ആത്മീയയാത്രയിൽ ശരിയായ പാത കണ്ടെത്തുക*
*ഈശ്വരസാക്ഷാത്ക്കാരത്തിനായുള്ള ഈ യാത്രയുടെ പാതയൊക്കെ നമുക്കു നമ്മുടെ പൂർവ്വികർ പറഞ്ഞുതന്നിട്ടുണ്ടെങ്കിലും അതത്ര നിസ്സാരമായി കാണാൻ കഴിയുന്നതല്ല. അതിനു പല തയ്യാറെടുപ്പുകളും യാത്രാസാമഗ്രികളുമൊക്കെ വേണം.*
*താത്വികമായ ഈ മനോബുദ്ധിയാത്രയെ പ്രായോഗികമായി മനുഷ്യർക്കു മനസ്സിലാക്കിക്കൊടുക്കുവാൻ ചിന്താശക്തിയുള്ള പൂർവ്വികർ ഉണ്ടാക്കിയ സംവിധാനങ്ങളാണ് ദേവതകളും അമ്പലങ്ങളും പൂജയും മന്ത്രവും വഴിപാടും ഒക്കെത്തന്നെ. ആത്മീയയാത്രയുടെ ആദ്യപടികളാണ് ഈ സംവിധാനങ്ങളൊക്കെ. പല വിഷയങ്ങളിലായി ഓടി നടക്കുന്ന മനസ്സിനെ ഈശ്വരാന്വേഷണത്തിനായുള്ള നീണ്ട യാത്രയിലേക്കു സന്നദ്ധമാക്കാൻ ഇവയൊക്കെ സഹായിക്കും. പക്ഷേ തന്നിലും, സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഈശ്വരനെക്കാണണമെങ്കിൽ, ആത്മാവിനെ അറിയണമെങ്കിൽ, അല്ലെങ്കിൽ സ്വയം ഈശ്വരനാകണമെങ്കിൽ, ശരീരമനോബുദ്ധികളിലൂടെയുള്ള ആ നീണ്ടയാത്ര ചെയ്തേ മതിയാകൂ. അതു ചെയ്യാതെ, മറ്റെന്തൊക്കെത്തന്നെ ചെയ്താലും, ഹിന്ദുമതം അനുശാസിക്കുന്ന ഈശ്വരസാക്ഷാത്ക്കാരം മനുഷ്യന് സാദ്ധ്യമല്ല.*
*എല്ലാ മനുഷ്യരും ഈശ്വരന്മാരാണെന്നിരിക്കെ, ഈശ്വരാനുഗ്രഹത്തിനായി മനുഷ്യർ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു ഹിന്ദുമതം അനുശാസിക്കുന്നില്ല. ഉള്ളിൽ തെളിയുന്ന ജ്ഞാനദീപപ്രകാശത്തെ മറയ്ക്കുന്ന, അജ്ഞാനജന്യമായ മനോമാലിന്യങ്ങളെയകറ്റി എല്ലാവരിലുമുള്ള ഈശ്വരസാന്നിദ്ധ്യം തിരിച്ചറിഞ്ഞു, ഭേദഭാവങ്ങൾ വെടിഞ്ഞു, ആനന്ദകരമായി സമൂഹത്തിൽ ജീവിച്ചു മരിക്കാനേ ഈ മതം പറയുന്നുള്ളൂ. മനോമാലിന്യങ്ങളെയകറ്റാനായുള്ള മാർഗ്ഗങ്ങളും പറഞ്ഞുവച്ചിട്ടുമുണ്ട്.*
*ഹൈന്ദവ തത്വദർശനങ്ങൾ എല്ലാം തന്നെ വിവേകബുദ്ധിയിലൂന്നിയതാണെന്ന് കഴിഞ്ഞ ദിവസം നാം കണ്ടു. അതിനാൽ നമുക്ക് ഇന്ന് ക്ഷേത്രങ്ങളിലൂടെ പരിചിതമായ ഈശ്വര 'വിശ്വാസ'വും സ്വാർത്ഥഭക്തിയും അതിന്റെ ഭാഗമല്ലെന്നും കൂടി നാമറിയേണ്ടതുണ്ട്. ഇതൊക്കെ സനാതനധർമ്മതത്വങ്ങളുടെ പ്രായോഗികാഖ്യാനമായി പിൽക്കാലത്തു സാമൂഹിക മനുഷ്യർ സൃഷ്ടിച്ച ആചാരങ്ങളും അവ പരിണമിച്ചുണ്ടായിട്ടുള്ളതുമാണ്. ഇവയുടെയൊക്കെ ഉദ്ദേശലക്ഷ്യങ്ങൾ നല്ലതുതന്നെയെങ്കിലും അപൂർണ്ണനായ മനുഷ്യനാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്നതിനാൽ ഇവയിലൊക്കെ ഗുണപ്രദവും ദോഷകരവുമായ പല അംശങ്ങളും ഉണ്ടാകാം.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
No comments:
Post a Comment