Friday, October 11, 2019

ശ്രീമദ് ഭാഗവതത്തിൽ ഒന്നാം സ്കന്ധത്തിൽ കഥ പറയാനുള്ള സന്ദർഭം ഒരുക്കുകയാണ് ഭാഗവത മുനി. രണ്ടാം സ്കന്ധത്തിലേയ്ക്ക് കടക്കുമ്പോൾ, മനുഷ്യന് ഉയർന്ന ഒരു പദവി ഉണ്ട്, ഒരു അമൃതത്വം ഉണ്ട് എന്ന് ഉറപ്പിയ്ക്കുന്നു. തുടർന്നാണ് വിദുരന്റെ ചോദ്യവും ആ ചോദ്യത്തിന്റെ മറുപടിയും. മൂന്നും നാലും സ്കന്ധങ്ങൾ വിദുരന്റ ചോദ്യത്തിനുള്ള മറുപടിയാണ്. അഞ്ചാം സ്കന്ധത്തിൽ ഭൂവിസ്താരത്തെക്കുറിച്ചും ഒരു പരമഹംസ ജീവിതത്തെയും കാണാം
ആ പരമഹംസ പദവിയിൽ എത്താനുള്ള വഴിയാണ് ആറാം സ്കന്ധത്തിലാദ്യം. ആ പദവിയിൽ ജീവിച്ച രണ്ടസുരന്മാരുടെ കഥയാണ് ആറാം സ്കന്ധത്തിന്റെ തുടർച്ചയും ഏഴാം സ്കന്ധവും എട്ടും ഒമ്പതും സ്കന്ധങ്ങളിലായി മന്വന്തര വിസ്താരത്തെ കുറിച്ചും ആ മന്വന്തരങ്ങളിൽ ജീവിച്ച രാജാക്കന്മാരേയും, അവതാര പുരുഷന്മാരേയും കാണുന്നു. ഇതു വരെയുള്ള സ്കന്ധങ്ങിൽ പറഞ്ഞ ആശയങ്ങൾക്കനുസരിച്ച്, ആദർശങ്ങൾക്കനുസരിച്ച് ജീവിച്ച കൃഷ്ണൻ എന്ന ദ്വാരകയുടെ രാജാവിന്റെ കഥയാണ് പത്താം സ്കന്ധത്തിൽ.... തന്റെ ആശയങ്ങളെയും, സന്ദേശങ്ങളേയും കൃഷ്ണൻ ഉദ്ധവർക്ക് പറഞ്ഞു കൊടുത്ത്, സ്വധാമത്തിലേയ്ക്ക് മടങ്ങുകയാണ് പതിനൊന്നാം സ്കന്ധത്തിൽ ....  മഹത്തായ ധർമ്മത്തെ വന്ദിച്ചു കൊണ്ട്, കഥാസന്ദർഭത്തിന് കാരണമായ പരീക്ഷിത്ത് മഹാരാജാവിനെ ബ്രഹ്മപദവിയിലേയ്ക്ക് എത്തിയ്ക്കുകയാണ് ഭാഗവത മുനി

ആ അമൃത പദവി മരണത്തിന് ശേഷം നേടേണ്ടതല്ല എന്നും ജീവിച്ചിരിയ്ക്കുമ്പോൾ തന്നെ നേടേണ്ടതാണ് എന്നും പല പല കഥകളിലൂലെ ഊന്നി പറയുകയാണ് വേദവ്യാസ മഹർഷി.
Satheesan  Namboodiri 

No comments: