Thursday, October 10, 2019

ആദ്ധ്യാത്മികതയുടെ പ്രസക്തി കുടുംബജീവിതത്തില്‍

Thursday 10 October 2019 3:10 am IST
മാജസൃഷ്ടിയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബം എന്ന സംസ്‌കൃതപദം ഉണ്ടായത് 'കുടുംബധാരണേ' എന്ന ധാതുവില്‍നിന്നാണ്. ആ ധാതുവിന്റെ അര്‍ത്ഥമാകട്ടെ, ധരിച്ച് പോഷിപ്പിക്കുന്നത് എന്നാണ്. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത് 'ധൃഞ്' എന്ന ധാതുവില്‍നിന്ന് ഉണ്ടായ ധര്‍മം എന്ന പദത്തിന്റെയും അര്‍ത്ഥം, ധരിച്ച് പോഷിപ്പിക്കുന്നത് എന്നാണ്. ധര്‍മം എന്ന പദത്തിന്റെ മഹത്വം നമുക്കറിയാം. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനും ഇവിടെയുള്ള സമസ്ത ജീവരാശികളുടെയും ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതിയ്ക്കും അടിസ്ഥാന ഘടകം ധര്‍മമാണ്. എങ്കില്‍ അതേ അര്‍ത്ഥം തന്നെയാണ് കുടുംബ ധാതുവിനും ആചാര്യന്മാര്‍ നല്‍കിയിട്ടുള്ളത് അപ്പോള്‍ ഒരു കുടുംബം ധരിച്ച് പോഷിപ്പിക്കേണ്ടതാണ്. ധരിച്ച് പോഷണം ചെയ്യുമ്പോഴാണ് ഒരുകുടുംബം നല്ല കുടുംബമാകുന്നത്.
ധര്‍മം നിലനില്‍ക്കുന്നത് ആചരണത്തിലൂടെയാണ് അതിനാല്‍ത്തന്നെ കുടുംബജീവിതത്തില്‍ ആചരണത്തിന് ഏറ്റവും വലിയ പ്രസക്തി ഉണ്ട്. അപ്പോള്‍ എന്ത്? എന്തിന്? എങ്ങനെ? ആചരണം ചിട്ടപ്പെടുത്തണം എന്ന് കുടുംബത്തിന് അറിവുനല്‍കുന്നതില്‍ ഏറ്റവും പ്രധാനം ആദ്ധ്യാത്മികമായ അറിവും അതുനല്‍കുന്ന അടിത്തറയുമാണ് പൂര്‍വികരായ ഋഷീശ്വരന്‍മാരാല്‍ ചിട്ടപ്പെടുത്തി നല്‍കിയിട്ടുള്ള ഒരു കുടുംബജീവിതക്രമം നമുക്കുണ്ട്. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള പതിനാറ് ആചരണങ്ങളുള്ള ഷോഡശ സംസ്‌കാരത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബം ഭൗതികമായും ആത്മീയമായും ഉയര്‍ച്ചയെ പ്രാപിക്കും എന്നുള്ള കാര്യത്തില്‍ ഒരു സന്ദേഹവുമില്ല. 
തങ്ങള്‍ കുടുംബത്തില്‍ ആചരിച്ചുവന്ന ധര്‍മാചരണങ്ങളെത്തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സന്താന പരമ്പര ഉണ്ടാവണം. അവര്‍ നല്ല ഓജസ്സും തേജസ്സുമുള്ള സന്താനങ്ങള്‍ ആയിരിക്കണം എന്ന സങ്കല്‍പ്പത്തോടെ ഗര്‍ഭാധാന സംസ്‌കാരം ചെയ്യുമ്പോള്‍ പതീപത്‌നിമാരുടെ ആ ശുദ്ധസങ്കല്‍പ്പത്തിന്റെ ഫലമായി അവര്‍ക്കുലഭിക്കുന്ന സന്താനം സത്സന്താനമായിരിക്കും അത് ധര്‍മസന്താനമാണ്. ആ ധര്‍മസന്താനം-  മാതാപിതാക്കള്‍ക്കും കുടുംബത്തിനും 2സമൂഹത്തിനും അനുഗ്രഹമാണ്. എന്നാല്‍ ശുദ്ധസങ്കല്‍പ്പങ്ങള്‍ ഒന്നുമില്ലാതെ, കാമത്തിന്റെ ഉപോല്‍പ്പന്നങ്ങളായി പിറന്നുവീഴുന്ന സന്താനങ്ങള്‍ക്ക് ധാര്‍മിക ബുദ്ധി ഉണ്ടായിക്കൊള്ളണം എന്നില്ല. 
വിവാഹം എന്നത് ഭാരതീയമായ കാഴ്ചപ്പാടില്‍ അല്ലെങ്കില്‍ സനാതന ധര്‍മത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മംഗളകര്‍മമാണ്. കാരണം ഒരാള്‍ ബ്രഹ്മചര്യആശ്രമത്തില്‍നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുകയാണ്. ഗൃഹസ്ഥാശ്രമത്തെ - ജ്യേഷ്ഠാശ്രമം എന്ന് പറയാറുണ്ട്. കാരണം, സമൂഹത്തിന്റെ സംരക്ഷണച്ചുമതല ഗൃഹസ്ഥാശ്രമിയ്ക്കാണ്. സമൂഹത്തില്‍ ധര്‍മാചരണവും ധര്‍മപ്രചരണവും ഗൃഹസ്ഥാശ്രമിയുടെ ധര്‍മമാണ്. ബ്രഹ്മചാരിക്ക്് പഠനപാഠനങ്ങളും, വാനപ്രസ്ഥനും സംന്യാസിയും അവരവരുടെ സൂക്ഷ്മസാധനകള്‍ അനുഷ്ഠിച്ച് ജീവിക്കേണ്ടവരാണ്. പക്ഷെ ഇക്കാലത്ത് ധര്‍മാചരണ പ്രചരണങ്ങളില്‍നിന്ന് ഗൃഹസ്ഥന്മാര്‍ വിമുഖത കാട്ടാന്‍ തുടങ്ങിയപ്പോള്‍ ധര്‍മം നിലനില്‍ക്കേണ്ടത് ആവശ്യമായതിനാല്‍ കാലഘട്ടത്തിന്റെ അവസ്ഥ മനസ്സിലാക്കി സംന്യാസിമാര്‍ സാമാജികമായ ധര്‍മപ്രചരണത്തില്‍ ഏര്‍പ്പെടുന്നുവെന്നേയുള്ളു. പൂര്‍വകാലത്തെ ഋഷിമാര്‍ ഗൃഹസ്ഥാശ്രമ ധര്‍മം പാലിച്ച് ജീവിച്ചിരുന്നവരാണ്. അവരാണ് ഗുരുകുലങ്ങളും മറ്റും നടത്തിയിരുന്നത്. അവരില്‍ ധാരാളംപേര്‍ വിജ്ഞാനികളുമായിരുന്നു. അപ്പോള്‍ ആ ഗൃഹസ്ഥാശ്രമപ്രവേശമായ വിവാഹം അത്യന്തം ധാര്‍മികമായി മംഗളമായി ചെയ്യേണ്ട ഒരു കര്‍മമാണ്. പക്ഷെ ഇന്ന് വിവാഹം എന്നത് അത്യന്തം അധാര്‍മികമായ പ്രവര്‍ത്തികളോടെ ആചരിക്കുന്ന ഒന്നായിമാറിയിരിക്കുകയാണ്. നൂറുകണക്കിന് കോഴികളുടെ ശാപം ഏറ്റുവാങ്ങിക്കൊണ്ട് മദ്യസല്‍ക്കാരം നടത്തി മനുഷ്യന്റെ ഉള്ളിലെ ആസുരികതയെ വളര്‍ത്തിക്കൊണ്ടാണ് ഒരാള്‍ വിവാഹിതനാകുന്നതുതന്നെ. അപ്പോള്‍ മിണ്ടാപ്രാണികളുടെ ശാപം ഏറ്റുവാങ്ങിയ അയാള്‍ക്ക് സന്താനഭാഗ്യം ഇല്ലാതെപോയാലോ ഉള്ള സന്താനം തലതിരിഞ്ഞതായാലോ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.
ഗുരുകുല പഠനം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോയി ഗൃഹസ്ഥാശ്രമം സ്വീകരിക്കാന്‍ തയ്യാറായ ശിഷ്യനോട് ഗുരുനാഥന്‍ ഉപദേശിക്കുന്ന ഒരു ഭാഗം തൈത്തിരീയ ഉപനിഷത്തിലെ ശിക്ഷാവല്ലിയില്‍ പതിനൊന്നാം അനുവാകത്തില്‍ ഉണ്ട്. ഐശ്വര്യപൂര്‍ണമായ ഒരു കുടുംബജീവിതത്തിന് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് സമഗ്രമായി എന്നാല്‍ അല്‍പ്പഭാഷയില്‍ സ്‌നേഹനിധിയായ ആചാര്യന്‍ ശിഷ്യനെ ഓര്‍മപ്പെടുത്തുകയാണ്. പഠനകാലഘട്ടത്തില്‍ ഈ ധര്‍മാചരണങ്ങള്‍ ഒക്കെ വിസ്തരിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഗൃഹസ്ഥാശ്രമപ്രവേശനത്തിന് ഒരുങ്ങുന്ന ശിഷ്യനെ ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ് അതിലെ പ്രധാനപ്പെട്ട ചില ആശ്യങ്ങള്‍ പറഞ്ഞുകൊണ്ട് ഗുരുനാഥന്‍. ജീവിതത്തില്‍ സത്യം മാത്രമേ പറയാവൂ. (എല്ലാ സത്യവും എല്ലായിടത്തും വിളിച്ചുപറയണം എന്നില്ല. പക്ഷെ കളവ് പറയരുത്. കളവ് പറഞ്ഞാല്‍ വേരോടുകൂടി ഉണങ്ങിപ്പോകും എന്ന് ശ്രുതിയുമുണ്ട്.) എപ്പോഴും ധര്‍മാചരണം ചെയ്യണം. ഇതിന് ശക്തിപകരാന്‍ നിത്യവും അല്‍പ്പസമയം സ്വാധ്യായം (സദ്ഗ്രന്ഥ പാരായണം) ചെയ്യണം. അതുപോലെ സന്താനങ്ങള്‍ ഉണ്ടാവണം. പ്രജാതന്തുവെ വ്യവഛേദിക്കരുത്. കുടുംബം എപ്പോഴും ഐശ്വര്യപൂര്‍ണമായിരിക്കണം, സമ്പത്തുകൊണ്ടും സന്തോഷംകൊണ്ടും. 
ഒരിക്കലും മടിയന്‍മാരാകരുത്. ദേവപിതൃകാര്യങ്ങളില്‍ അതായത് ദൈവികങ്ങളായ സാമാജികകാര്യങ്ങളും വീട്ടിലുള്ള മുതിര്‍ന്ന അംഗങ്ങളെ പരിചരിക്കുന്ന കാര്യങ്ങളും (അച്ഛനും അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കും അതുപോലെ മറ്റുമുതിര്‍ന്നവര്‍ക്കും)  സ്‌നേഹപൂര്‍വം ചെയ്ത്‌കൊടുക്കുന്നത് പിതൃയജ്ഞം തന്നെയാണ്. 
                                                                                                                   (തുടരും)

                                                                                                                                        9562705787

No comments: