Sunday, April 05, 2020

ആത്മോപദേശശതകം - 10
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

“ഒരു കുറി നാം അറിയാത്തതൊന്നുമിങ്ങില്ലാ

നമ്മള് അറിയാത്തൊരു വിഷയത്തിനെയല്ലാ അന്വേഷിയ്ക്കണത്. അതാണ് ഈ ജ്ഞാനത്തിന്റെ സൗലഭ്യവും, വിഷമവും.

നമ്മള് ലോകത്തില് സാധാരണ ഫ്രഞ്ച് ഭാഷ പഠിയ്ക്കാൻ പോവാണെങ്കിൽ.. ഇപ്പൊ എനിയ്ക്ക് ഫ്രഞ്ച് ഭാഷ അറിയില്ലാ, ഫ്രഞ്ച് ഭാഷ പഠിയ്ക്കയാണ്. എനിയ്ക്ക് കെമിസ്ട്രി അറിയില്ലാ കെമിസ്ട്രി പഠിയ്ക്കയാണ്. എനിയ്ക്ക് ഫിസിക്സ് അറിയില്ലാ ഫിസിക്സ് പഠിയ്ക്കയാണ്. എനിയ്ക്ക് സംഗീതം അറിയില്ലാ സംഗീതം പഠിയ്ക്കയാണ്.

പക്ഷേ ആത്മവിദ്യ അങ്ങനെ ഒരു അറിവല്ലാ. ആ അറിവിന്റെ സ്വഭാവവും വേറെയാണ്. അതിനുള്ള പദ്ധതിയും വേറെയാണ്. അതുകൊണ്ടാണ് നമുക്കിത് വിഷമം വിഷമം എന്ന് തോന്നണത്. ഇത് വാസ്തവത്തിൽ വിഷമവുമല്ലാ. സുലഭവുമല്ലാ.

ആർക്കാണോ കൃപയിൽ ശ്രദ്ധ ഉള്ളത് അവർക്ക് സുലഭമാണ്. ആർക്കാണോ അവരുടെ ബുദ്ധിയുടേയും മനസ്സിന്റേയും ഇച്ഛാശക്തിയുടേയും ബലത്തിനെ ആശ്രയിച്ചു കൊണ്ടിരിയ്ക്കണത് അവർക്ക് വിഷമമാണ്.

മഹാപുരുഷന്മാരുടെ ജീവിതമൊക്കെ നോക്കിയാൽ കാണാം അവരൊക്കെ ഭക്തിയുടെ പടിയിലൂടെ നടന്ന് മേലെ വന്നവരാണ്. നാരായണഗുരുദേവന്റെ ജീവിതം നോക്കിയാൽ കാണാം ഭക്തിയുടെ പടിയിലൂടെ നടന്ന് വന്ന ആളാണ്.

ആരോട് ഭക്തി ചെയ്യണം എന്ന് അവസാനം ചോദിച്ചാൽ വേറെ പുറത്ത് ഭക്തി ചെയ്യാനൊരാളുമില്ലാ. തന്റെ തന്നെ അന്തര്യാമിയോട് തന്നെയാണ് കരഞ്ഞതും പ്രാർത്ഥിച്ചതും ഒക്കെ. പക്ഷേ ഈ അഭിമാനം ഉരുകണം. എന്നുവച്ചാൽ അത് എന്നെക്കൊണ്ട് ആവില്ലാ എന്ന് അടങ്ങിയാൽ.

ആ അടങ്ങുന്നത് തന്റെ തന്നെ source ൽ തന്നെയാണ് അടങ്ങുന്നത്. തന്റെ തന്നെ മൂലസ്ഥാനത്തിലിരിയ്ക്കുന്ന ശക്തിയെ വിളിയ്ക്കയാണ്. ആഹ്വാനം ചെയ്യാണ്. ഇതൊക്കെ അതിന്റെ ശാസ്ത്ര വശം.

ഈ ശാസ്ത്രവശമൊന്നും അറിയേണ്ട ആവശ്യമില്ലാ ഭക്തി ചെയ്താ മതി.

ഭക്തി ചെയ്താ മതി…

ആ ഭക്തി.. ആ കൃപ..
ഗുരുദേവൻ ആദ്യവും അവസാനവും ആ ഭക്തിയ്ക്ക് പ്രാമുഖ്യം കൊടുത്തിരുന്നു. അതുകൊണ്ടാണ് അതി പ്രൗഢമായ ജനനീനവരത്നമഞ്ജരി എഴുതുമ്പോഴും ആ ഭക്തിയുടെ രസത്തില് ചാലിച്ചുകൊണ്ട് തന്നെ അതിഗൗരവമായ ആ വിഷയത്തിനെ കൊണ്ട് വന്ന് അവതരിപ്പിച്ചത്.

‘ജനനീ..’ എന്ന് വിളിയ്ക്കുമ്പൊ എന്തൊരു മാധുര്യം…!

‘അമ്മാ’ന്ന് വിളിയ്ക്കുമ്പൊ എന്തൊരു മാധുര്യം…!

പറയണതോ?
ഗംഭീരമായ വേദാന്തവും സിദ്ധാന്തവും യോഗശാസ്ത്രവും ഒക്കെ ചേർത്തിട്ടാണ്.

‘ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്‍മതി മറന്ന് അന്നാദിയില്‍ പ്രിയമുയര്‍ന്ന്’

അല്ലേ?

സത്സംഗത്തിൽ breakfast കഴിയ്ക്കാതെ വന്നിട്ടുള്ളവരാണെങ്കിൽ കുറെ കഴിയുമ്പൊ കേൾക്കാൻ പറ്റില്ലാ. പുറമേയ്ക്ക് ഉള്ള പ്രിയം, പുറമേ വസ്തുക്കളോട് ഉള്ള പ്രിയം.

‘ജനനീ..!’ എന്നാണ് പൂർത്തി.

ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ!

ഹൃദയത്തില് ത്രിപുടി അറുംപടി. ആ ത്രിപുടി അറുക. ‘ത്രിപുടി മുടിഞ്ഞ് തെളിഞ്ഞിടുന്ന ദീപം.’ ആ ത്രിപുടി പോവണെങ്കിൽ ആ പരമേശ്വരന്റെ കൃപ വേണം. അന്തർയാമിയായ ആ ഭഗവാന്റെ കൃപ വേണം. ആ കൃപ, ((അരുൾ എന്ന് ഗുരുദേവൻ ഉപയോഗിയ്ക്കുന്ന വാക്ക് തമിഴ് വാക്കാണ്)) അരുൾ.

അരുൾ വിലാസം.

രമണമഹര്‍ഷി ആത്മവിദ്യാകീർത്തനം എന്നൊരു കൃതി എഴുതിയിട്ടുണ്ട്. അതില് പറയുന്നു

വിണ്ണാദിയ വിളക്കും കണ്ണാദിയ പൊറിക്കും
കണ്ണാം മനക്കണ്ണുക്കും കണ്ണായ് മനവിണുക്കും വിണ്ണായൊരു പൊരുൾ വേറയെണ്ണാതിരുന്തപടി ഉണ്ണാടുളത്തൊളിരും അണ്ണാമലയെനാത്മാ കാണുമേ അരുളും വേണുമേ അൻപു പൂണുമേ ഇമ്പു തോണുമേ
അയ്യേ അതിസുലഭം ആത്മവിദ്യൈ.

അതില് പറഞ്ഞു;
അരുൾ വിലാസമേ, അഹ വിനാശമേ, ഇമ്പ വികാസമേ. മൂന്ന് വാക്കാണ് അതില്. അരുൾ വിലാസം, അഹ വിനാശം, ഇമ്പ വികാസം.”

അരുൾ വിലാസം, ആ മനസ്സല്ലാത്ത ഒരു ശക്തിയാണ് ഈ അരുൾ എന്ന് പറയണത്. നമുക്കത് അനുഭവിയ്ക്കുമ്പഴേ അറിയൊള്ളൂ. അതാണ് ഗുരുദേവൻ പറഞ്ഞത് ‘അനുഭവിയാതറിവീല’ എന്ന്.

ആ അനുഭവം വരുമ്പോ നമ്മളീ അരുൾ ശക്തിയെ, കൃപാശക്തിയെ നമ്മൾക്കുള്ളിൽ നമ്മള് കാണും. അതായത് നദി സമുദ്രത്തിന്റെ അടുത്ത് ചെല്ലുമ്പൊ സമുദ്രം നദിയിലേയ്ക്ക് കലക്കുന്ന പോലെ ഒരു പ്രകൃയ എന്ന് വച്ചോളുക.


             ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: