Saturday, July 29, 2017

പരസ്പരം നോക്കിനില്‍ക്കുന്ന ഹിമവാന്റേയും വിന്ധ്യന്റേയും ഇടയിലുള്ള ഭൂമി യാഗങ്ങള്‍ക്ക് ഉചിതമായ പ്രദേശമാണ്. ഇവിടെയാണ് സഗരന്റെ യാഗം നടന്നത്. അശ്വമേധത്തിലെ അശ്വത്തിന്റെ ചുമതല മഹാരഥിയായ അംശുമാന് ആയിരുന്നു. ഒരു രാക്ഷസനായി വേഷപ്രച്ഛന്നനായി ഇന്ദ്രന്‍ അശ്വത്തെ കട്ടുകൊണ്ടുപോവുകയുണ്ടായി. അശ്വത്തെ കണ്ടുപിടിക്കണ്ടത് വളരെ അത്യാവശ്യമത്രേ. ഓരോ മകനും ഭൂമിയില്‍ ഒരുചതുരശ്രയോജനവീതം തെരച്ചില്‍ നടത്തേണം. കണ്ടുകിട്ടാതെ വന്നാല്‍ ഭൂമിക്കടിയിലേക്കും അന്വേഷണം വ്യാപിപ്പക്കണമെന്ന് സഗരന്‍ ആജ്ഞാപിക്കുകയും സഗരപുത്രന്മാര്‍ ഭൂമിയെ കുഴിച്ച് അനേകം ജീവജാലങ്ങളെ ഇല്ലാതെയാക്കുകയും ചെയ്തു.
ദേവന്മാരും ഗന്ധര്‍വന്മാരും ബ്രഹ്മാവിനെ സമീപിച്ച് ഈ ദുഃസ്ഥിതി അറിയിക്കുകയും അതിനുപരിഹാരം തേടുകയും ചെയ്തു. ഭൂഗര്‍ഭത്തിലെത്തിയ സഗരപുത്രന്മാര്‍ നാലുദിഗ്ഗജങ്ങളെക്കണ്ടു. അവരവിടെ കപിലനേയും മേയുന്ന അശ്വത്തെയും കണ്ടു. ഈയാള്‍ യാഗാശ്വത്തെ മോഷ്ടിച്ചുകൊണ്ട് ഇവിടെ വന്നിരിക്കയാണ് എന്ന് ആക്രോശിച്ചുകൊണ്ട് കപിലനെ ആക്രമിക്കാന്‍ തുനിഞ്ഞ സഗരപുത്രന്മാരെ അദ്ദഹം ഭസ്മമാക്കി.
അവരെയന്വേഷിച്ച് രസാതലത്തില്‍പ്പോയ അംശുമാന്‍ അശ്വവുമായി മടങ്ങിയെത്തുകയും സഗരപുത്രന്മാരുടെ അവസ്ഥ രാജാവിനോടു പറയുകയും ചെയ്തു. മരിച്ചവര്‍ക്ക് ജലം നല്‍കേണമെന്ന് അംശുമാന്‍ ആഗ്രഹിച്ചുവെങ്കിലും അവിടെ ജലം ലഭ്യമായിരുന്നില്ല. അവിടെക്കണ്ട ഗരുഡന്‍ അംശുമാനെ വേണ്ടപോലെ ഉപദേശിക്കുകയും നടന്നതൊക്ക പറയുകയും ചെയ്തു. ഇവര്‍ ശുദ്ധരാകേണ്ടത് ഗംഗാജലത്താലാണ്.
അംശുമാന്റെ കാലത്തും അദ്ദേഹത്തിന്റെ പുത്രനായ ദിലീപന്റെ കാലത്തും ഗംഗയെ ഭൂമിയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ദിലീപനാകട്ടെ രോഗത്താല്‍ മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ ഭഗീരഥനാണ് ഗംഗയെ ഭൂമിയില്‍ എത്തിച്ചത്. ഭഗീരഥന്റെ തപസ്സില്‍ പ്രീതനായ ശിവന്‍ സ്വര്‍ഗ്ഗലോകത്തില്‍ നിന്നും ഭൂമിയിലേക്കു പതിക്കുന്ന ഗംഗയെ തന്റെ ജടയില്‍ സ്വീകരിക്കുവാന്‍ സമ്മതിച്ചു. അവിടെനിന്നും ഗംഗയെ ബിന്ദുസരോവരത്തിലേക്കൊഴുക്കി. അവിടെയേഴായി പിരിഞ്ഞ ഗംഗ ഭഗീരഥനോടൊപ്പം രസാതലത്തിലെത്തി.
ആ ഒഴുക്കിനിടയില്‍ ഗംഗ ജഹ്നു ഋഷിയുടെ യജ്ഞസ്ഥലത്തെ മുക്കിക്കളഞ്ഞു. ഗംഗയുടെ അഹന്തയില്‍ കൃദ്ധനായ ഋഷി തന്റെ യോഗശക്തിയാല്‍ ഗംഗയെ കുടിച്ച് ഇല്ലാതെയാക്കി. ദേവന്മാരുടേയും മറ്റും പ്രാര്‍ത്ഥനയാല്‍ സംതൃപ്തനായ ഋഷി ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേയ്‌ക്കൊഴുക്കുവാന്‍ സമ്മതിച്ചു. ഇങ്ങനെയാണ് ഗംഗ ജാഹ്നവിയായത്. രസാതലത്തിലെത്തിയ ഗംഗ സഗരപുത്രന്മാരുടെ ഭസ്മത്തെ തന്റെ ജലത്തില്‍മുക്കി ശുദ്ധരാക്കി അവരെ സ്വര്‍ഗ്ഗലോകത്തേക്കയക്കുകയുണ്ടായി.


ജന്മഭൂമി: http://www.janmabhumidaily.com/news679069#ixzz4oHaDgFl9

No comments: