Friday, July 14, 2017

നീ ഒരു യോഗിയാകൂ അര്‍ജുനാ!

അദ്ധ്യായം18
”മുത്തച്ഛന്‍ ചൊല്ലിയ ദിനചര്യാ ശ്ലോകത്തില്‍ ആദ്യത്തെ രണ്ടു മൂന്നെണ്ണമേ ശാരീരികാരോഗ്യത്തെ സംബന്ധിക്കുന്നതായി തോന്നുന്നുള്ളുവല്ലോ. ബാക്കിയുള്ളവ മാനസിക ഗുണങ്ങളല്ലേ?”ഉണ്ണി ചോദിച്ചൂ.
”ഭേഷ്! നിന്റെ നിരീക്ഷണം നന്നായി.” മുത്തച്ഛന്‍ ഉണ്ണിയെ ശ്ലാഘിച്ചുകൊണ്ട് തുടര്‍ന്നു. ”ആത്മീയ വളര്‍ച്ചയ്ക്കു ഗീത പറയുന്നത് പോലെ ശാരീരികാരോഗ്യത്തിനു ആയുര്‍വേദം പറയുന്നതും മനസ്സിനെ നിയന്ത്രിക്കാനും സ്വഭാവഗുണം വളര്‍ത്താനുമാണ്. ശരീരത്തെ ഒരിടത്തു നിശ്ചലമാക്കി ഇരുത്താന്‍ നമുക്കുകഴിയും. ധ്യനത്തിന്റെ അടുത്തപടി അതാണല്ലോ? പക്ഷേ മനസ്സും ബുദ്ധിയും അങ്ങനെ ഇരിക്കില്ല.
പലവസ്തുക്കളിലേയ്ക്കും ആഗ്രഹങ്ങളിലേയ്ക്കും ഓടിപ്പോകും. അങ്ങനെ ഓടിപ്പോകുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തി എന്നിലേയ്ക്ക് ഏകാഗ്രമാക്കണമെന്ന് ഭഗവാന്‍ പറയുന്നു. ഒപ്പം ഞാന്‍ ആരാണെന്നും നാലു ശ്ലോകങ്ങളില്‍ ( 6-29മുതല്‍32)വ്യക്തമാക്കുന്നുണ്ട്.”
ഞാന്‍ സര്‍വ്വചരാചരങ്ങളിലും ഇരിക്കുന്നതായി കാണണം. അതും പോരാ..
ആത്മൗപമ്യേന സര്‍വ്വത്ര
സമം പശ്യതിയോര്‍ളജ്ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ 6-32
ഹേ, അര്‍ജുനാ! സകല ജീവജാലങ്ങളിലുമുണ്ടാവുന്ന സുഖമാവട്ടേ തനിക്ക് അനുഭവപ്പെടുന്നതുപോലെ ആര്‍ക്കു തോന്നുന്നുവോ അവന്‍ ഉത്തമനായ യോഗിയാണെന്നത്രേ എന്റെ അഭിപ്രായം എന്ന് ഭഗവാന്‍ വ്യക്തമാക്കി.
”അതായത് ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖമുണ്ടാകാന്‍ വേണ്ടിയാണ് ഒരാള്‍ ധ്യാനിക്കേണ്ടത്. എന്നു സാരം അല്ലേ? ”ഉണ്ണിചോദിച്ചു.
” അതെ. പക്ഷെ അര്‍ജ്ജുനന്് ഭഗവാന്‍ പറയുന്നത് വേണ്ടത്ര മനസ്സിലായില്ല. നീ നേരത്തെ ചോദിച്ചതു പോലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ മനസ്സിനെ എങ്ങനെ ശാന്തമാക്കി നിര്‍ത്തും കൃഷ്ണാ? എന്ന അടുത്തശ്ലോകത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചു.”
”അപ്പോള്‍ അര്‍ജ്ജുനനും ചേട്ടനും ഒരു പോലെയായല്ലോ? ”
ഉമ ചിരിച്ചു
”അതെ. അങ്ങനെ യാവണം നാം ഓരോരുത്തരും അര്‍ജ്ജുനനെപ്പോലെയാവണം. ആണായാലും പെണ്ണായാലും ശരി. പ്രതിന്ധികളില്‍ മനസ്സിനെ തളരാന്‍ വിടാതെ കര്‍മ്മോന്മുഖമാക്കുകതന്നെ വേണം. എങ്കിലും തളര്‍ന്നുപോയ അര്‍ജ്ജുനന്റെ വാക്കുകള്‍ ഇതായിരുന്നു.
ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്‌ക്കരം. 6-34
”മനസ്സ് സദാ ഇളകിക്കൊണ്ടിരിക്കുന്നതല്ലേ കൃഷ്ണാ? അതിനെ നിശ്ചലമാക്കുക എന്നത് കാറ്റിനെ കെട്ടിനിര്‍ത്തുക എന്നതുപോലെ അസാദ്ധ്യമാണല്ലോ എന്തുചെയ്യും. ? ”
”വളരെ ശരിയാണ്. അര്‍ജ്ജുനാ നീ പറയുന്നത് ഇളകുന്നമനസ്സിനെ അടക്കിനിര്‍ത്താന്‍ പ്രയാസമാണ്, പക്ഷേ നിരന്തരമായ അഭ്യാസം കൊണ്ട് ഒരാള്‍ക്ക് അതു സാധിക്കു”മെന്ന് ഭഗവാന്‍ മറുപടിനല്‍കി.
അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ 6-35
14,15: ”ഇങ്ങനെ പറഞ്ഞിട്ടും അര്‍ജ്ജുനന്ന് ബോദ്ധ്യം വരുന്നില്ല; സംശയങ്ങള്‍ നീങ്ങുന്നില്ല. എത്രയൊക്കെ പ്രയത്‌നം ചെയ്താലും പിഴവു പറ്റില്ലേ; മനസ്സ് പിടി വിട്ടു പോകില്ലേ? അപ്പോള്‍ ബ്രഹ്മ പ്രാപ്തിക്കു പകരം യോഗ ഭ്രഷ്ടനായി നാശത്തില്‍ വീഴുകയാവില്ലേ ഫലം.
എന്നീ ചോദ്യങ്ങള്‍ക്കൊപ്പം ഇത്രയും കൂടി അര്‍ജ്ജുനന്‍ പറഞ്ഞു:
ഏതന്മേ സംശയം കൃഷ്ണാ
ഛേത്തുമര്‍ഹസ്യശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ
ഛേത്താ ന ഹ്യുപപദ്യതേ 6-39
”അല്ലയോ കൃഷ്ണാ ഇതൊക്കെയാണ് എന്റെ സംശയങ്ങള്‍. ഈസംശയങ്ങളെ മുഴുവന്‍ ഇല്ലാതാക്കിത്തരുവാന്‍ എനിക്ക് അങ്ങല്ലാതെ ആശ്രയമില്ല. അങ്ങയ്ക്കല്ലാതെ അതു കഴിയുകയില്ല.”
”നാലാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ ഭഗവാന്‍ എന്താണ് പറഞ്ഞതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?” മുത്തച്ഛന്‍ ചോദിച്ചു.
”ഉണ്ട്, ജ്ഞാനമാകുന്നവാള്‍കൊണ്ട് സംശയങ്ങളല്ലാം അറുത്തുകളഞ്ഞ് യോഗമനുഷ്ഠിക്കൂ അര്‍ജ്ജുനാ എന്ന് ”
”എന്നിട്ടോ അഞ്ചാം അദ്ധ്യായവും ആറാം അദ്ധ്യായത്തിന്റെ പകുതിയും കഴിഞ്ഞപ്പോഴിതാ ‘പിന്നേം ശങ്കരന്‍ തെങ്ങേല്‍ത്തന്നെ’
എന്ന പഴഞ്ചൊല്ലു പോലെ അര്‍ജ്ജുനന്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു; സംശയഗ്രസ്ഥന്‍!
”പക്ഷേ, ഭഗവാന് അതില്‍ അല്‍പ്പംപോലും ദേഷ്യമോ വെറുപ്പോ തോന്നിയില്ല. യോഗത്തിനുവേണ്ടി പ്രയത്‌നിച്ചു എന്നതാണ് പ്രധാനം. ശുഭകര്‍മ്മങ്ങള്‍ചെയ്യുന്ന ഒരാളും ദുര്‍ഗ്ഗതിയെ പ്രാപിക്കുന്നില്ല. അര്‍ജ്ജുനാ (നഹി കല്ല്യാണകൃല്‍ കശ്ചിത്, ദുര്‍ഗ്ഗതിം താത ഗച്ഛതി-6.40)
എന്നു ഭഗവാന്‍ പറഞ്ഞു. വേറെചില ജന്മങ്ങള്‍ കൂടി വേണ്ടി വരുമെന്നേയുള്ളൂ അപ്പോഴൊക്കെ യോഗാനുഷ്ഠാനത്തിന് അനുകൂലമായ കുലത്തില്‍ ജനിക്കാനും ജ്ഞാനികളുമായി സംഗമിക്കാനും ഒടുവില്‍ മോക്ഷം നേടുവാനും അവന്‍ പ്രാപ്തനാവുകതന്നെ ചെയ്യും.
”തപസ്വികള്‍ ധാരാളമുണ്ട്. എന്നാല്‍ സര്‍വ്വന്തര്യാമിയായ, സകല ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന എന്നില്‍ മനസ്സുറപ്പിച്ചു യോഗം ചെയ്യുന്നവനാരോ, അവനാണ് ശ്രേഷ്ഠന്‍. അതിനാല്‍ നീ ഒരു യോഗി ശ്രേഷ്ഠനാകൂ അര്‍ജ്ജുനാ -”തസ്മാദ് യോഗി ഭവാര്‍ജുനാ-” (ശ്ലോകം 46,47)- എന്ന് പറഞ്ഞുകൊണ്ടത്രേ ഭഗവാന്‍ ആറാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. ”
”ഇപ്പോള്‍ മനസ്സിലാകുന്നുണ്ട് മുത്തച്ഛാ!”
”എന്ത്? മുത്തച്ഛന്‍ ചോദിച്ചു.
”ഭഗവദ് ഗീത യുദ്ധഗീതയല്ല. ,യോഗഗീതയാണ്. ശാന്തി ഗീതയാണ് എന്ന്. ഉണ്ണി പറഞ്ഞു.
”അത്രയും ഉറപ്പായല്ലോ ഉണ്ണിക്ക്. എനിക്കതില്‍ സന്തോഷമുണ്ട്. എന്റെ പ്രയത്‌നം ഒട്ടും പഴായില്ലല്ലോ? എന്നാല്‍ ഇനിയുമുണ്ട് പന്ത്രണ്ട് അദ്ധ്യായങ്ങളെന്ന് ഓര്‍ക്കണം. അവയില്‍ നിറയെ ജീവിതത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണെന്ന് നിങ്ങള്‍ ഇനിയും മനസ്സിലാക്കാന്‍ പോകുന്നേയുള്ളൂ. നമ്മുടെ പോക്കു വേഗത്തിലാകുന്നുണ്ടോ? അതോ പതുക്കെയാണോ? മുത്തച്ഛന്‍ ചോദിച്ചു.”പാകത്തിന് ! സമത്വം യോഗ ഉച്യതേ!”ഉണ്ണി ചിരിച്ചുകൊണ്ട് അതു പറഞ്ഞപ്പോള്‍ മുത്തച്ഛന്‍ പൊട്ടിച്ചിരിച്ചു. കാര്യം വേണ്ടത്ര പിടികിട്ടിയില്ലെങ്കിലും ഉമയും ആചിരിയില്‍ പങ്കുചേര്‍ന്നു.


ജന്മഭൂമി:

No comments: