Monday, September 09, 2019

ചിത്തവൃത്തികളെ ഒതുക്കിയാല്‍ നിര്‍വികല്പമായ സമാധി ഉണ്ടാവുകയും ജീവാത്മാവിനു പരമാത്മാവിനോട് ഐക്യം വരികയും ചെയ്യുന്നു എന്നാണ് യോഗശാസ്ത്രം പഠിപ്പിക്കുന്നത്. ജീവപരന്‍മാരുടെ ഐക്യമാകുന്ന യോഗത്തിന് ഉതകുന്ന ഉപായങ്ങളെ ഉപദേശിക്കുന്ന ഈ ശാസ്ത്രത്തിനു പ്രസ്തുതനാമം തികച്ചും അന്വര്‍ഥമായിരിക്കുന്നു. പതഞ്ജലിമഹര്‍ഷി സൂത്രങ്ങളുടെ രൂപത്തില്‍ അഷ്ടാംഗയോഗതത്ത്വങ്ങള്‍ പ്രതിപാദിച്ചതോടുകൂടിയാണ് ഇത് ഒരു പ്രത്യേക ശാസ്ത്രമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.

യോഗസൂത്രം എന്നു പേരുള്ള പാതഞ്ജലകൃതി നാലുപാദങ്ങളോടുകൂടിയതാണ്. സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നാണ് ക്രമത്തില്‍ ഇവയുടെ പേര്. നിര്‍വികല്പസമാധിയുടെ സ്വരൂപം, ഉപായം എന്നിവ സമാധിപാദത്തിലും, യോഗം ശീലിക്കാനാഗ്രഹിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട യമാദ്യഷ്ടാംഗങ്ങളുടെ സ്വരൂപം സാധനപാദത്തിലും, യോഗാഭ്യാസത്താലുണ്ടാകുന്ന ഐശ്വര്യങ്ങളുടെ സ്വഭാവം വിഭൂതിപാദത്തിലും, മോക്ഷാവസ്ഥയുടെ ലക്ഷണം കൈവല്യപാദത്തിലും പ്രാധാന്യേന പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പാതഞ്ജലയോഗത്തിനു രാജയോഗം എന്നും പറയുന്നു. യോഗശാസ്ത്രത്തിന്റെ ബീജശകലങ്ങള്‍ വൈദികസാഹിത്യത്തില്‍ തന്നെ അങ്ങിങ്ങു ചിതറിക്കിടക്കുന്നതുകാണാം. ഉദാഹരണമായി ശ്വേതാശ്വതരോപനിഷത്തിന്റെ പ്രഥമാധ്യായത്തില്‍ ഈശ്വരസാക്ഷാത്കാരത്തിനുള്ള പ്രധാനോപായമായി ധ്യാനയോഗത്തെ നിര്‍ദേശിക്കുകയും ദ്വിതീയാധ്യായത്തില്‍ ധ്യാനപ്രക്രിയയുടെ സ്വഭാവത്തെ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കഠോപനിഷത്തിലും ചില അംശങ്ങള്‍ കാണാം. ആകയാല്‍ യോഗശാസ്ത്രം വേദമൂലകമാണെന്നു ചിലര്‍ വിശ്വസിക്കുന്നു. ചിലര്‍ ജൈനാഗമങ്ങളിലും മറ്റു ചിലര്‍ ബൌദ്ധദര്‍ശനങ്ങളിലും ഇതിന്റെ ഉത്പത്തിയെ അന്വേഷിച്ചു പോയിട്ടുണ്ട്. എന്നാല്‍ അതിപ്രാചീനകാലം മുതല്ക്കുതന്നെ ഈ ശാസ്ത്രത്തിനു സ്വതന്ത്രമായ ഒരു നിലനില്പുള്ളതായും ചുരുക്കം ചിലര്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ, ഈ നാലു പരമ്പരകളില്‍പ്പെട്ട നാലുതരം യോഗങ്ങളുണ്ടെന്നു കരുതുകയാണ് യുക്തിസഹം. ഏതായാലും ഇവയില്‍വച്ചു മുഖ്യമായ ഹഠയോഗവും രാജയോഗവും സ്വതന്ത്രമായിത്തന്നെ പ്രചരിച്ചു വന്നിട്ടുണ്ട്; ചിലപ്പോള്‍ ഈ രണ്ടിലും സമാനങ്ങളായ കാര്യങ്ങള്‍ കാണുകയും ചെയ്യുന്നു. അതിനാലാണ് രണ്ടും പരസ്പരാശ്രയങ്ങളാണെന്നും രണ്ടും ശീലിക്കേണ്ടതാണെന്നും ഒരഭിപ്രായം ഉണ്ടായിട്ടുള്ളത്. ഹഠയോഗപദ്ധതിയില്‍ പ്രാധാന്യം ശാരീരികവികാസത്തിനും രാജയോഗത്തില്‍ മുക്തിക്കും ആണെന്നുള്ള വ്യത്യാസം എടുത്തുപറയേണ്ടിയിരിക്കുന്നു; സാധകനു രണ്ടും ആവശ്യമാണല്ലൊ. ഹഠയോഗം ശൈവമാണെന്നും അതിന്റെ പ്രവര്‍ത്തകര്‍ മത്സ്യോത്ദ്രനാഥനും, ഗോരഖ്നാഥനും ആണെന്നും വിശ്വസിക്കപ്പെടുന്നു. മനോനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ക്കു കര്‍ക്കശമായ ബലാത്കാരമാണ് ഇതില്‍ സ്വീകരിക്കപ്പെടുന്നത്; ഇത് രാജയോഗത്തെക്കാള്‍ കഠിനമാണ്; ചിലപ്പോള്‍ അപായകാരിയുമാണ്. ഒറ്റക്കാലില്‍ നിന്നുകൊണ്ട് പഞ്ചാഗ്നിമധ്യത്തില്‍ തപസ്സ്, ധൂമം ഭക്ഷിച്ചുകൊണ്ട് തലകീഴായി നിന്നുള്ള തപസ്സ് എന്നിവയെല്ലാം ഹഠയോഗികള്‍ക്ക് ഇഷ്ടമായ കാര്യങ്ങളാണ്.

അഷ്ടാംഗയോഗത്തിന്റെ സ്ഥാനത്ത് ബൗദ്ധന്‍മാര്‍ പ്രചരിപ്പിച്ചിട്ടുള്ളത് ഷഡംഗയോഗം ആണ്. അവരുടെ അഭിപ്രായത്തില്‍ പ്രത്യാഹാരം, ധ്യാനം, പ്രാണായാമം, ധാരണ, അനുസ്മൃതി, സമാധി എന്നിവയാണ് ആറു യോഗാംഗങ്ങള്‍. ബാഹ്യങ്ങളായ രൂപാദികളില്‍ അപ്രവൃത്തിയും ത്രൈധാതുകമായ ബുദ്ധബിംബത്തിന്റെ ദര്‍ശനവുമാണ് ഇവിടെ പ്രത്യാഹാരം; സര്‍വധര്‍മശൂന്യതയില്‍ മനസ്സ് പ്രവര്‍ത്തിക്കലാണ് ധ്യാനം; ലലനാ (ഇഡ) നാഡിയുടെയും രസ(പിംഗള)നാഡിയുടെയും മാര്‍ഗങ്ങള്‍ രോധിച്ച് പ്രാണവായുവിനെ മധ്യമാര്‍ഗമായ അവധൂതി(സുഷുമ്ന)യിലൂടെ സഞ്ചരിപ്പിക്കലാണ് പ്രാണായാമം; ധാരണ എന്നാല്‍ ബിന്ദുവിന്റെ പ്രാണപ്രവേശനം ആണ്; ഇഷ്ടദേവതയുടെ പ്രതിബിംബദര്‍ശനമാണ് അനുസ്മൃതി. സമാധിയില്‍ പ്രജ്ഞയും ഉപായവും ഒന്നായിത്തീര്‍ന്ന് പരമാനന്ദപ്രാപ്തിക്കു നിദാനമായി പരിണമിക്കുന്നു. സത്യവസ്തുവിന്റെ സ്വരൂപാവധാരണാത്മകമായ ജ്ഞാനമാണ് പ്രജ്ഞ.
hinduism online

No comments: