ചിന്മയാമിഷന്‍, തിരുവനന്തപുരം
സാഭാവ്യാപത്ത്യധികരണം
നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്.
സൂത്രം സാഭാവ്യാപത്തിരൂപപത്തേ:
സമാനഭാവത്തെ പ്രാപിക്കുന്നതേ ഉള്ളൂ. അത് യുക്തിക്കനുസരിച്ചായതിനാല്‍.
യുക്തിക്ക് യോജിക്കുന്നതിനാല്‍ ജീവന്‍ ഓരോന്നിനോടും തുല്യ ഭാവത്തെ പ്രാപിക്കുന്നു എന്ന് ധരിയ്ക്കണം.
ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട സമ്പ്രദായത്തെയാണ് ഇവിടെ നിരൂപണം ചെയ്യുന്നത്.
കര്‍മ്മശേഷവുമായി അഥവാ അനുശയവുമായി തിരിച്ചെത്തുന്ന ജീവന്‍ ആകാശം, വായു തുടങ്ങിയവയായി മാറുന്നുണ്ടോ അതോ അവയ്ക്ക് സമാനമായിരിക്കുമോ എന്നതാണ് ഇവിടത്തെ സംശയം.
പോയ വഴിയില്‍ കൂടി മടങ്ങി വരുന്ന ജീവന്‍ ആകാശം, വായു, ധൂമം, ജലമുള്ള മേഘം പിന്നെ മഴയായി പെയ്യുന്നു എന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നു.
ശ്രുതിയില്‍ ഇങ്ങനെ പറയുന്നതിനാല്‍ ആകാശം മുതലായവയായി മാറുന്നു വേണം കരുതാന്‍ എന്ന് പൂര്‍പക്ഷം.
അതുപോലെ ആയിത്തീരുമെന്ന് പറയണമെങ്കില്‍ ലക്ഷണയെ ആശ്രയിക്കണം. സ്പഷ്ടമായ അര്‍ത്ഥത്തെ വിട്ട് ലക്ഷണത്തെ സ്വീകരിക്കുന്നത് ശരിയല്ല എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.
എന്നാല്‍ അത് ശരിയല്ല. ആകാശം മുതലായ തത്വങ്ങളുടെ രൂപത്തിലായിത്തീരും ജീവന്‍ എന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആ തത്വങ്ങള്‍ ജീവപരിണാമത്തിന് മുമ്പും പിന്‍്പും ഉണ്ട്.
ജീവന്‍ ആകാശം മുതലായവയുടെ സാമ്യത്തെ പ്രാപിക്കുകയാണ് ചെയ്യുന്നത്. ചന്ദ്ര മണ്ഡലത്തില്‍ സ്വീകരിച്ച ജലമയ ശരീരം ലയിച്ചപ്പോള്‍ ആകാശം പോലെ സൂക്ഷ്മമായി. പിന്നെ സൂക്ഷ്മമായി വായു, മേഘം മുതലായവയെ പ്രാപിച്ച് താഴേയ്ക്ക് വരുന്നു.
ഇവിടെ ലക്ഷണയെ സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ശ്രുതി പറയുന്ന ആന്തരാര്‍ത്ഥമാണ് ഇവിടെ നാം സ്വീകരിക്കേണ്ടത്.
നാതിചിരാധികരണം
ഈ അധികരണത്തിലും ഒരു സൂത്രമേ ഉള്ളൂ.
സൂത്രം നാതിചിരേണ വിശേഷാല്‍
ജീവന്റെ ഊര്‍ധ്വഗതിയ്ക്കും അധോഗതിയ്ക്കും വിശേഷമുള്ളതിനാല്‍ അധികം വൈകാതെ ജീവന്‍ താഴേക്ക് പതിക്കുന്നു.
കര്‍മ്മഫലമനുഭവിക്കാന്‍ വേണ്ടി ജീവന്‍ മുകളിലേക്ക് പോകുമ്പോള്‍ അര്‍ഹതയനുസരിച്ച് പിതൃലോകം മുതലായ ലോകങ്ങളില്‍ തങ്ങാനിടയുണ്ട്.എന്നാല്‍ കര്‍മ്മഫലം അനുഭവിച്ച ശേഷം തിരിച്ച് ഭൂമിയിലേക്ക് വരുമ്പോള്‍ എവിടേയും തങ്ങേണ്ടതില്ല വളരെ പെട്ടെന് മേഘത്തിലൂടെ ,മഴയായി പെയ്ത് നെല്ല് തുടങ്ങിയ ധാന്യങ്ങളില്‍ കടന്ന് പുനര്‍ജന്മത്തിന് തയ്യാറെടുക്കും. കോണിപ്പടികള്‍ കയറി കയറി സാവധാനം മാത്രമേ മുകളിലേക്ക് പോകാനാവൂ. ഇടയ്ക്കുള്ള സ്ഥലത്ത് വേണമെങ്കില്‍ വിശ്രമിക്കുകയുമാകാം. എന്നാല്‍ താഴേക്ക് പോരുമ്പോഴുള്ള വരവ് ഏകദേശം മുകളില്‍ നന്ന് കാലിടറി വീഴും പോലെയാണ്. ജീവന്റെ താഴേയ്ക്കുള്ള വരവില്‍ എവിടെയും താമസിക്കേണ്ടതില്ല. പെട്ടെന്നെത്തും.
No comments:
Post a Comment