Sunday, July 30, 2017

അന്യോനാശ്രയത്വമിത്യന്യേ
ഭക്തിജ്ഞാന വൈരാഗികള്‍ പരസ്പര ആശ്രിതത്വത്തിലാണ് പൂര്‍ണത പ്രാപിക്കുന്നതെന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.
വൈരാഗ്യമോ ഭക്തിയോ ഉണ്ടാകുമ്പോള്‍ ജ്ഞാനവും ഉണ്ടാകുമെന്നാണവരുടെ അഭിപ്രായം. വൈരാഗ്യത്തിലൂടെ ഭഗവത് സത്യത്തിലുള്ള അറിവ് ഉറക്കുമ്പോള്‍ അതു ഭക്തിയായി മാറും. ഭഗവത് സത്യത്തെ അറിയുമ്പോള്‍ അതുമാത്രമേ സത്യമുള്ളൂ എന്ന് മനസ്സിലാക്കുകയും അതുവഴി ഭക്തി ഉറയ്ക്കുകയും ചെയ്യും. ഭഗവത് ചൈതന്യമില്ലാത്തതൊന്നുമില്ലെന്നറിയുമ്പോള്‍തന്നെ മായ അസത്താണെന്നു തിരിച്ചറിഞ്ഞ് അതില്‍ വൈരാഗ്യവും ഉടലെടുക്കും.
”കണ്ടതൊന്നുമേ സത്യമല്ലെന്നതു മുന്‍പേ കണ്ടിട്ടറിയുന്നതിനു ചിലര്‍”- എന്ന് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതുപോലെ അവര്‍ അസത്തിനെ തിരിച്ചറിഞ്ഞ് വൈരാഗ്യത്തിലെത്തും. അസത്തിനെ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞു എന്നു പറഞ്ഞാല്‍ അവര്‍ സത്യത്തിനെ തിരിച്ചറിഞ്ഞു എന്നുവേണം മനസിലാക്കാന്‍. അസത് ഇല്ലാത്തതാണല്ലോ. അതിനെ കണ്ടുപിടിക്കാനാവില്ലല്ലോ. സത് എല്ലായ്‌പ്പോഴും സത്യമായതിനാല്‍ അതിനെ വേര്‍പിരിച്ചെടുക്കാനുമാകില്ല.
ഗോപികമാരുടെ ഭക്തിജ്ഞാനത്തിലേക്ക് അവരെ നയിക്കുന്നതായി നാം ഭാഗവതത്തില്‍ കാണുന്നു. ബൃഹസ്പതി ശിഷ്യനും ബുദ്ധിസത്തമനും ശ്രീകൃഷ്ണ ഭഗവാന്റെ മന്ത്രിയുമായ ഉദ്ധവര്‍ ഗോപികാമധ്യത്തിലെത്തിയപ്പോള്‍ ഭഗവത് സത്യത്തെക്കുറിച്ച് അവര്‍ ഭക്തിപൂര്‍വ്വം വിവരിക്കുന്നതു കേട്ട് ഉദ്ധവര്‍ അറിയാതെതന്നെ അവരെ നമസ്‌ക്കരിച്ചുപോകുന്നു.
വ്രജസ്ത്രീകളുടെ പാദങ്ങളില്‍നിന്ന് വീണ മണ്‍തരികള്‍ പോലും നമസ്‌കാരാര്‍ഹങ്ങളാണെന്നു കണ്ട് നമസ്‌കരിക്കുന്ന ഉദ്ധവരെയാണ് അവിടെ കാണുന്നത്.
അതായത് അവരുടെ ഭക്തിയിലൂടെ അവര്‍ ജ്ഞാനം കരസ്ഥമാക്കി ഉദ്ധവര്‍ക്കു വിവരിച്ചു കൊടുക്കാന്‍ പാകത്തിന് വളര്‍ന്നു.
മഹാജ്ഞാനിയായ ഉദ്ധവരാകട്ടെ ഭഗവത്ദാസികളേയും അവരുടെ പാദരേണുക്കളേയും നമസ്‌ക്കരിക്കാന്‍ പാകത്തിന് ഭക്തനായി മാറുകയും ചെയ്തു.
ഇതൊക്കെ കണക്കിലെടുത്തായിരിക്കണം ഭക്തിജ്ഞാനാദികള്‍ പരസ്പരപൂരകങ്ങളാണെന്ന് മഹര്‍ഷിമാര്‍ അഭിപ്രായപ്പെട്ടത്.


ജന്മഭൂമി: http://www.janmabhumidaily.com/news679703#ixzz4oO6YG5NF

No comments: