Saturday, October 12, 2019

സ്വയം തിരുത്തുക; അല്ലെങ്കില്‍ പ്രകൃതി തിരുത്തും

Friday 11 October 2019 1:18 am IST
ഭൂമിയില്‍ സമ്പത്ത് സൃഷ്ടിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം. ലോകക്ഷേമവും  സൃഷ്ടിക്കണം. മനുഷ്യക്ഷേമത്തിനുള്ള ഉപാധികളില്‍ ഒന്നു മാത്രമാണ് സമ്പത്ത്. സമ്പന്നനാകുന്നതോടെ എല്ലാം പൂര്‍ണമാകുന്നില്ല. ആധുനിക കാലത്ത് സമ്പത്തിനെ ഒരു മതമെന്ന പോലെ പിന്തുടരുകയാണ് മനുഷ്യര്‍. പണത്തെ നമ്മള്‍ ദൈവമാക്കി മാറ്റി. നമ്മുടെ സൗകര്യാര്‍ഥം നമ്മള്‍ സൃഷ്ടിച്ചതാണ് പണം. അത് എല്ലാത്തിന്റെയും അവസാന വാക്കല്ല.  
സമ്പത്തുണ്ടാക്കാനുള്ള വ്യഗ്രതയില്‍ നാം ഈ ഗ്രഹത്തെ തന്നെ നശിപ്പിക്കുകയാണ്. മനുഷ്യന്‍  സുഖസൗകര്യങ്ങള്‍ക്കായി നിര്‍മിക്കുന്നതെന്തും ഈ മണ്ണില്‍ നിന്നെടുക്കുന്നതാണ്. അത് ഒരു സേഫ്റ്റി പിന്നോ, കാറോ, കമ്പ്യൂട്ടറോ എന്തു തന്നെയായാലും അതിന്റെ നിര്‍മിതിക്ക്  വേണ്ടതെല്ലാം നമ്മള്‍ ഖനനം ചെയ്‌തെടുക്കുന്നത് ഭൂമിയില്‍ നിന്നാണ്. പക്ഷേ അതിന്റെ പരിധി  നിശ്ചയിക്കേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ വിവേകമില്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ ഭൂമിയുടെ നാശത്തിന് വഴിയൊരുക്കും. പലതരത്തില്‍ ഈ അപചയം ഇപ്പോള്‍തന്നെ  സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തേക്കാള്‍, മനുഷ്യക്ഷേമത്തിന് പ്രഥമസ്ഥാനം നല്‍കിയാല്‍ ഭൂമിയെ ചൂഷണം ചെയ്യുന്നത് പരിമിതപ്പെടുത്താനാകും.
കൂടുതല്‍ സമ്പത്ത്  എന്ന ലക്ഷ്യത്തിനു പിറകെ പോകുമ്പോള്‍ അതിന് ആനുപാതികമായി മരണത്തിന്റെ തോതും കൂടുന്നു. ലോകത്തിലെ ഏറ്റവും സമ്പന്ന സമൂഹങ്ങളില്‍ പ്രത്യേകിച്ചും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ജനസംഖ്യയുടെ 40 ശതമാനവും മനോവൈകല്യത്താല്‍ ബുദ്ധിമുട്ടുകയാണ്. എന്നു കരുതി വിപണിയില്‍ നിന്ന് മരുന്നു പിന്‍വലിക്കലല്ല ക്ഷേമത്തിനായി ചെയ്യേണ്ടത്. ഒരു യൂറോപ്യന്‍ പൗരന് ആരും കൊതിക്കുന്നതെന്തും ഇന്ന് സ്വന്തമായുണ്ട്. അതിനുള്ള സമ്പത്തുണ്ട്. പക്ഷേ അവിടെ മനുഷ്യക്ഷേമമില്ല. ആ സമ്പത്തു കൊണ്ട് പിന്നെ എന്തു പ്രയോജനം? 
അമേരിക്കയിലായിരുന്നപ്പോള്‍ ഞാന്‍ അവിടുത്തെ ജനങ്ങളോട് ചോദിച്ചു;  ' നിങ്ങള്‍ എന്തു കൊണ്ട് ധ്യാനിക്കുന്നില്ല?' ബില്ലുകള്‍ അടയ്ക്കാന്‍ തന്നെ സമയം ധാരാളം ആവശ്യമുണ്ടെന്നായിരുന്നു സമയമില്ലായ്മക്കുള്ള അവരുടെ മറുപടി. 
ഇത്രയും ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ അത്രയും ബില്ലുകള്‍ ഇല്ലാത്ത അവസ്ഥ സംജാതമാക്കാനായിരുന്നു എന്റെ നിര്‍ദേശം. ബില്ലടയ്ക്കാന്‍ വേണ്ടി അക്ഷീണം ജോലി ചെയ്യുക!  ഒരു വ്യക്തി മാത്രമല്ല, സമൂഹം മൊത്തം അത്തരമൊരു അവസ്ഥയ്ക്ക് കീഴ്‌പ്പെടുന്നു. നമ്മളാണ് നമുക്ക് പരിധി നിശ്ചയിക്കേണ്ടത്. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും അന്ധമായി അനുവര്‍ത്തിക്കുകയല്ല വേണ്ടത്. 
 നിങ്ങളുടെ അയല്‍ക്കാരന് ചിലപ്പോള്‍ നൂറു കിടപ്പു മുറികളുള്ള വീടുണ്ടായിരിക്കാം. അത് കണ്ട് നിങ്ങളും അതേ ഭൗതികസാഹചര്യങ്ങള്‍ ഉണ്ടാക്കാനായി ശ്രമിക്കുകയല്ല വേണ്ടത്. അത് തെറ്റാണ്. നമ്മുടെ വഴികള്‍ നമ്മള്‍ തീരുമാനിക്കണം. ചുറ്റിലുമുള്ള അന്തരീക്ഷത്തിന് കോട്ടം വരുത്താതെ വേണം ബാഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍.  വ്യക്തിപരമായ ക്ഷേമവും സാമൂഹ്യ ക്ഷേമവും ഒരുപോലെ പാലിച്ച് ജീവിതത്തെ സന്തുലിതമാക്കണം. 
നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തൊരു മാനസികാവസ്ഥ ഇന്നത്തെ മനുഷ്യരില്‍ ദൃശ്യമല്ല.  അനിയന്ത്രിതമാണ് നമ്മുടെ പോക്ക്. ഈ പ്രയാണം ഭ്രാന്തിലേക്കാണ്. മനുഷ്യ കുലം ഇന്ന് തെരഞ്ഞെടുത്തിട്ടുള്ള ജീവിതശൈലി സുസ്ഥിരമല്ല. അത് തകര്‍ച്ചയിലേക്ക് വഴി തുറക്കുന്നു.  7.4 ബില്യനാണ് (740 കോടി)ഇപ്പോഴത്തെ ലോകജനസംഖ്യ. എക്കാലത്തേയും വലിയ കണക്കുകള്‍! 2050 ല്‍ അത് 9.5 ബില്യണില്‍(950 കോടി)  എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയൊരു അവസ്ഥ ഊഹിക്കാനാവുമോ? 
നമ്മള്‍ സ്വയം തിരുത്തിയില്ലെങ്കില്‍ പ്രകൃതി അത് തിരുത്തും. അത് അതി ദാരുണവും ക്രൂരവുമായിരിക്കും. ജീവിക്കേണ്ടത് വിവേകത്തോടെ വേണമോ അല്ലയോ എന്നത് നമ്മള്‍ തീരുമാനിക്കണം. ഈ പറയുന്നത് സമ്പത്തു വേണമോ ദാരദ്ര്യത്തില്‍ കഴിയണമോ എന്നതിനെക്കുറിച്ചല്ല. നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വിവേകപൂര്‍ണമായൊരു മാര്‍ഗം തേടണോ അതോ നിന്ദ്യമായ വഴി തേടണോ എന്നതിനെക്കുറിച്ചാണ്. 

No comments: