചു കൊണ്ടിരിക്കുന്നവയാണു ജംഗമങ്ങൾ. ഈ ഭ്രമദൃശ്യങ്ങളെല്ലാം അധിഷ്ഠാനമായ ബോധം തന്നെയാണെന്നറിയുന്നതോടെ അവ സ്വയം ഇല്ലാതായിത്തീരുന്നു. സ്വയം ഇല്ലാതായിത്തീരുന്ന ഇത്തരം ദേഹാദിജഡരൂപങ്ങൾ ഇല്ലാത്തവയായതുകൊണ്ടു തന്നെ അവയ്ക്കു പിന്നെ ആത്മാവാകാൻ കഴിയുകയില്ലെന്നു തീർച്ചയാണല്ലോ.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[22/09, 06:22] Reghu SANATHANA: വിവേകചൂഡാമണി-30

    പറയപ്പെട്ട ഗുണങ്ങളെല്ലാമുള്ള  സദ്ഗുരുവിനെ ശിഷ്യൻ കണ്ടുമുട്ടി എന്നു തന്നെയിരിക്കട്ടെ. അതുകൊണ്ടുമായില്ല. ഗുരുവിനെ സമീപിക്കുന്ന ശിഷ്യന് അവശ്യം വേണ്ടതായ മനോഭാവം അയാളിലില്ലെങ്കിൽ ഗുരുസന്നിധിയിൽ വേണ്ടപോലെ പെരുമാറാനോ, ഗുരൂപദേശങ്ങളെ നേരാംവണ്ണം ഗ്രഹിക്കാനോ അയാൾ സമർത്ഥനാവില്ല. 'സമുപേത്യ' (വിധിയാംവണ്ണം സമീപിച്ചിട്ട്) എന്ന വാക്കിലൂടെ, ശിഷ്യനിലുണ്ടായിരിക്കേണ്ട മാനസികനിലയെ സൂചിപ്പിച്ചിരിക്കുന്നു. ഗുരുവിനെ സമീപിക്കേണ്ട രീതി വെറുമൊരാചാരമല്ല. പ്രധാനമായും മനസ്സിന്റെ ഭാവത്തേയാണത് സൂചിപ്പിക്കുന്നത്. 'ഈ ആളെങ്ങനെയുണ്ട്; എത്രത്തോളം അറിവുണ്ട് ?' എന്നെല്ലാം അളന്നു നോക്കാനാണ് ഒരു മഹാത്മാവിനെ നാം സമീപിക്കുന്നതെങ്കിൽ അതുകൊണ്ടു നമുക്കൊന്നും കിട്ടാൻ പോകുന്നില്ല എന്നത് തീർച്ചയാണ്. അതല്ല; നാം എത്രത്തോളം അറിവുള്ളവരാണെന്ന് ആ മഹാത്മാവിനെ ബോധ്യമാക്കാനാണ് നമ്മുടെ പുറപ്പാടെങ്കിൽ അതും വ്യർത്ഥമാണ്. പാടുപെട്ടു നേടിയ ഏതാനും 'പുസ്തക വിവരങ്ങ'ളേ  നമുക്കുള്ളൂ. പരിപക്വമല്ലാത്ത (സ്വാനുഭൂതിയിലെത്തിയിട്ടില്ലാത്ത)  അത്തരം പരോക്ഷജ്ഞാനത്തെ പ്രദർശിപ്പിക്കാനൊരുമ്പെടുന്നത് പരിഹാസ്യമാണെന്നു മാത്രമല്ല, അഹന്ത മുറ്റിയ നമ്മുടെ മനസ്സിന്ന്, അനുഭവസമ്പന്നനായ ആ ജ്ഞാനിയുടെ സ്വാനുഭൂതിയിൽ നിന്നും ഉണ്ടാകുന്ന അമൃതവാണികൾ ഉൾക്കൊള്ളാൻ കഴിയാതെ പോകുകയും ചെയ്യും. 'താണ നിലത്തേ നീരൊഴുകൂ --- ജ്ഞാനവും അതുപോലെ തന്നെ. വിനയവും അർപ്പണഭാവവും ഇല്ലെങ്കിൽ ജ്ഞാനം നമ്മിലെത്തില്ല.

        ഗുരുവിന്റെ നേരെ, വിനയം, അർപ്പണഭാവം, വിശ്വാസം, പ്രേമ ഭക്തി, ആദരവ് --- ഈ ഗുണങ്ങളെല്ലാമുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ അമൃതവാണികളെ (തത്ത്വോപദേശങ്ങളെ) പൂർണ്ണമായും ഗ്രഹിക്കാനുള്ള പാവനമനോഭാവം (ശ്രദ്ധ) ശിഷ്യൻ സമ്പാദിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ശാസ്ത്രം അവയെ നിഷ്കർഷിക്കുന്നത്. ഇവയുടെ പൊരുളറിയാതെ ആധുനികമനുഷ്യനാകട്ടെ, ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ, ജനങ്ങളുടെ വിശ്വസനീയതയെ ചൂഷണം ചെയ്യാൻ കൈക്കൊണ്ട ഒരേർപ്പാടാണിതെന്ന് അപലപിക്കുന്നു. ആധുനിക മനുഷ്യന്റെ സാംസ്കാരികമായ അധഃപതനം മാത്രമാണിത് കാണിക്കുന്നത്.

    പറയപ്പെട്ട ഗുണങ്ങളെല്ലാം തികഞ്ഞ ശിഷ്യൻ സദ്ഗുരുവിനെ സമാശ്രയിച്ചു എന്നുതന്നെയിരിക്കട്ടെ -- ഈ മാർഗ്ഗത്തിലൂടെ ചരിക്കാനുള്ള പ്രയത്നം, സാധകൻ സ്വയം ചെയ്യാൻ തയ്യാറായില്ലെങ്കിൽ, ഗുരു നല്കുന്ന ജ്ഞാനോപദേശം ഫലപ്രദമാംവണ്ണം അയാളിൽ വേരൂന്നില്ല. ഗുരുസന്നിധിയിൽ, ശിഷ്യൻ എങ്ങനെ പെരുമാറണമെന്ന നിർദ്ദേശം വളരെ അർത്ഥവത്താണ് -- ഗുരുശിഷ്യ ബന്ധത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലവിലുള്ള ഇക്കാലത്ത് പ്രത്യേകിച്ചും.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: