കൃഷ്ണപ്രിയ'യായ കദംബം
Saturday 12 October 2019 2:24 am IST
രാധാകൃഷ്ണപ്രണയത്തിന് കാവലാളായിരുന്നു കദംബം. കൃഷ്ണനാമത്തിനൊപ്പം പലവുരു പ്രകീര്‍ത്തിക്കപ്പെടുന്ന പുണ്യവൃക്ഷം. കദംബവൃക്ഷച്ചുവട്ടിലിരുന്ന് വേണുവൂതുന്ന വൃന്ദാവന കൃഷ്ണന് പ്രണയത്തിന്റെ എക്കാലത്തേയും സമ്മോഹന ബിംബമാകുന്നു. ഭഗവാന് പ്രിയപ്പെട്ടവള്‍ എന്ന അര്‍ഥത്തില്‍ കദംബം ' ഹരിപ്രിയ' യാണ്.
ഗോപികമാരുടെ വസ്ത്രാപഹരണ കഥയിലും കദംബമുണ്ട്. നീരാട്ടിനിറങ്ങിയ ഗോപികമാരുടെ വസ്ത്രങ്ങള്‍ കൃഷ്ണന് സൂക്ഷിച്ചിരുന്നത് കദംബവൃക്ഷച്ചില്ലയിലായിരുന്നു.
ഉത്തരേന്ത്യയില്‍ കൃഷ്ണലീലകളുമായി ബന്ധിതമാണ് കദംബമെങ്കില് ദക്ഷിണേന്ത്യയിലത് പാര്വതീവൃക്ഷമാണ്. വാസ്തു ശാസത്രത്തിലുമുണ്ട് കദംബത്തിന് പ്രത്യേകസ്ഥാനം. വീടിരിക്കുന്ന സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറായി കദംബം നട്ടാല്‍ സമ്പത്തു വര്‍ധിക്കുമെന്നാണ് വിശ്വാസം.
വശ്യസുഗന്ധിയായി ഗോളാകൃതിയിലുള്ള പൂക്കളാല്‍ നിറയുന്ന കദംബത്തിന്റെ മാസ്മരികത പുരാണങ്ങളില്‍ ഒതുങ്ങുന്നില്ല. ഛത്തീസ്ഗഢിലെ ഗ്രാമീണര്‍ പുഴയോരങ്ങളിലും കുളങ്ങളുടെ വക്കിലും നിറയെ കദംബം നട്ടു വളര്‍ത്തുന്നു. ശുഭസൂചകമത്രേ കദംബത്തിന്റെ സാന്നിധ്യം. ഐശ്വര്യവും സന്തോഷവും അത് പ്രദാനം ചെയ്യുന്നു. കദംബവൃക്ഷങ്ങളുടെ ബാഹുല്യത്താല്‍ തമിഴ്നാട്ടിലെ മധുര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറിയപ്പെട്ടിരുന്നത് 'കദംബവനം ' എന്നായിരുന്നു.
കദംബത്തിന്റെ ഇലയും തൊലിയും ഔഷധഗുണമുള്ളവയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും , മുറിവുണക്കുണക്കുന്നതിനും , അപസ്മാരചികിത്സയിലുമെല്ലാം ഇവ ഉപയോഗിക്കുന്നു.
No comments:
Post a Comment