Friday, October 04, 2019

അനസൂയ

1. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പതിവ്രതാ രത്നമായ വനിത. സപ്തര്‍ഷികളില്‍ ഒരാളായ അത്രിമഹര്‍ഷിയുടെ ഭാര്യ. തുടരെ പത്തു വര്‍ഷം മഴ പെയ്യാതെ ലോകം തപിച്ചപ്പോള്‍ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് കായ്കനികള്‍ നിര്‍മിച്ച് ജീവജാലങ്ങളെ പോറ്റിപ്പുലര്‍ത്തുകയും വറ്റിപ്പോയ ഗംഗാനദിയില്‍ ജലപ്രവാഹമുണ്ടാക്കുകയും ചെയ്തു. ശീലാവതി സ്വഭര്‍ത്താവായ ഉഗ്രശ്രവസ്സിനെ രക്ഷിക്കാന്‍ പാതിവ്രത്യപ്രഭാവംകൊണ്ടു സൂര്യോദയം തടഞ്ഞുവച്ച് കാലഗതിയെ സ്തംഭിപ്പിച്ചപ്പോള്‍ പരിഭ്രാന്തരായ ത്രിമൂര്‍ത്തികള്‍ അനസൂയയെയും കൂട്ടിക്കൊണ്ട് ശീലാവതിയുടെ അടുത്തെത്തുകയും അനസൂയ ശീലാവതിയെക്കൊണ്ട് ശാപം പിന്‍വലിപ്പിക്കയും ചെയ്തതായി കഥയുണ്ട്. ഈ ഉപകാരത്തിന് എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞതനുസരിച്ച്, അവര്‍ തന്റെ പുത്രന്‍മാരായി ജനിക്കണമെന്ന വരം അനസൂയ ചോദിച്ചു. അങ്ങനെ മഹാവിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയയില്‍ ജനിച്ചു. രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് സീതാസമേതം അത്ര്യാശ്രമം സന്ദര്‍ശിച്ചപ്പോള്‍ അനസൂയ ഭര്‍ത്താവോടൊത്ത് അവരെ ആദരപൂര്‍വം സ്വീകരിക്കയും സല്ക്കരിക്കയും ചെയ്തതായി രാമായണത്തില്‍ പറഞ്ഞു കാണുന്നു. അനസൂയ സീതയ്ക്ക് അനര്‍ഘങ്ങളായ ഉപദേശങ്ങള്‍ക്കു പുറമേ ദിവ്യമായ ഒരു മാലയും വസ്ത്രാഭരണങ്ങളും എന്നും സൌന്ദര്യം നിലനിര്‍ത്തുന്ന അംഗരാഗവും നല്കി (വാ.രാ. അയോ. കാ. അധ്യായങ്ങള്‍ 117, 118).

2. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളയുടെ രണ്ടു തോഴിമാരില്‍ ഒരാളുടെ പേര് അനസൂയ എന്നാണ്. കാര്യങ്ങള്‍ ജാഗ്രതയോടെ നോക്കിക്കാണുകയും അവസരത്തിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മിതഭാഷിണിയാണ് ഇവര്‍. കണ്വാശ്രമപ്രാന്തത്തിലെത്തിയ വിശിഷ്ടാതിഥിയെ ഉപചാരപൂര്‍വം സ്വീകരിക്കുന്നതിനു മുന്‍കൈയെടുക്കുന്നതും അദ്ദേഹം ദുഷ്യന്തനാണെന്ന് ചോദിച്ചറിയുന്നതും ശകുന്തളയുടെ പൈതൃകകഥ ഇദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്നതും അനസൂയയാണ്. ദുഷ്യന്തവിഷയകമായ മദനാഗതവൃത്താന്തം, ശകുന്തളയോട് ആരാഞ്ഞറിയുകയും ശകുന്തള മാത്രമായിരിക്കും തന്റെ പട്ടമഹിഷി എന്ന് ദുഷ്യന്തനെക്കൊണ്ട് വാഗ്ദാനം ചെയ്യിക്കുകയും കോപിഷ്ഠനായ ദുര്‍വാസാവിന്റെ അടുത്തേക്ക് പ്രിയംവദയെ നിയോഗിച്ച് ശാപത്തിന്റെ കാഠിന്യം കുറപ്പിക്കുകയും ചെയ്ത അസൂയാവിഹീനയായ തോഴിയാണ് അനസൂയ. ശാകുന്തളത്തില്‍, സ്വകപോലകല്പിതമായി, കാളിദാസന്‍






No comments: