Sunday, October 13, 2019

ശാന്തി നമ്മുടെ ജന്മസ്വത്താണ്
ശ്രീ രമണമഹര്ഷി
നവംബര് 27, 1936
ഒരു പഞ്ചാബി ഡാക്ടര് ഭാര്യയുമായി ഭഗവാനെ ദര്ശിക്കാന് വന്നു.
ചോദ്യം: ഞാനെങ്ങനെ ധ്യാനിക്കണം. മനസ്സിനു ശാന്തി ലഭിക്കുന്നില്ല.
മഹര്ഷി: ശാന്തി നമ്മുടെ ജന്മസ്വത്താണ്. അതാര്ജ്ജിക്കാനുള്ളതല്ല. ഇതറിയാന് വിചാരങ്ങളെ മാറ്റിയാല് മതി.
ചോദ്യം: ഞാനതിനു ശ്രമിച്ചു. വിജയിക്കുന്നില്ല.
മഹര്ഷി: ഗീതാപദ്ധതിയാണ് അതിനേറ്റവും പറ്റിയത്. ബഹിര്ഗ്ഗമനം ചെയ്യുന്ന മനസ്സിനെ അന്തര്മുഖമാക്കി ധ്യാനത്തില് നിറുത്തണം.
മറ്റൊരു ഭക്തന് : ഒരാന സ്വതന്ത്രനായിരിക്കുമ്പോള് തുമ്പിക്കൈ അങ്ങുമിങ്ങും നീട്ടി അസ്വസ്ഥമായി നില്ക്കും. ഒരു ചങ്ങലയിട്ടുകൊടുത്താല് അതിന്റെ ചാഞ്ചല്യം നില്ക്കും.
ഡാക്ടര്: ഹോ അതെല്ലാം പറച്ചിലില് മാത്രം. ഞാന് ധാരാളം പുസ്തകങ്ങള് വായിച്ചു. ഒരു ഫലവുമില്ല. ഏകാഗ്രത പ്രയോഗത്തില് വരുത്താന് ബുദ്ധിമുട്ടാണ്.
മഹര്ഷി: വാസന അവശേഷിക്കുന്നിടത്തോളം ഏകാഗ്രത അസാദ്ധ്യമായിരിക്കും. വാസന ഭക്തിയേയും തടയുന്നു.
ദ്വിഭാഷി ‘ഞാനാര്’? എന്ന പുസ്തകം വായിക്കാന് ഡോക്ടരേ ഉപദേശിച്ചു. താനതും വായിച്ചു, എന്നിട്ടും ഫലമുണ്ടാകുന്നില്ലെന്നായി ഡാക്ടര്
മഹര്ഷി: അഭ്യാസ, വൈരാഗ്യങ്ങള് ഫലപ്രദമാവും.
ചോദ്യം: വൈരാഗ്യം ആവശ്യമോ ?
മഹര്ഷി: അതെ. വൈരാഗ്യം വിചാരം ചിതറിപ്പോകാതെ സൂക്ഷിക്കും. അഭ്യാസം വിചാരത്തിന്റെ ഏകാഗ്രതയെ ദൃഡപ്പെടുത്തുന്നു. ഒന്ന് ധ്യാനത്തിന്റെ നേര്വശവും മറ്റൊന്ന് എതിര്വശവുമാണ്.
ചോദ്യം: എനിക്കതിനു കഴിയുന്നില്ല. സഹായത്തിന് തക്ക ഒരു ദിവ്യന്റെ അനുഗ്രഹം അന്വേഷിക്കുകയാണ്.
മഹര്ഷി: അതെ. എന്താണനുഗ്രഹം? മനസ്സു ദുര്ബലമായാലെന്തു ചെയ്യാന് പറ്റും. അനുഗ്രഹം വേണ്ടതു തന്നെ. സത്തുക്കളെ സേവിക്കുന്നതുത്തമ മാര്ഗ്ഗമാണ്. അതിലും പുതമയൊന്നുമില്ല ഒരു ദുര്ബലചിത്തം ഒരു ബലവാന്റെ സാന്നിദ്ധ്യത്തില് നിയന്ത്രണാധീനമാവുന്നു. അതു ഒരനുഗ്രഹം തന്നെയാണ്. മറ്റൊന്നുമല്ല.
ഡോക്ടര്: നമ്മുക്ക് അങ്ങയുടെ അനുഗ്രഹമുണ്ടാവണം.
മഹര്ഷി: ശരി, ശരി ....

No comments: