Wednesday, July 26, 2017

ഭഗവാന്‍ ശ്രീപരമേശ്വരന്‍ പാര്‍വതീദേവിക്കു രാമകഥകള്‍ മാത്രമാണോ പറഞ്ഞു കൊടുത്തത്? ശ്രീരാമദേവതത്വമറിയാനല്ലേ ദേവി താല്‍പര്യം പ്രകടിപ്പിച്ചത്?
ശരിയാണ് രാമകഥകള്‍ ആദ്യമൊന്നു ചുരുക്കിപ്പറഞ്ഞ് രാമതത്വവും നല്‍കുകയാണ് ദേവന്‍ ചെയ്തത്. മാത്രമല്ല രാമതത്വം അറിയുന്നവര്‍ വേറെയും പലരുണ്ട്. നമ്മുടെ പുത്രന്‍ ഹനുമാന്‍ രാമതത്വം ശരിക്കറിഞ്ഞവനാണ്. രാവണനിഗ്രഹം കഴിഞ്ഞ് അയോധ്യയിലെത്തിയ രാമാദികള്‍ അഭിഷേകാനന്തരം എല്ലാവര്‍ക്കും സമ്മാനാദികള്‍ നല്‍കി.
എന്നിട്ട് ശ്രീരാമന്‍ സീതാദേവിയോടു ചോദിച്ചു. ദേവീ ഹനുമാനെ നീ കണ്ടില്ലേ.
‘സന്തതംപരമജ്ഞാനത്തെയൊഴിഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ നിര്‍മലനാത്മജ്ഞാനത്തിനിവന്‍ പാത്രമത്രേ’ അതുകൊണ്ട് ദേവി, ‘തന്മനോരഥത്തെ നീ നല്‍കണം മടിയാതെ’ എന്ന് ശ്രീരാമന്‍ അരുളിച്ചെയ്തതനുസരിച്ച് സീതാദേവി തന്നെ ഹനുമാന് രാമതത്വം പറഞ്ഞു കൊടുത്തു. അതായത് പരമജ്ഞാനം, ആത്മജ്ഞാനം, രാമതത്വം, ബ്രഹ്മജ്ഞാനം എല്ലാം ഒന്നുതന്നെ.
ഞാന്‍ സാക്ഷാല്‍ മൂലപ്രകൃതി തന്നെയാണ് എന്നും സീതാദേവി ഹനുമാന് വ്യക്തമാക്കിക്കൊടുത്തു. എന്നാല്‍ ശ്രീരാമ സാന്നിധ്യം കൊണ്ടു മാത്രമാണ് ഞാനിതെല്ലാം സൃഷ്ടിക്കുന്നത്.
തല്‍സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തല്‍സ്വരൂപത്തെയറിഞ്ഞവനേയറിയാവു
ഭഗവാന്‍ നിശ്ചലനും സര്‍വോപാധി നിര്‍മുക്തനും ജന്മനാശാദികളില്ലാത്തവനും സര്‍വകാരണവും സര്‍വവ്യാപിയും സര്‍വാധാരവും സര്‍വജ്ഞനും നിര്‍വികാരനുമാണ്. സൃഷ്ടി നടത്തുന്നത് ഭഗവാനല്ല. എന്നാല്‍ ഭഗവാന്റെ സാന്നിധ്യത്താല്‍, മൂലപ്രകൃതിയായ ഞാന്‍ ഇതൊക്കെ നിര്‍വഹിക്കുന്നത്.


ജന്മഭൂമി

No comments: