Sunday, July 30, 2017

സുമന്ത്രരുടെ ഉപദേശം ദശരഥ മഹാരാജാവ് വസിഷ്ഠാദികളുമായി കൂടിയാലോചിച്ചു. ദശരഥ നിര്‍ദ്ദേശമനുസരിച്ച് അശ്വമേധ യാഗത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു. ദശരഥ മഹാരാജാവ് നേരിട്ട് അംഗരാജ്യത്തിലെത്തി ഋശ്യ ശൃംഗനെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയോടെ തന്നെ അംഗരാജന്‍ ഋശ്യ ശൃംഗനെ ദശരഥന്റെ കൂടെ അയച്ചു.
ദേശ വിദേശങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ യജ്ഞ കര്‍മങ്ങളാരംഭിച്ചു. യജ്ഞ ബ്രഹ്മനായി വസിഷ്ഠമഹര്‍ഷി ചുമതലയേറ്റു. ദശരഥ മഹാരാജാവ് പത്‌നീസമേതനായി യജ്ഞദീക്ഷ സ്വീകരിച്ചു.
ഋശ്യ ശൃംഗാദികള്‍ ഇന്ദ്രാദി ദേവകളെ ആവാഹിച്ചിരുത്തി. കല്‍പ സൂത്രത്തില്‍ വിധിച്ചിട്ടുള്ളതുപോലെ മൂന്നു ദിവസമായി അശ്വമേധ യജ്ഞം നടത്തി. ഒന്നാം ദിവസം ചതുഷ്ടോമം, രണ്ടാം നാള്‍ ഉക്ഥ്യം, മൂന്നാം നാള്‍ അതിരാത്രം. അതിരാത്രത്തിലാണ് ജ്യോതിഷ്ടോമവും ആയുസും. തുടര്‍ന്ന് അഭിജിത്തും വിശ്വജിത്തും.
യജ്ഞ ദക്ഷിണയായി ദശരഥ മഹാരാജാവ് അയോധ്യയുടെ കിഴക്കു വശം ഹോതാവിനും തെക്ക് ബ്രഹ്മനും പടിഞ്ഞാറ് അധ്വരുവിനും വടക്ക് ഉദ്ഗാതാവിനും നല്‍കി. പണ്ട് ബ്രഹ്മാവ് നിശ്ചയിച്ചുറപ്പിച്ച ദക്ഷിണയാണത്. എന്നാല്‍ ഭൂമി സംരക്ഷണത്തിന്റെ ചുമതല ദശരഥ മഹാരാജാവിനെത്തന്നെ ഏല്‍പ്പിച്ച് സ്വര്‍ണാദികള്‍ മാത്രം അവര്‍ ദക്ഷിണയായി ഏറ്റുവാങ്ങി.
രഘുവംശ രത്‌നങ്ങളായ നാലു പുത്രന്മാരുണ്ടാകുമെന്ന് ഋശ്യ ശൃംഗാദികള്‍ അനുഗ്രഹിച്ചു.

No comments: