Monday, April 06, 2020

"ഇദം തേ നാതപസ്കായ നാഭക്തായ കദാചന"

"തപസ്സും ഭക്തിയുമില്ലാത്തവനോട് ഇതുപദേശിക്കരുത്. "

എന്ന് ഭഗവദ്ഗീതയിൽ പറയുന്നു എന്തുകൊണ്ടാണ് ഇത്തരക്കാരെ മാറ്റിനിർത്തിയത്? അവരുടെ മനസ്സ് തയ്യാറായിക്കഴിഞ്ഞിട്ടില്ല.

മണ്ണ് പാകപ്പെടുത്താതെ വിത്തു പാകിയതുകൊണ്ടു പ്രയോജനമില്ല. വിത്തിടുന്നതിനുമുമ്പ് മണ്ണ് നല്ലപോലെ കിളച്ചു പാകപ്പെടുത്തണം. വളം ചേർക്കണം; എന്നിട്ടു വിത്തിട്ടാൽ അവ തഴച്ചുവളരും. നേരെമറിച്ച് മണ്ണിളക്കാതെയും വളം ചേർക്കാതെയും വിത്തിട്ടാൽ നല്ല വിളവു ലഭിക്കുമോ? ഒരിക്കലുമില്ല. അതുപോലെ മന്ത്രദീക്ഷയുടെ മുന്നോടിയായി ശ്രദ്ധയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഈ തയ്യാറെടുപ്പ് വിജത്തിലേയ്ക്ക് എത്താൻ സഹായിക്കും. ഇക്കാര്യം എപ്പോഴും ഓർമ്മിക്കണം.

. ഈശ്വരനാമം ഉച്ചരിക്കുന്നതിനുമുമ്പ്, മനസ്സാകുന്ന മണ്ണ് എല്ലാവിധത്തിലും പാകപ്പെടുത്തിയെടുക്കണം. മനസ്സു ശുദ്ധമല്ലെങ്കിൽ മന്ത്രത്തിനുദ്ദേശിച്ച ഫലം ഉണ്ടാവുകയില്ല. നല്ല പെരുമാറ്റം, ഈശ്വരലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത അഭിലാഷം എന്നിവകൊണ്ട് മനസ്സിനെ പാകപ്പെടുത്തണം.

ഈശ്വരനാമം ഉച്ചരിക്കുന്നതിനുള്ള ആത്മാർത്ഥമായ ആഗ്രഹം മനസ്സിലുണ്ടെങ്കിൽ മന്ത്രദീക്ഷയുടെ ഫലം അത്യന്തം പ്രയോജനകരമായിരിക്കും. ശ്രീരാമകൃഷ്ണദേവൻ ഒരുദാഹരണം പറയാറുണ്ട്. "മുത്തുച്ചിപ്പി വായും പിളർന്ന് മുകളിലേക്ക് നോക്കിയിരിക്കുന്നു. സ്വാതിനക്ഷത്രത്തിൽ ഒരു തുള്ളി മഴവെള്ളം വായിലേക്കു വീണാൽ ചിപ്പി വായടക്കുന്നു. സമുദ്രത്തിന്റെ അഗാധതയിലേക്കു പോകുന്നു. ക്രമേണ ഒരു മുത്തായി പരിണമിക്കുന്നു. സ്വാതിനക്ഷത്രത്തിൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി വെള്ളം പോലെയാണ് മന്ത്രദീക്ഷ. മന്ത്രദീക്ഷയ്ക്കുമുമ്പ് സത്യത്തെ സ്വീകരിക്കാൻ ഹൃദയം തുറന്നു മുത്തുച്ചിപ്പിയെപ്പോലെ കാത്തിരിക്കണം. എന്നാലേ മന്ത്രം ജീവിതത്തിൽ പ്രയോജനപ്പെടൂ.. "

മന്ത്രദീക്ഷാസമയത്തും ഇതുതന്നെ പറയും. ശ്രദ്ധയും ഭക്തിയും ഇല്ലെങ്കിൽ ഒന്നും സഫലമാവുകയില്ല. അതുകൊണ്ട് ശ്രദ്ധയുണ്ടായിരിക്കണം. ശ്രദ്ധയോടുകൂടി മാത്രം മന്ത്രം സ്വീകരിക്കണം. എന്നാൽ മാത്രമേ ഒരു വിത്തിനെപ്പോലെ അതു മുളയ്ക്കുകയും പൂക്കളും പഴങ്ങളും നിറഞ്ഞ ഒരു വലിയ മരമായിത്തീരുകയും ചെയ്യുകയുള്ളു. അതുകൊണ്ട് മന്ത്രദീക്ഷയ്ക്കുമുമ്പുള്ള തയ്യാറെടുപ്പ് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അറിയുക. ചുരുക്കത്തിൽ ആദ്ധ്യാത്മിക ജീവിതത്തിൽ തയ്യാറെടുപ്പ് കൂടാതെ ഒന്നും നേടാൻ സാദ്ധ്യമല്ല. നിഷ്‍കളങ്കനും പരിശുദ്ധനും നിസ്വാർത്ഥഭക്തിയുള്ളവനും വിനീതനും സേവനോത്സുകനുമായ ആദ്ധ്യാത്മികവിദ്യാർത്ഥി ആചാര്യനെ സമീപിക്കണം എന്നാണ് ശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നത്. തയ്യാറെടുപ്പിന് ശാസ്ത്രങ്ങൾ എന്തുകൊണ്ടാണ് ഇത്രയ്ക്കു പ്രാധാന്യം കല്പിക്കുന്നത്? കാരണമിതാണ്; ഈശ്വരനാമം നമുക്കായി ഉപദേശിച്ചുതരുന്ന പാവനനിമിഷം അമൂല്യമാണ്. പാവനമായ ആ നാമം ശ്രദ്ധയോടും ഭക്തിയോടുംകൂടി സ്വീകരിച്ച് ഹൃദയത്തിൽ സൂക്ഷിച്ച് മനസ്സിനെ ഏകാഗ്രമാക്കി നാം നമ്മിലേക്കുതന്നെ മുത്തുച്ചിപ്പിയെപ്പോലെ ആഴ്ന്നിറങ്ങി അതിനോട് ലയിച്ചുചേരുമ്പോൾ അമൂല്യമായ മുത്തു നമ്മിൽ പാകപ്പെട്ടുവരുന്നതാണ്. ഇതു പ്രത്യേകിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. ശ്രീരാമകൃഷ്ണപരമഹംസരുടെ ഉപദേശങ്ങളിൽനിന്നു നമുക്കിതു ലഭ്യവുമാണ്.

ക്ഷേത്രം തയ്യാറായിക്കഴിഞ്ഞാൽ ഈശ്വര നാമത്താൽ ആ വ്യക്തി ആകർഷിക്കപ്പെടുന്നു. മന്ത്ര ദീക്ഷ സ്വീകരിച്ചവരും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരും ഇക്കാര്യം ഓർക്കണം. അതുകൊണ്ടാണ് ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്, വ്യക്തി വിനയശീലനും സേവനതല്പരനും പരിശുദ്ധനും നിഷ്കളങ്കനും ആയിരിക്കണം എന്ന്.

മന്ത്ര ദീക്ഷയ്ക്കുമുമ്പ് നമ്മുടെ ഹൃദയം ശുദ്ധിതീകരിക്കണം. ബിംബപ്രതിഷ്ഠയ്ക്കുമുമ്പ് ക്ഷേത്രവും പരിസരവും വൃത്തിയാക്കണം. എന്നിട്ടുമാത്രമേ പ്രതിഷ്ഠാചടങ്ങുകളെപ്പറ്റി ചിന്തിക്കാനാവു. ജീവിതത്തിൽ ഈശ്വരപ്രതിഷ്ഠ നടത്തുകയാണ് മന്ത്രദീക്ഷകൊണ്ടു ചെയ്യുന്നത്. എല്ലാ തയ്യാറെടുപ്പും ഇതിനുവേണ്ടിമാത്രമാണ്. ഈ ഉപാധികളോടുകൂടിയല്ലാതെ അഥവാ ഇവയെ ഒന്നടങ്കം അവഗണിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിൽ ഈശ്വരപ്രതിഷ്ഠ നടത്താനാവില്ല. ഇത് എപ്പോഴും ഓർക്കണം.
Rajeev

No comments: